ഹോര്‍മുസ് കടലിടുക്കിലെ ആശങ്ക; എസ് ജയശങ്കറുമായി ചര്‍ച്ച നടത്തി ഒമാന്‍ വിദേശകാര്യ മന്ത്രി
മസ്‌കത്ത് ∙ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ര്‍ അല്‍ ബുസൈദിയും ഫോണിൽ ചർച്ച നടത്തി. പ്രാദേശിക സംഭവവികാസങ്ങള്‍, സമുദ്ര സുരക്ഷ, ഉഭയകക്ഷി സഹകരണം എന്നിവ ചര്‍ച്ച ചെയ്തു. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തെക്കുറിച്ച് വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയിലാണ് ചര്‍ച്ച നടന്നത്.
ഒമാനും ഇന്ത്യയും തമ്മിലുള്ള വിവിധ സഹകരണ മേഖലകള്‍ അവലോകനം ചെയ്യുകയും, ഹോര്‍മുസ് കടലിടുക്കിലെയും പരിസരത്തെയും കപ്പല്‍ ഗതാഗതത്തെ ബാധിക്കുന്ന തടസ്സങ്ങളുടെ പശ്ചാത്തലത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു. നയതന്ത്ര ശ്രമങ്ങള്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഇരു മന്ത്രിമാരും ഊന്നിപ്പറഞ്ഞു.