Select Location
All Locations
State
Region
City / District
ഇസ്രായേലിലെ ജനപ്രീതി 99 ശതമാനം; വേണമെങ്കിൽ അവിടുത്തെ പ്രധാനമന്ത്രിയായി മത്സരിക്കാമെന്ന് ട്രംപ്

ഇസ്രായേലിലെ ജനപ്രീതി 99 ശതമാനം; വേണമെങ്കിൽ അവിടുത്തെ പ്രധാനമന്ത്രിയായി മത്സരിക്കാമെന്ന് ട്രംപ്  

ഇപ്പോൾ തനിക്ക് ഇസ്രായേലിൽ 99 ശതമാനം പിന്തുണയുണ്ടെന്നും അമേരിക്കയിലെ കാലാവധി കഴിഞ്ഞാൽ ഒരുപക്ഷേ താൻ ഇസ്രായേലിലേക്ക് പോയി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചേക്കാമെന്നും ട്രംപ് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ തമാശ രൂപേണ പറഞ്ഞു

ഇസ്രായേലിൽ തനിക്ക് നിലവിൽ 99 ശതമാനം ജനപിന്തുണയുണ്ടെന്നും എന്നെങ്കിലും അവിടുത്തെ പ്രധാനമന്ത്രിയായി മത്സരിച്ചേക്കാമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇപ്പോൾ തനിക്ക് ഇസ്രായേലിൽ 99 ശതമാനം പിന്തുണയുണ്ടെന്നും അമേരിക്കയിലെ കാലാവധി കഴിഞ്ഞാൽ ഒരുപക്ഷേ താൻ ഇസ്രായേലിലേക്ക് പോയി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചേക്കാമെന്നും ട്രംപ് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ തമാശ രൂപേണ പറഞ്ഞു.പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും ഇസ്രായേലിനുള്ളിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും ട്രംപിന്റെ ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വളരെ നല്ലൊരു മനുഷ്യനാണെന്നും പ്രധാനപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം വാഷിംഗ്ടണുമായി ചേർന്ന് പ്രവർത്തിക്കുമെന്നും താൻ ആവശ്യപ്പെടുന്നതെന്തും അദ്ദേഹം ചെയ്യുമെന്നും ട്രംപ് അവകാശപ്പെട്ടു. തമാശ കലർന്ന രീതിയിലാണ് ട്രംപ് ഇത് പറഞ്ഞതെങ്കിലും, ഇസ്രായേലുമായുള്ള തന്റെ ദീർഘകാലത്തെ അടുത്ത ബന്ധത്തെയും ഇസ്രായേൽ ജനതയ്ക്കിടയിൽ തനിക്കുള്ള സ്വാധീനത്തെയും വ്യക്തമാക്കുന്നതായിരുന്നു ഈ വാക്കുകൾ.

തന്റെ മുൻ ഭരണകാലത്ത് ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുക, യു.എസ് എംബസി അങ്ങോട്ട് മാറ്റുക, അബ്രഹാം ഉടമ്പടികളെ പിന്തുണയ്ക്കുക തുടങ്ങി നിരവധി ഇസ്രായേൽ അനുകൂല തീരുമാനങ്ങൾ ട്രംപ് കൈക്കൊണ്ടിരുന്നു. കൺസർവേറ്റീവ് ചിന്താഗതിക്കാരായ ഇസ്രായേലികളുടെ പിന്തുണയുള്ളതിനാൽ തനിക്ക് ഇസ്രായേൽ പ്രധാനമന്ത്രിയാകാൻ എളുപ്പമാണെന്ന് ട്രംപ് മുൻപും സമാനമായ രീതിയിൽ അവകാശപ്പെട്ടിട്ടുണ്ട്.

നെതന്യാഹു രാഷ്ട്രീയമായി വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണ് ട്രംപിന്റെ ഈ പരാമർശങ്ങൾ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. തീവ്ര യാഥാസ്ഥിതിക വിഭാഗത്തിൽപ്പെട്ട ജൂതന്മാർക്ക് നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന്, പാർലമെന്റ് പിരിച്ചുവിടാനും പുതിയ തിരഞ്ഞെടുപ്പ് നടത്താനുമുള്ള നീക്കങ്ങളെ ഒരു തീവ്ര യാഥാസ്ഥിതിക പാർട്ടി പിന്തുണച്ചതോടെ നെതന്യാഹുവിന്റെ സഖ്യസർക്കാർ വലിയ സമ്മർദ്ദത്തിലാണ്. പാർലമെന്റിലെ അടുത്ത വോട്ടെടുപ്പുകളിലും ഈ ബിൽ പാസാകുകയാണെങ്കിൽ, സെപ്റ്റംബറോടെ ഇസ്രായേൽ വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയേക്കും.

അതിനിടെ, ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് അടുത്തതായി സ്വീകരിക്കേണ്ട നടപടികളെച്ചൊല്ലി ട്രംപും നെതന്യാഹുവും തമ്മിൽ ഫോണിൽ നടത്തിയ ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ കടുത്ത വിയോജിപ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഇറാനെതിരെ വീണ്ടും വ്യോമാക്രമണം ആരംഭിക്കണമെന്നാണ് നെതന്യാഹു ആഗ്രഹിച്ചതെങ്കിൽ, സൈനിക നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് നയതന്ത്ര ചർച്ചകൾക്കും സമാധാന ശ്രമങ്ങൾക്കും കൂടുതൽ സമയം നൽകണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്.


News18Kerala 1 hour ago
Home Flash News