Select Location
All Locations
State
Region
City / District
ലോകത്തിലെ മികച്ച 3 ബാങ്കുകള്‍ കേരളത്തില്‍; രണ്ടിലും എക്‌സ് ഫാക്ടര്‍ യൂസഫലി!

ലോകത്തിലെ മികച്ച 3 ബാങ്കുകള്‍ കേരളത്തില്‍; രണ്ടിലും എക്‌സ് ഫാക്ടര്‍ യൂസഫലി!

ആഗോള മാസികയായ ഫോബ്‌സ് പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ കേരളം ആസ്ഥാനനമായുള്ള മൂന്ന് ബാങ്കുകളും. കേരളം ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് (Federal Bank), ധനലക്ഷ്മി ബാങ്ക് (Dhanlakshmi Bank), കേരള ഗ്രാമീണ്‍ ബാങ്ക് (Kerala Grameen Bank) എന്നിവയാണ് ഫോബ്‌സ് പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

ഈ മൂന്ന് ബാങ്കുകളും ഇന്ത്യയിലെ ടോപ് 20 യില്‍ ഇടം നേടി എന്നതും ശ്രദ്ധേയമാണ്. ഫെഡറല്‍ ബാങ്ക് 7-ാം സ്ഥാനത്തും, ധനലക്ഷ്മി ബാങ്ക് 14-ാം സ്ഥാനത്തും, കേരള ബാങ്ക് 20-ാം സ്ഥാനത്തുമാണ്. ലോകത്തെ വിവിധ വിഭാഗങ്ങളിലായി 368 ബാങ്കുകളുടെ ലിസ്റ്റാണ് ഫോബ്‌സ് പുറത്തുവിട്ടത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള 22 ബാങ്കുകളുണ്ട്. ഇന്ത്യന്‍ റാങ്കിംഗില്‍ എച്ച് ഡി എഫ് സി ബാങ്കാണ് ഒന്നാമത്.

രണ്ടാം സ്ഥാനത്തുള്ളത് ഐ സി ഐ സി ഐ ബാങ്കാണ്. അതേസമയം കേരളത്തില്‍ നിന്ന് പട്ടികയില്‍ ഇടം പിടിച്ച മൂന്ന് ബാങ്കുകളില്‍ രണ്ടിലും ലുലു ഗ്രൂപ്പ് ചെയര്‍മാനും ശതകോടീശ്വരനുമായ എം എ യൂസഫലിയ്ക്ക് നിക്ഷേപമുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവ എ എ യൂസഫലിയുടെ പോര്‍ട്‌ഫോളിയോ ഓഹരികളാണ്. ആലുവയാണ് ഫെഡറല്‍ ബാങ്കിന്റെ ആസ്ഥാനം.

ധനലക്ഷ്മി ബാങ്കിന്റെ ആസ്ഥാനം തൃശൂരാണ്. മലപ്പുറത്താണ് കേരള ഗ്രാമീണ്‍ ബാങ്കിന്റെ ആസ്ഥാനം. യൂസഫലിയുടെ 2026 മാര്‍ച്ച് പോര്‍ട്‌ഫോളിയോ ഓഹരികളാണ് ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവ. ഫെഡറല്‍ ബാങ്കിലാണ് യൂസഫലിയ്ക്ക് കൂടുതല്‍ ഓഹരികളുള്ളത്. ഫെഡറല്‍ ബാങ്കിന്റെ 76,570,640 ഓഹരികളാണ് എം എ യൂസഫലിയുടെ പോര്‍ട്‌ഫോളിയോയിലുള്ളത്.

ഇത് ബാങ്കിന്റെ മൊത്തം ഓഹരിയുടെ 3.14% പങ്കാളിത്തമാണ്. 2,178.4 കോടി രൂപയാണ് നിലവിലെ ഹോള്‍ഡിംഗ് മൂല്യം. അതേസമയം ധനലക്ഷ്മി ബാങ്കില്‍ താരതമ്യേന കുറവ് ഓഹരി പങ്കാളിത്തമെ അദ്ദേഹത്തിനുള്ളൂ. ധനലക്ഷ്മി ബാങ്കില്‍ 1 ശതമാനത്തില്‍ താഴെ ഓഹരി പങ്കാളിത്തമാണ് യൂസഫലിക്ക് ഉള്ളത്. എന്നാല്‍ ഓഹരികള്‍ എത്രയുണ്ടെന്നോ ഹോള്‍ഡിംഗ് മൂല്യം എത്രയാണ് എന്നോ വ്യക്തമല്ല.

1 ശതമാനത്തില്‍ താഴെയുള്ള ഹോള്‍ഡിംഗ് വിവരങ്ങള്‍ കമ്പനികള്‍ പബ്ലിക്കായി വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല എന്നാണ് ചട്ടം പറയുന്നത്. നിലവില്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില 285 രൂപയും, ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വില 33.12 രൂപയുമാണ്. കേരളത്തിലെ മറ്റ് ബാങ്കുകളിലും അദ്ദേഹത്തിന് ഓഹരിയുണ്ട്. അടുത്തിടെ കേന്ദ്രം ബജറ്റ് പോര്‍ട്ട്ഫോളിയോ നിക്ഷേപ പദ്ധതി പ്രകാരം എന്‍ആര്‍ഐകള്‍ ഉള്‍പ്പെടെയുള്ള വിദേശ നിക്ഷേപകരുടെ വ്യക്തിഗത നിക്ഷേപ പരിധി 5% ല്‍ നിന്ന് 10% ആയി ഇരട്ടിയാക്കിയിരുന്നു എന്നാല്‍ യൂസഫലി തന്റെ സ്ഥാനങ്ങള്‍ സ്ഥിരമായി നിലനിര്‍ത്തി. ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, എന്നിവയ്ക്ക് പുറമെ കേരളം ആസ്ഥാനമായുള്ള ബാങ്കുകളായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇഎസ്എഎഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, സിഎസ്ബി ബാങ്ക് എന്നിവിടങ്ങളിലെ അദ്ദേഹത്തിന്റെ സംയോജിത ഹോള്‍ഡിംഗ്‌സ് 2,951 കോടി രൂപയായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഇത് 2,043.5 കോടി രൂപയായിരുന്നു.


One India Malayalam 55 minutes ago
Home Flash News