‘ദേശീയ രാഷ്ട്രീയത്തിൽ താൽപര്യമില്ല’;ഹൈക്കമാൻഡിന്റെ രാജ്യസഭാ ഓഫർ നിരസിച്ച് സിദ്ധരാമയ്യ
താൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നില്ലെന്നും ദേശീയ രാഷ്ട്രീയത്തേക്കാൾ തന്റെ ശ്രദ്ധ കർണാടകത്തിൽ തന്നെയായിരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സിദ്ധരാമയ്യ. തന്നോട് രാജ്യസഭയിലേക്ക് പോകാൻന്റ് ഹൈക്കമാന്റ് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ താൻ അത് സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നുവെന്നും സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിലാണ് തനിക്ക് താൽപര്യമുള്ളതെന്നും ജനങ്ങൾ തന്നെ അഞ്ച് വർഷത്തേക്കാണ് തിരഞ്ഞെടുത്തതെന്നും ഇനിയും രണ്ട് വർഷം കൂടി ബാക്കിയുണ്ടെന്നും അതുകൊണ്ട് താൻ ഇവിടെത്തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടകത്തിലെ നേതൃമാറ്റത്തെത്തുടർന്ന് കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ ഡൽഹിയിലേക്ക് മാറ്റിയേക്കുമെന്ന ഊഹാപോഹങ്ങൾക്ക് വിരാമമിടുന്നതാണ് സിദ്ധരാമയ്യയുടെ വാക്കുകൾ. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് താൻ രാജിവെച്ചതെന്ന് വ്യക്തമാക്കിയ സിദ്ധരാമയ്യ, കർണാടക ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിന്റെ സ്പെഷ്യൽ സെക്രട്ടറി പ്രഭു ശങ്കറിന് രാജി സമർപ്പിച്ചു. സംസ്ഥാനത്തിന് പുറത്തുള്ള ഗവർണർ ഇന്ന് രാത്രിയോടെ തിരിച്ചെത്തും. ഗവർണർ സ്ഥലത്തില്ലാത്തതിനാലാണ് രാജി അദ്ദേഹത്തിന്റെ ഓഫീസിന് കൈമാറിയതെന്നും ഹൈക്കമാൻഡ് ആവശ്യപ്പെടുമ്പോൾ എപ്പോൾ വേണമെങ്കിലും സ്ഥാനം ഒഴിയാൻ താൻ തയ്യാറായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.
രാജി പ്രഖ്യാപന വേളയിൽ എഴുപതുകാരനായ സിദ്ധരാമയ്യ വൈകാരികമായാണ് സംസാരിച്ചത്. തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് ഓർത്തെടുത്ത അദ്ദേഹം, ഒരു ദിവസം താൻ ഈ സംസ്ഥാനത്തെ നയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് പറഞ്ഞു. മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവായ ഡി.കെ ശിവകുമാറിന് മുഖ്യമന്ത്രി പദവി കൈമാറിക്കൊണ്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്.
ഈയൊരു വലിയ അവസരം നൽകിയതിന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരോട് തന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നതായും സിദ്ധരാമയ്യ പറഞ്ഞു.