Select Location
All Locations
State
Region
City / District
യുഡിഎഫ് സർക്കാരിന്റേത് കേന്ദ്രത്തെ നോവിക്കാത്ത നയപ്രഖ്യാപനം; ഇ.ഡി. ഒരു രാഷ്ട്രീയ സീൻ ഉണ്ടാക്കി, ഈ രാഷ്ട്രീയമവർ പലയിടത്തും കളിച്ചതാണ്: ബിനോയ് വിശ്വം

യുഡിഎഫ് സർക്കാരിന്റേത് കേന്ദ്രത്തെ നോവിക്കാത്ത നയപ്രഖ്യാപനം; ഇ.ഡി. ഒരു രാഷ്ട്രീയ സീൻ ഉണ്ടാക്കി, ഈ രാഷ്ട്രീയമവർ പലയിടത്തും കളിച്ചതാണ്: ബിനോയ് വിശ്വം

യുഡിഎഫ് സ‌ർക്കാരിന്റെ നയപ്രഖ്യാപനത്തെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നയപ്രഖ്യാപനത്തിൽ കാര്യമായ നയം ഒന്നും ഉണ്ടായിരുന്നില്ലെന്നും ഉപരിപ്ലവകരമായ നയപ്രഖ്യാപനമാണ് ഗവർണറെ കൊണ്ട് സർക്കാർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയം നയ പ്രഖ്യാപനത്തിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കേന്ദ്ര സർക്കാരിന് സങ്കടമോ ദേഷ്യമോ ഉണ്ടാകുന്ന ഒന്നും ചെയ്യാതിരിക്കുക എന്നതാണ് അതെന്നും പരിഹസിച്ചു.

കേന്ദ്ര സർക്കാരിനെതിരെ ഒരു വാക്കു പോലും നയപ്രഖ്യാപനത്തിൽ പരാമർശമില്ല. കേന്ദ്രത്തെ തലോടിയും തൊട്ടും പോകാൻ ശ്രമിക്കുന്നതാണ് കണ്ടത്. മധുവിധുവിന്റെ ഭാഗമാണോ ഇതെന്ന് ചോദിച്ച അദ്ദേഹം കഴിഞ്ഞ 10 വർഷം കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ കേരളം കണ്ടതാണെന്നും പറ‍ഞ്ഞു. ഈ നയം മാറാതെ കേരളത്തിൽ ആരും ഭരിച്ചാലും അനുകൂലമായി ഒന്നും ഉണ്ടാകില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

എന്തെല്ലാമൊക്കെയോ ചെയ്യാൻ പോകുന്നു എന്ന പ്രതീതി ഉണ്ടാക്കിക്കൊണ്ടാണ് സർക്കാർ വന്നത്. പക്ഷേ അങ്ങനെ ഒന്നും തന്നെ പ്രഖ്യാപനത്തിൽ ഇല്ല. വാഗ്ദാനങ്ങൾ വാരിക്കോരി നൽകുകയാണ് പുതിയ സർക്കാർ. സംസ്ഥാനത്തിനും നാടിനും ജനങ്ങൾക്കും ഗുണപ്രദമായ നടപടികളും ഉണ്ടായാൽ ഇടതുപക്ഷം പിന്തുണയ്ക്കും. എന്നാൽ ജനദ്രോഹ നടപടികളിലേക്ക് സർക്കാർ കടന്നാൽ അതിനെ ചെറുത്തു തോൽപ്പിക്കാൻ ജനങ്ങളുടെ കൂടെ ഇടതുപക്ഷം ഉണ്ടാകും‌, നയപ്രഖ്യാപനത്തിലെ മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ നിരവധി ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

കെ എസ് ആർ ടി സി യിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് സ്ത്രീകളെ അനന്തമായി കാത്തിരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗജന്യ യാത്ര ഇനിയും വൈകാൻ പാടില്ലെന്നും സർക്കാർ കേന്ദ്ര സർക്കാറിനെതിരെ ഇപ്പോൾ പാലിക്കുന്ന മൗനം ഒരു നയം ആക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ നടന്ന ഇ.ഡി. റെയ്ഡിലും അദ്ദേഹം പ്രതികരിച്ചു. ഇ.ഡി. ഒരു രാഷ്ട്രീയ സീൻ ഉണ്ടാക്കി. ആ കേസിൽ ഒരുതരത്തിലും ബന്ധമില്ലാത്ത വ്യക്തിയാണ് പിണറായി വിജയൻ, ആ കേസിൽ കക്ഷി അല്ലാത്ത ഒരു വ്യക്തി. അങ്ങനെ ഒരു വ്യക്തിയെ എന്തിനാണ് മണിക്കൂറുകളോളം തടഞ്ഞ് റെയ്ഡ് നടത്തിയത്? അങ്ങനെ ഒരു പൊളിറ്റിക്കൽ ഷോ ഇ ഡി നടത്താൻ പാടില്ലായിരുന്നു. ഇ ഡി ഈ രാഷ്ട്രീയം പലയിടത്തും കളിച്ചതാണ്, ബിനോയ് വിശ്വം പറഞ്ഞു.

എൽഡിഎഫ് നിയമസഭാ കക്ഷി ഉപനേതാവ് പദവിയിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സിപിഐഎമ്മുമായി നിരന്തരം ഈ വിഷയത്തിൽ ബന്ധപ്പെടുന്നുണ്ടെന്നും അത് പരിഹരിക്കാനുള്ള രാഷ്ട്രീയ വ്യക്തത സിപിഐക്കും സിപിഐഎമ്മിനും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരിൽ സിപിഐ – സിപിഐഎം ഭിന്നത സൃഷ്ടിച്ചെടുക്കാൻ ആരും നോക്കേണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.


Kairali News 1 hour ago
Home Flash News