Select Location
All Locations
State
Region
City / District
മാർക്ക് നിർണ്ണയത്തിലെ പിഴവിനെ പ്രതിരോധിക്കാൻ സിബിഎസ്ഇ നീക്കം; പിന്നാലെ വിവാദം, ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മാർക്ക് നിർണ്ണയത്തിലെ പിഴവിനെ പ്രതിരോധിക്കാൻ സിബിഎസ്ഇ നീക്കം; പിന്നാലെ വിവാദം, ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസുകളിലെ പാളിച്ചകൾക്കും മാർക്ക് നിർണ്ണയത്തിലെ പിഴവുകൾക്കും പിന്നാലെ പുതിയ വിവാദം. തങ്ങളുടെ വിവാദപരമായ ഓൺ-സ്ക്രീൻ മാർക്കിംഗ് സിസ്‌റ്റത്തെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റുകളും വീഡിയോകളും പ്രചരിപ്പിക്കാൻ സ്‌കൂളുകൾക്കും പ്രിൻസിപ്പൽമാർക്കും ഒരു കമ്മ്യൂണിക്കേഷൻ ടൂൾകിറ്റ് നൽകി എന്നതാണ് ബോർഡിനെതിരെയുള്ള ആരോപണം.

ഈ 'ടൂൾകിറ്റ്' പ്രചോദിത വീഡിയോകൾ സിബിഎസ്ഇയുടെ നീക്കങ്ങൾക്ക് എതിരെ സംശയം ഉയർത്തുകയാണ്. വിദ്യാർത്ഥികളുടെ ആശങ്കകൾ സിബിഎസ്ഇ പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം. വിദ്യാർത്ഥികളിൽ നിന്നുള്ള വർധിച്ചുവരുന്ന എതിർപ്പുകൾക്കിടയിലാണ് ഈ പുതിയ വാർത്ത. ലക്ഷക്കണക്കിന് പേരുടെ പരീക്ഷാദുരിതം ഫലപ്രഖ്യാപനത്തോടെ അവസാനിക്കേണ്ടതായിരുന്നു, എന്നാൽ അത് ആശയക്കുഴപ്പങ്ങൾക്കും പരാതികൾക്കും വിവാദങ്ങൾക്കും വഴിമരുന്നിട്ടു.

സിബിഎസ്ഇയുടെ ഓൺ-സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിനെതിരെ വിദ്യാർത്ഥികൾ സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉയർത്തി. മങ്ങിയ ഉത്തരക്കടലാസുകൾ, കാണാതായ പേജുകൾ, തെറ്റിപ്പോയ സ്ക്രിപ്റ്റുകൾ, മാർക്കിംഗ് പിഴവുകൾ എന്നിവ പരാതികളിൽപ്പെടുന്നു. സുതാര്യത ലക്ഷ്യമിട്ട ഈ പരിഷ്‌കാരം വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽനിന്നും കടുത്ത വിമർശനം ഏറ്റുവാങ്ങി ബോർഡിന്റെ വലിയ വീഴ്‌ചകളിലൊന്നായി മാറി. മൂല്യനിർണ്ണയ പ്രക്രിയയിലും ബോർഡിന്റെ പ്രതികരണത്തിലുമുള്ള ചോദ്യങ്ങൾ വിവാദം മാർക്കുകളിൽനിന്നും മോഡറേഷനിൽനിന്നും ഉത്തരവാദിത്തത്തിന്റെയും വിശ്വാസത്തിന്റെയും വലിയ ചർച്ചകളിലേക്ക് വളർത്തി. തങ്ങളുടെ ഉത്തരക്കടലാസുകൾക്ക് എന്ത് സംഭവിച്ചുവെന്ന് ഇപ്പോഴും അറിയാത്ത വിദ്യാർത്ഥികൾക്ക് ഇത് സാങ്കേതിക തകരാറുകളേക്കാൾ വിശ്വാസത്തിന്റെ കൂടി പ്രശ്‌നമാണ്. ഏതൊരു സോഫ്റ്റ്‌വെയർ സംവിധാനത്തെക്കാളും ഈ വിശ്വാസം വീണ്ടെടുക്കാൻ പ്രയാസമായേക്കാം എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. നീറ്റ് പരീക്ഷയിലെ വീഴ്‌ചയെ കുറിച്ചുള്ള ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴാണ് സിബിഎസ്ഇക്കെതിരെയും ആരോപണം ശക്തമാവുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.


One India Malayalam 52 minutes ago
Home Flash News