സോഷ്യൽ മീഡിയയും ഇനി പ്രീമിയമാവും; മെറ്റയുടെ പുതിയ മാറ്റങ്ങൾ ഇങ്ങനെ
ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയിൽ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അവതരിപ്പിക്കുന്നു, പുതിയ മാറ്റവുമായി മെറ്റ. ഫേസ്‌ബുക്ക് പ്ലസ്, ഇൻസ്റ്റാഗ്രാം പ്ലസ്, വാട്ട്‌സ്ആപ്പ് പ്ലസ് എന്നിങ്ങനെ പ്രീമിയം പ്ലാനുകൾ വഴി വരിക്കാർക്ക് കൂടുതൽ പ്രത്യേക ഫീച്ചറുകൾ ലഭ്യമാകും.
ഫേസ്‌ബുക്ക് പ്ലസ്, ഇൻസ്റ്റാഗ്രാം പ്ലസ്, വാട്ട്‌സ്ആപ്പ് പ്ലസ് എന്നിവ പുറത്തിറക്കുന്ന കാര്യം മെറ്റയുടെ പ്രൊഡക്റ്റ് വിഭാഗം മേധാവി നവോമി ഗ്ലീറ്റാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചത്. മെറ്റ വൺ എന്ന പേരിൽ പുതിയ ഫീച്ചറുകളും സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളും പരീക്ഷിച്ചു വരികയാണ്. ഭാവിയിൽ കൂടുതൽ രസകരമായ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തുമെന്ന് അധികൃതർ ഉറപ്പുനൽകുന്നു. ക്രിയേറ്റർമാർക്കും ബിസിനസുകൾക്കുമായി പ്രൊഫഷണൽ പ്ലാനുകളും എഐ അധിഷ്ഠിത പ്ലാനുകളും മെറ്റ ഉടൻ അവതരിപ്പിക്കും.
പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ നിരക്ക് മെറ്റ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ടെക് ക്രഞ്ച് റിപ്പോർട്ട് പ്രകാരം, ഫേസ്‌ബുക്ക് പ്ലസ്, ഇൻസ്റ്റാഗ്രാം പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 350 രൂപയാണ് നിരക്ക്. വാട്ട്‌സ്ആപ്പ് പ്ലസിന് പ്രതിമാസം 270 രൂപയാണ് ഈടാക്കുന്നത്. പ്രൊഫൈൽ കസ്റ്റമൈസേഷൻ, സൂപ്പർ റിയാക്ഷനുകൾ, സ്റ്റോറി ഇൻസൈറ്റുകൾ തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ വരിക്കാർക്ക് ലഭ്യമാകും.
ഇൻസ്റ്റാഗ്രാം പ്ലസ് വരിക്കാർക്ക് തങ്ങളുടെ സ്റ്റോറി എത്രപേർ വീണ്ടും കണ്ടുവെന്ന് അറിയാൻ സാധിക്കും. ക്ലോസ് ഫ്രണ്ട്സ് ഓപ്ഷന് പുറമെ സ്റ്റോറികൾക്കായി പരിധിയില്ലാത്ത സുഹൃത്തുക്കളുടെ പട്ടികകൾ ഉണ്ടാക്കാനും ഇതിലൂടെ കഴിയും. കൂടാതെ, പെയ്ഡ് ഉപയോക്താക്കൾക്ക് ആഴ്ചയിലൊരിക്കൽ ഒരു സ്റ്റോറി സ്പോട്ട്‌ലൈറ്റ് ചെയ്ത് കൂടുതൽ ആളുകളിലെത്തിക്കാൻ സാധിക്കും. 24 മണിക്കൂറിന് ശേഷവും സ്റ്റോറി നിലനിർത്തുക, കാണുന്നയാളുടെ പേര് വെളിപ്പെടാതെ സ്റ്റോറി പ്രിവ്യൂ ചെയ്യുക, സ്റ്റോറി കണ്ടവരുടെ പട്ടികയിൽ സെർച്ച് ചെയ്യുക തുടങ്ങിയ സൗകര്യങ്ങളും ലഭിച്ചേക്കാം. ഫോളോവേഴ്സിന്റെ ഫീഡിൽ കാണിക്കാതെ തന്നെ പോസ്റ്റുകൾ നേരിട്ട് പ്രൊഫൈലിലും ഹൈലൈറ്റുകളിലും ഷെയർ ചെയ്യാനും ഉപയോക്താക്കൾക്ക് കഴിയും.
ഇതിനൊപ്പം സ്റ്റോറികൾക്കായി സൂപ്പർ ഹാർട്ട് ആനിമേറ്റഡ് റിയാക്ഷനുകൾ, കസ്റ്റം ആപ്പ് ഐക്കണുകൾ, പ്രൊഫൈൽ ബയോയിൽ ഉപയോഗിക്കാവുന്ന വ്യത്യസ്ത ഫോണ്ടുകൾ, കൂടുതൽ പിൻ സൗകര്യങ്ങൾ എന്നിവയും പെയ്ഡ് വരിക്കാർക്ക് ലഭിക്കും. ഇൻസ്റ്റാഗ്രാം പ്ലസിന് സമാനമായ ഫീച്ചറുകൾ ഫേസ്‌ബുക്ക് പ്ലസിലും ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ ആപ്പ് തീമുകൾ, കസ്റ്റം റിംഗ്‌ടോണുകൾ, കൂടുതൽ പിൻ ചെയ്ത ചാറ്റുകൾ, ലിസ്റ്റ് കസ്റ്റമൈസേഷൻ, പ്രീമിയം സ്റ്റിക്കറുകൾ തുടങ്ങിയവയാണ് വാട്ട്‌സ്ആപ്പ് പ്ലസിലൂടെ ലഭ്യമാകുന്നത്. മെറ്റയുടെ സേവനങ്ങളിൽ ക്രിയേറ്റർമാരുടെ ഐഡന്റിറ്റി സുരക്ഷിതമാക്കാൻ സഹായിക്കുന്ന മെറ്റ വെരിഫൈഡ് (Meta Verified) ഈ പുതിയ പ്ലാനുകൾ കൊണ്ട് ബാധിക്കില്ല.