ബിജെപി നേതാവ് അണ്ണാമലൈ ജൂൺ 3ന് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന
തമിഴ്‌നാട് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിട്ട് പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സൂചന.ബിജെപി വിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ജൂൺ 3-ന് അദ്ദേഹം വിളിച്ചുചേർക്കുന്ന വാർത്താസമ്മേളനത്തിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് ഈ ആഴ്ച ഏറെ നിർണായകമാണ്. നേരത്തെ തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് അണ്ണാമലൈയെ മാറ്റി നൈനാർ നാഗേന്ദ്രനെ നിയമിച്ചിരുന്നെങ്കിലും, അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും ഒരു സീറ്റിൽ മാത്രം വിജയിച്ച് പാർട്ടി വലിയ തിരിച്ചടിയാണ് നേരിട്ടത്. അണ്ണാമലൈ ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ അദ്ദേഹത്തിന്റെ അനുയായികൾ സോഷ്യൽ മീഡിയയിലൂടെ പുതിയ പാർട്ടിയുടെ പേരുകളും പതാകയുടെ രൂപകൽപ്പനകളും പങ്കുവെക്കാൻ തുടങ്ങിയിട്ടുണ്ട്. സിബിഎസ്ഇ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി കൊണ്ടുവന്ന ത്രിഭാഷാ ഫോർമുല കുട്ടികളിലും രക്ഷിതാക്കളിലും അനാവശ്യമായ മാനസിക സമ്മർദ്ദം ഉണ്ടാക്കുമെന്ന് പറഞ്ഞ് അണ്ണാമലൈ പരസ്യമായി വിമർശിച്ചതും ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
കൂടാതെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയുമായി വീണ്ടും സഖ്യമുണ്ടാക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിൽ അണ്ണാമലൈ അതൃപ്തനായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും പിന്നീട് പാർട്ടി നിലപാടിനൊപ്പം നിന്ന് എൻഡിഎ സഖ്യത്തിനായി അദ്ദേഹം ശക്തമായി പ്രചാരണം നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ വിജയ് നയിക്കുന്ന ടിവികെ (തമിഴക വെട്രി കഴകം) സർക്കാരിന്റെ ശക്തനായ വിമർശകൻ കൂടിയാണ് അദ്ദേഹം. അതേസമയം, അണ്ണാമലൈ പാർട്ടി വിടുമെന്ന വാർത്തകളെ തമിഴ്‌നാട്ടിലെ ഒരു മുതിർന്ന ബിജെപി നേതാവ് തള്ളിക്കളഞ്ഞു. അദ്ദേഹം ബിജെപി വിടുന്നതിനെക്കുറിച്ചോ പുതിയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചോ തങ്ങൾക്ക് യാതൊരു വിവരവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായി 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു. അണ്ണാമലൈയ്ക്ക് ദേശീയതലത്തിൽ പുതിയ പദവികൾ നൽകിയേക്കുമെന്നും ചില സൂചനകളുണ്ട്.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ എൽ. മുരുഗന് ശേഷമാണ് 2021 മുതൽ 2025 വരെ തമിഴ്‌നാട് ബിജെപിയെ നയിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ അമിതമായ മാധ്യമ ഇടപെടലുകളും സി.എൻ. അണ്ണാദുരൈ, ജെ. ജയലളിത എന്നിവർക്കെതിരെയുള്ള വിവാദ പരാമർശങ്ങളും അണ്ണാ ഡിഎംകെയെ ചൊടിപ്പിച്ചു. ഇത് സഖ്യം തകരുന്നതിനും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികൾക്കും വലിയ തിരിച്ചടി നേരിടുന്നതിനും കാരണമായി. തുടർന്ന് സഖ്യം പുതുക്കുന്നതിനായി ബിജെപി നേതൃത്വത്തിൽ മാറ്റം വേണമെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ആവശ്യപ്പെടുകയായിരുന്നു.