ഡികെ ശിവകുമാർ മന്ത്രിസഭയിൽ കൂടുതൽ ഉപമുഖ്യമന്ത്രിമാർ? ആവശ്യവുമായി ലിംഗായത്ത്, ദളിത് വിഭാഗങ്ങൾ
ബെംഗളൂരു: കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ അധികാരമേൽക്കാനിരിക്കെ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനങ്ങളെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നു. അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി വിവിധ സമുദായങ്ങക്ൾ രംഗത്തെത്തിയിട്ടുണ്ട്. ലിംഗായത്ത്, ദളിത് വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളെ ഉപമുഖ്യമന്ത്രിമാരായി പരിഗണിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ ഡികെ. ശിവകുമാർ മാത്രമായിരുന്നു ഉപമുഖ്യമന്ത്രി. എന്നാൽ പുതിയ മന്ത്രിസഭയിൽ വിവിധ ജാതി-സമുദായ സമവാക്യങ്ങൾ പരിഗണിച്ച് ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നാണ് വിവിധ വിഭാഗങ്ങളുടെ ആവശ്യം.
ലിംഗായത്ത് സമുദായത്തിലെ മഠാധിപതിമാർ വനം മന്ത്രി ഈശ്വർ ഖണ്ഡ്രെയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുണ്ട്. ബീദർ സ്വദേശിയായ ഖണ്ഡ്രെ, ലിംഗായത്ത് സമുദായത്തിന്റെ പ്രധാന സംഘടനയായ അഖില ഭാരത വീരശൈവ മഹാസഭയുടെ പ്രസിഡന്റാണ്. അദ്ദേഹത്തിന്റെ മകൻ സാഗർ ഖണ്ഡ്രെ നിലവിൽ ബീദർ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ്. അതേസമയം ഉപമുഖ്യമന്ത്രി ചർച്ചകളിൽ ഈശ്വർ ഖണ്ഡ്രെ പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലിംഗായത്ത് സമുദായം കോൺഗ്രസിനെ ശക്തമായി പിന്തുണച്ചിരുന്നുവെന്നും അതിന്റെ ഫലമായാണ് സമുദായത്തിൽ നിന്ന് 36 എംഎൽഎമാർ വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ലിംഗായത്ത് വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഖണ്ഡ്രെ വ്യക്തമാക്കി. അതേസമയം ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവും നിലവിലെ ആഭ്യന്തര മന്ത്രിയുമായ ജി പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുയായികൾ ഈ ആവശ്യം ഉന്നയിച്ച് പ്രകടനം നടത്തി. മുൻപ് രണ്ടുതവണ മുഖ്യമന്ത്രി പദം നഷ്ടമായ പരമേശ്വരയ്ക്ക് ഇത്തവണ ഉപമുഖ്യമന്ത്രി പദമെങ്കിലും നൽകണമെന്നാണ് അനുയായികളുടെ വാദം.
2018-19 കാലഘട്ടത്തിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ അധികാരത്തിലിരുന്നപ്പോൾ പരമേശ്വര ഉപമുഖ്യമന്ത്രിയായി പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണപരിചയവും പാർട്ടിക്കുള്ളിലെ മുതിർന്ന നേതൃസ്ഥാനവും പരിഗണിച്ച് വീണ്ടും ആ പദവിയിലേക്ക് പരിഗണിക്കണമെന്നാണ് അനുയായികൾ ആവശ്യപ്പെടുന്നത്. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പയുടെ അനുയായികളും സമാന ആവശ്യവുമായി രംഗത്തുണ്ട്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ബെംഗളൂരുവിലെത്തിയ എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലിനും രൺദീപ് സിങ് സുർജേവാലയ്ക്കും ഇവർ നിവേദനം സമർപ്പിച്ചു. വിമാനത്താവളത്തിൽ വെച്ചായിരുന്നു നേതാക്കളെ നേരിൽ കണ്ടത്. ഇതിനിടെ വിവിധ ജാതി-സമുദായ സമവാക്യങ്ങൾ മുൻനിർത്തി മറ്റ് പല നേതാക്കളുടെയും പേരുകൾ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ യാതൊരു അന്തിമ തീരുമാനവും എടുത്തിട്ടില്ലെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.
കൂടുതൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക നിർദേശം ലഭിച്ചിട്ടില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അറിയിച്ചു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മന്ത്രിസഭാ പുനഃസംഘടനയും പുതിയ മന്ത്രിമാരുടെ പട്ടികയും സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായതോടെ നിലവിലെ മന്ത്രിമാരും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന നേതാക്കളും ഡൽഹിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. തങ്ങളുടെ സ്ഥാനം ഉറപ്പാക്കുന്നതിനും ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുന്നതിനുമായി നിരവധി നേതാക്കൾ ഞായറാഴ്ച ഡൽഹിയിലേക്ക് യാത്ര തിരിച്ചു. പുതിയ മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ ആദ്യ പട്ടിക അന്തിമമാക്കുന്നതിനായി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും തിങ്കളാഴ്ച ഡൽഹിയിലെ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് സൂചന. മന്ത്രിസഭയുടെ രൂപീകരണവും വകുപ്പുവിഭജനവും സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഈ കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജൂൺ 3ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ആദ്യഘട്ടത്തിൽ 11 മന്ത്രിമാർ സ്ഥാനമേൽക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ശേഷിക്കുന്ന മന്ത്രിസ്ഥാനങ്ങളെക്കുറിച്ചുള്ള തീരുമാനം പിന്നീട് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവിധ സമുദായങ്ങളിൽ നിന്നുള്ള പ്രാതിനിധ്യാവശ്യങ്ങൾ ശക്തമായ സാഹചര്യത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനങ്ങളുടെ എണ്ണത്തിലും മന്ത്രിസഭയുടെ അന്തിമ രൂപത്തിലും കോൺഗ്രസ് നേതൃത്വം എന്ത് തീരുമാനം സ്വീകരിക്കുമെന്നതാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.