Select Location
All Locations
State
Region
City / District
തക്‌സിൻ ഷിനവത്രയ്‌ക്ക് രാജകീയ മാപ്പ്; ഔദ്യോഗികമായി പുറത്തുവിട്ടു

തക്‌സിൻ ഷിനവത്രയ്‌ക്ക് രാജകീയ മാപ്പ്; ഔദ്യോഗികമായി പുറത്തുവിട്ടു

ബാങ്കോക്ക്: തായ്‌ലൻഡ് മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്രയ്‌ക്ക് തായ് രാജാവ് മഹാ വജിരലോങ്കോൺ രാജകീയ മാപ്പ് അനുവദിച്ചു. സുതിദ രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച രാജകീയ വിജ്ഞാപന വിജ്ഞാപനത്തിലൂടെയാണ് 76കാരനായ തക്‌സിനെ പരോൾ കാലാവധി പൂർത്തിയാകുന്നതിന് മുമ്പായി എല്ലാ നിയമപരമായ ബാധ്യതകളിൽ നിന്നും പൂർണമായും മുക്തനാക്കിയത്. തക്‌സിൻ ഷിനവത്ര സ്വതന്ത്രനായ വിവരം നീതിന്യായ മന്ത്രി റുത്താഫോൺ നവാരത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട തക്‌സിൻ, എട്ട് മാസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ മേയ് 11നാണ് പരോളിലിറങ്ങിയത്. സെപ്റ്റംബർ ഒമ്പത് വരെയായിരുന്നു അദ്ദേഹത്തിന്റെ പരോൾ കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാൽ, പുതിയ രാജകീയ ഉത്തരവിലെ പ്രത്യേക ഇളവുകൾ പ്രകാരം ശിക്ഷാ കാലാവധി ഒരു വർഷത്തിൽ താഴെ മാത്രം ബാക്കിയുള്ള തടവുകാരെ പൂര്‍ണമായി മോചിപ്പിക്കാൻ വ്യവസ്ഥയുള്ളതിനാലാണ് തക്‌സിന് ആനുകൂല്യം ലഭിച്ചത്.

ഇതോടെ പരോൾ വ്യവസ്ഥകളുടെ ഭാഗമായി കാലിൽ ധരിച്ചിരുന്ന ഇലക്ട്രോണിക് മോണിറ്ററിങ് ബ്രേസ്‌ലെറ്റ് മാറ്റുന്നതടക്കമുള്ള നടപടികൾ ആരംഭിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. പ്രതിമാസം പ്രൊബേഷൻ ഓഫീസർക്ക് മുന്നിൽ ഹാജരാകണമെന്ന നിബന്ധനയും ഇല്ലാതായി. 2001 മുതൽ 2006 വരെ തായ്‌ലൻഡ് പ്രധാനമന്ത്രിയായിരുന്ന തക്‌സിൻ, സൈനിക അട്ടിമറിയെ തുടർന്ന് 15 വർഷത്തെ പ്രവാസത്തിലായിരുന്നു. 2023 ആഗസ്റ്റിൽ രാജ്യത്ത് തിരിച്ചെത്തിയ അദ്ദേഹത്തിന് ആദ്യം ലഭിച്ച എട്ട് വർഷത്തെ തടവ് രാജാവ് ഒരു വർഷമായി ചുരുക്കി നൽകുകയായിരുന്നു.


Janmabhumi 1 hour ago
Home Flash News