Select Location
All Locations
State
Region
City / District
കൊൽക്കത്തയിലെ 70 അടി ഉയരമുള്ള മെസ്സി പ്രതിമ നീക്കം ചെയ്തു; ബം​ഗാൾ മുൻ കായിക മന്ത്രിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും

കൊൽക്കത്തയിലെ 70 അടി ഉയരമുള്ള മെസ്സി പ്രതിമ നീക്കം ചെയ്തു; ബം​ഗാൾ മുൻ കായിക മന്ത്രിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും

കൊൽക്കത്ത: അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പശ്ചിമ ബംഗാളിൽ കത്തുന്നു. കഴിഞ്ഞ ദിവസം സുരക്ഷാ ഭീഷണിയെത്തുടർന്ന് മെസ്സിയുടെ 70 അടി ഉയരമുള്ള ഭീമൻ പ്രതിമ അധികൃതർ പൊളിച്ചുമാറ്റിയിരുന്നു. ഇതിന് പിന്നാലെ, മെസി വന്ന കഴിഞ്ഞ വർഷത്തെ പരിപാടിയിലെ അരാജകത്വവുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രി അരൂപ് ബിശ്വാസിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും.

മെസ്സിയുടെ പ്രശസ്തമായ GOAT ഇന്ത്യ പര്യടനത്തിന്റെ ഓർമ്മയ്ക്കായി ഫൈബർഗ്ലാസും ഇരുമ്പും ഉപയോഗിച്ച് നിർമ്മിച്ച ഭീമൻ പ്രതിമയാണ് പൊതുമരാമത്ത് വകുപ്പ് (PWD) അടിയന്തരമായി പൊളിച്ചുമാറ്റിയത്. ഇന്റർ മിയാമി താരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരുടെ സന്ദർശനത്തിന്റെ സ്മരണയ്ക്കായി വെറും 27 ദിവസങ്ങൾ കൊണ്ടാണ് തിരക്കേറിയ റോഡിനും സബ്‌വേയ്ക്കും സമീപം ഈ പ്രതിമ നിർമ്മിച്ചത്. എന്നാൽ, ശക്തമായ കാറ്റിൽ പ്രതിമ ആടുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർ നടത്തിയ പരിശോധനയിൽ നിർമ്മാണത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി. പ്രതിമ കാറ്റിൽ ഉലയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായും ഇത് പൊതുജനങ്ങൾക്ക് വലിയ അപകടമുണ്ടാക്കുമെന്നും പശ്ചിമ ബംഗാൾ നിയമസഭാംഗം ശരദ്വത് മുഖർജി സ്ഥിരീകരിച്ചു. കാൽനടയാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ മുൻനിർത്തി ബാരിക്കേഡുകൾ സ്ഥാപിച്ച ശേഷമാണ് ക്രെയിനുകൾ ഉപയോഗിച്ച് ഈ ആഴ്ച പ്രതിമ പൂർണ്ണമായും നീക്കം ചെയ്തത്. നിലവിൽ ഈ ഭാഗങ്ങൾ പിഡബ്ല്യുഡിയുടെ കസ്റ്റഡിയിലാണ്.

അതിനിടെ, 2025 ഡിസംബർ 13-ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മെസ്സിയുടെ പരിപാടിയിലെ സുരക്ഷാ വീഴ്ചയിലും കരിഞ്ചന്ത ടിക്കറ്റ് വിൽപനയിലും മുൻ കായിക മന്ത്രിയും ടിഎംസി നേതാവുമായ അരൂപ് ബിശ്വാസിനോട് ഇന്ന് (ജൂൺ 8) ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിധാൻനഗർ ദക്ഷിൺ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻപ് നൽകിയ നോട്ടീസിൽ അദ്ദേഹം ഹാജരാകാതിരുന്നതിനെ തുടർന്നാണ് പുതിയ സമൻസ്. പരിപാടിയുടെ സംഘാടകനായ ശതദ്രു ദത്ത നൽകിയ പരാതിയിലാണ് മുൻ മന്ത്രിക്കെതിരെ കേസ് എടുത്തിട്ടുള്ളത്. അരൂപ് ബിശ്വാസ് തന്റെ മന്ത്രിപദവി ദുരുപയോഗം ചെയ്ത് 22,000 സൗജന്യ ടിക്കറ്റുകളും പാസുകളും ഭീഷണിപ്പെടുത്തി വാങ്ങിയെന്നും, ഇവ പിന്നീട് കരിഞ്ചന്തയിൽ വിറ്റഴിച്ചതാണ് സ്റ്റേഡിയത്തിലെ അനിയന്ത്രിതമായ തിരക്കിനും സുരക്ഷാ ലംഘനത്തിനും കാരണമായതെന്നുമാണ് ആരോപണം. അമിത തിരക്ക് കാരണം പ്രീമിയം ടിക്കറ്റെടുത്ത ആരാധകർക്ക് പോലും മെസ്സിയെ കാണാൻ സാധിച്ചിരുന്നില്ല. സ്റ്റേഡിയത്തിൽ സംഘർഷം ഉടലെടുത്തതോടെ മെസ്സിക്ക് പരിപാടി പൂർത്തിയാക്കാതെ മടങ്ങേണ്ടി വരികയും തുടർന്ന് കാണികൾ സ്റ്റേഡിയം തല്ലിത്തകർക്കുകയുമായിരുന്നു. കരിഞ്ചന്ത ടിക്കറ്റ് വിൽപന, കൊള്ളയടിക്കൽ, വഞ്ചന, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ബിശ്വാസിനെതിരെ ചുമത്തിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയുടെ സഹോദരൻ സ്വരൂപ് ബിശ്വാസിനെ ജൂൺ 4-ന് കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പണം തട്ടാൻ ഭീഷണിപ്പെടുത്തിയെന്ന മറ്റൊരു കേസിലാണ് അറസ്റ്റെങ്കിലും, മെസ്സി ഇവന്റിലെ ടിക്കറ്റ് അഴിമതിയിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. പരിപാടിയുടെ പരാജയത്തെക്കുറിച്ചും ആസൂത്രണത്തിലെ പിഴവുകളെക്കുറിച്ചും ബിജെപി സർക്കാർ അന്വേഷിക്കുമെന്ന് ബംഗാൾ കായിക മന്ത്രി നിസിത് പ്രമാണിക് വ്യക്തമാക്കിയതോടെ സംഭവം വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്.


News18Kerala 1 hour ago
Home Flash News