Select Location
All Locations
State
Region
City / District
കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

ന്യൂദല്‍ഹി: അനധികൃത കുടിയേറ്റക്കാരായ 2860 പേരുടെ പൗരത്വം ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടു. കുടിയേറ്റക്കാരായവരില്‍ 400 പേര്‍ക്ക് രേഖകളില്ലാത്തതിനാല്‍ ഇവരെ തടഞ്ഞുവച്ചിരുന്നു. ബംഗ്ലാദേശ് പൗരന്മാരാണെന്ന് കരുതുന്ന 2860 പേരുടെ പൗരത്വം പരിശോധിക്കാന്‍ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ട്, ഈ വിഷയത്തില്‍ ഇതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. മെയ് മാസം തുടക്കത്തില്‍ അനധികൃത കുടിയേറ്റക്കാരുടെ വിഷയം ധാക്കയുമായി സംസാരിക്കുകയും നടപടികള്‍ വേഗത്തിലാക്കണമെന്നും അറിയിച്ചിരുന്നു. ബംഗ്ലാദേശില്‍ നിന്ന് ഭാരതത്തിലേക്കുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ച് ആഭ്യന്തര സെക്രട്ടറിമാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല, അനധികൃത കുടിയേറ്റം മൂലമുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി സേനകള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഒരു ഏകോപിത ബോര്‍ഡര്‍ മാനേജ്‌മെന്റ് പ്ലാന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ നിരവധി നിര്‍ദേശങ്ങള്‍ ഭാരതത്തിന്റെ പക്ഷത്ത് നിന്ന് ഉണ്ടായിട്ടും ബംഗ്ലാദേശ് ഇതുവരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം ബംഗാളിലെ ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നാലിടങ്ങളിലായി കുടിയേറ്റം സംബന്ധിച്ച് ബിഎസ്എഫ്, ബിജിബി (ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ്) തര്‍ക്കം അവസാനിച്ചു. വെള്ളിയാഴ്‌ച്ച മുതല്‍ അതിര്‍ത്തിയിലെ സീറോ പോയിന്റുകളില്‍ കുടുങ്ങിക്കിടന്നിരുന്ന നാല്‍പതോളം ബംഗ്ലാദേശ് പൗരന്മാര്‍ ശനിയാഴ്‌ച്ച പുലര്‍ച്ചെയോടെ ബംഗ്ലാദേശിലേക്ക് തന്നെ മടങ്ങിയെത്തിയെന്ന് ബിഎസ്എഫ് അധികൃതര്‍ അറിയിച്ചു. കൂച്ച് മേഘലിഗഞ്ചിലെ പാനിഷാലയിലുള്ള 134-ാം നമ്പര്‍ പില്ലറിന് സമീപം പത്ത് പേര്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നിരുന്നു. ഇവരെ ഭാരതം നിയമവിരുദ്ധമായി പുറന്തള്ളുകയാണെന്ന് ആരോപിച്ച് ബിജിബി സ്വീകരിക്കാന്‍ തയാറാകാത്തതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രശ്‌നപരിഹാരത്തിനായി ഫ്‌ലാഗ് മീറ്റിങ് വിളിക്കാനുള്ള ബിഎസ്എഫിന്റെ ആവശ്യം ആദ്യം ബിജിബി നിരസിച്ചു. എന്നാല്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ബംഗ്ലാദേശികളാണെന്ന് പറയുന്ന വീഡിയോകള്‍ ബിഎസ്എഫ് പുറത്തുവിട്ടു. ഈ ദൃശ്യങ്ങള്‍ ബിജിബിയെ സമ്മര്‍ദത്തിലാക്കി. ഇതോടെ ശനിയാഴ്‌ച്ച പുലര്‍ച്ചെയുണ്ടായ ചര്‍ച്ചകള്‍ക്കൊടുവില്‍ ബിജിബി നിലപാട് മാറ്റുകയും കുടുങ്ങിക്കിടക്കുന്നവര്‍ ബംഗ്ലാദേശിലേക്ക് എത്തുകയും ചെയ്തു.


Janmabhumi 1 hour ago
Home Flash News