'ടിക്കറ്റിന് മുടക്കിയ പണം സമ്പാദ്യമായി സ്ത്രീയുടെ ആത്മവിശ്വാസവും മനക്കരുത്തും വര്‍ധിപ്പിക്കും': മുഖ്യമന്ത്രി സതീശന്‍
പ്രായഭേദമന്യേ സ്ത്രീകൾക്കും ട്രാൻസ് വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ (KSRTC bus) യാത്ര സൗജന്യമാക്കുന്ന പ്രിയദര്‍ശനി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ദീപം തെളിയിച്ച് നിര്‍വഹിച്ചു.
പദ്ധതി സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ലെന്നും ആദരവാണെന്നും നിറകണ്ണുകളോടെയാണ് ചരിത്രപദ്ധതിക്കു തുടക്കം കുറിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം തമ്പാനൂര്‍ ടെര്‍മിനലില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഗതാഗത മന്ത്രി സി.പി. ജോണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ രണ്ടു പേര്‍ക്കു മുഖ്യമന്ത്രി തന്നെയാണ് സൗജന്യയാത്രയുടെ ആദ്യടിക്കറ്റുകള്‍ കൈമാറിയത്. തുടര്‍ന്ന് തമ്പാനൂരിൽ നിന്നുള്ള ആദ്യയാത്രയില്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പങ്കെടുത്തു. കെഎസ്ആര്‍ടിസിയില്‍ പിഎസ്സി വഴി നിയമനം ലഭിച്ച ആദ്യ വനിതാ ഡ്രൈവര്‍ ആയ പെരുമ്പാവൂര്‍ ഡിപ്പോയിലെ വി.പി. ഷീലയാണ് ആദ്യയാത്രയില്‍ സാരഥിയായത്. ജയകുമാരി ആയിരുന്നു കണ്ടക്ടര്‍. 3215 ഓർഡിനറി ബസുകളിലാണ് ഈ പദ്ധതി നടപ്പാവുക.
സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസം തികയും മുന്‍പ് തന്നെ ഇന്ദിരാ ഗ്യാരന്റി നടപ്പാക്കിയതില്‍ അഭിമാനമുണ്ടെന്നും തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനായെന്ന സന്തോഷത്തോടെയാണ് ഈ ബസില്‍ യാത്ര തുടങ്ങുന്നത് എന്നും ഫേസ്‌ബുക്കിൽ കുറിച്ചു.
ഇത് വെറുമൊരു ബസ് യാത്രയല്ല, കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുകയും അവരെ സ്വയംപര്യാപ്തതയിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും നയിക്കുന്നൊരു യാത്രയുടെ തുടക്കമാണ്. പുതുയുഗ കേരളത്തിലേക്കുള്ള യു.ഡി.എഫ്. സര്‍ക്കാരിന്റെ നിര്‍ണായക ചുവടുവയ്പ് കൂടിയാണ് ഈ യാത്ര. പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും. പ്രത്യേകിച്ചും ജോലി സംബന്ധമായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്ന പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക്. ഇത്രയും നാള്‍ ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മാറട്ടെ. അത് ആ സ്ത്രീയുടെ ആത്മവിശ്വാസവും മനക്കരുത്തും വര്‍ധിപ്പിക്കും.
നല്‍കിയ വാക്കുകളൊക്കെ പാലിക്കുക തന്നെ ചെയ്യും. കാരണം അതൊക്കെ കേരളത്തിലെ ജനങ്ങളോടാണ് ഞങ്ങള്‍ പറഞ്ഞത്. സമൂഹത്തിലെ എല്ലാവരെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് പുതുയുഗ കേരളത്തിലേക്കുള്ള യാത്രയില്‍ ഈ സര്‍ക്കാരിന്റെ നയം അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.