അയോധ്യ: പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടും വിവരം നൽകാതെ ട്രസ്റ്റ്; ഒടുവിൽ പിടിവീഴുന്നു
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണവും സംഭാവനകളായി ലഭിച്ച അമൂല്യവസ്തുക്കളും അപഹരിച്ചെന്ന ആരോപണത്തിൽ അയോധ്യ പോലീസ് വ്യാഴാഴ്ച കേസെടുത്തു. വി.എച്ച്.പി. ഉപാധ്യക്ഷനായ ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയുടെ സഹായി ടിന്നു യാദവ് ഉൾപ്പെടെ എട്ടാളുകളുടെ പേരിൽ കേസെടുത്തതായാണ് പ്രാഥമിക വിവരം. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.
സംഭാവനക്കൊള്ളയെക്കുറിച്ച് അന്വേഷിക്കാൻ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമിച്ച പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) സർക്കാരിന് രണ്ടുദിവസം മുമ്പ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് ഈ സംഭവം.
ഭാരതീയ ന്യായസംഹിതയിലെ 306 (ഉടമയുടെ കൈവശാവകാശത്തിലുള്ള സ്വത്ത് ക്ലാർക്കോ പരിചാരകനോ മോഷ്ടിക്കൽ), 316 (വിശ്വാസവഞ്ചന), 371 (മോഷണവസ്തു കൈപ്പറ്റൽ), 61 (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. എസ്.ഐ.ടി.യുടെ പ്രാഥമിക റിപ്പോർട്ടിലെ ശുപാർശകളെത്തുടർന്നാണ് നടപടിയെന്നും പറഞ്ഞു. രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ കേസെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് നടപടിയുണ്ടായത്. കേസെടുക്കണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ വ്യാഴാഴ്ച രാവിലെ അയോധ്യയിലെത്തിയിരുന്നു. അതിനിടെ, ക്ഷേത്ര ട്രസ്റ്റ് സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം ആവശ്യപ്പെട്ടെങ്കിലും നൽകാനാവില്ലെന്ന് ചമ്പത് റായ് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ എസ്.ഐ.ടി. അന്വേഷണം നടത്തുന്നതിനാലാണിതെന്നാണ് ചമ്പത് റായ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (നിയമ-സമാധാനം) ഇന്ദ്രകാന്ത് ദ്വിവേദിയെ അറിയിച്ചത്.
അയോധ്യ രാമക്ഷേത്രത്തിന്റെ വരുമാനം, ചെലവ്, സംഭാവനകൾ, ബാങ്ക് അക്കൗണ്ടുകൾ, ഭൂമിയിടപാടുകൾ, സ്വത്തുവിവരങ്ങൾ എന്നിവ സംബന്ധിച്ച രേഖകൾ പുറത്തുവിടാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് രജനീഷ് സിങ്ങാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ (പി.എം.ഒ.) പരാതി നൽകിയത്. ആം ആദ്മി പാർട്ടി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബി.ജെ.പി. നേതാക്കളായ ബ്രിജ്ഭൂഷൺ, രജനീഷ് സിങ് തുടങ്ങിയവർ അയോധ്യയിൽ ലഭിക്കുന്ന സംഭാവനയിൽ കോടികളുടെ തട്ടിപ്പ് നടക്കുന്നതായി ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഈ മാസം 13-നാണ് യു.പി. സർക്കാർ മൂന്നംഗ എസ്.ഐ.ടി.യെ നിയോഗിച്ചത്.