Select Location
All Locations
State
Region
City / District
റോളക്സ് വാച്ചുകൾ, വെള്ളി പാത്രങ്ങൾ..; നയതന്ത്ര ഉപഹാരങ്ങൾ ലേലംചെയ്യാൻ കേന്ദ്രം, പൊതുജനങ്ങൾക്കും അവസരം

റോളക്സ് വാച്ചുകൾ, വെള്ളി പാത്രങ്ങൾ..; നയതന്ത്ര ഉപഹാരങ്ങൾ ലേലംചെയ്യാൻ കേന്ദ്രം, പൊതുജനങ്ങൾക്കും അവസരം

ന്യൂഡൽഹി: വിദേശ പ്രതിനിധികളിൽനിന്നും നയതന്ത്രജ്ഞരിൽനിന്നും ലഭിച്ച വിശിഷ്ടമായ സമ്മാനങ്ങൾ പൊതുലേലത്തിന് വെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. റോളക്‌സ് വാച്ചുകൾ, വെള്ളി പാത്രങ്ങൾ, ആഭരണങ്ങൾ എന്നിങ്ങനെയുള്ള മുന്നൂറോളം വസ്തുക്കളാണ് ഓൺലൈൻ ലേലത്തിലൂടെ പൊതുജനങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുക. 1983-ൽ മന്ത്രാലയത്തിലെ ജീവനക്കാർക്കായി മാത്രം നടന്ന ലേലത്തിന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ലേലം പൊതുജനങ്ങൾക്കായി ഒരുക്കുന്നതെന്നും ഇതിലൂടെ ലഭിക്കുന്ന വരുമാനം ഇന്ത്യൻ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് നിക്ഷേപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സർക്കാർ ഉടമസ്ഥതയിലുള്ള ഈ വസ്തുക്കൾ ശേഖരിക്കാൻ താൽപര്യമുള്ളവർക്കും പൊതുജനങ്ങൾക്കും ലേലം വിളിച്ച് വാങ്ങാനുള്ള സുവർണാവസരമാണിത്. വിദേശ യാത്രകളിലും ചടങ്ങുകളിലും ലഭിച്ച ഇത്തരം ഉപഹാരങ്ങൾ സൂക്ഷിക്കുന്ന തോഷഖാനയിലെ ശേഖരമാണ് ലേലത്തിൽ വെക്കുന്നത്. 2024 ജൂണിൽ ആരംഭിച്ച് 2026 ജൂണിൽ അവസാനിക്കാനിരിക്കുന്ന ഈ ലേലത്തിലൂടെ ലഭിക്കുന്ന തുക രാജ്യത്തിന്റെ സഞ്ചിത നിധിയിലേക്ക് സമർപ്പിക്കും.

വിദേശ സർക്കാരുകളിൽനിന്നും പ്രമുഖ വ്യക്തികളിൽനിന്നും ഇന്ത്യൻ സർക്കാർ പ്രതിനിധികൾക്ക് ഔദ്യോഗികമായി ലഭിക്കുന്ന ഉപഹാരങ്ങൾ സൂക്ഷിക്കുന്ന ശേഖരത്തെയാണ് തോഷാഖാന എന്ന് വിളിക്കുന്നത്. ഇതിലെ മിക്ക വസ്തുക്കളും പൈതൃക പ്രാധാന്യമുള്ളതോ അലങ്കാരത്തിനു വേണ്ടിയുള്ളവയോ ആണ്. മുൻപ് മന്ത്രാലയത്തിലെ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഇത്തരം ലേലങ്ങൾ ഇപ്പോൾ പൊതുജനങ്ങൾക്കുകൂടി ലഭ്യമാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. വിവിധ ഔദ്യോഗിക പരിപാടികൾക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിച്ച മുന്നൂറോളം നയതന്ത്ര ഉപഹാരങ്ങളും സ്മരണികകളുമാണ് ഇ-ബിഡിങിലൂടെ ലേലംചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

പരിഷ്‌കരിച്ച തോഷാഖാന ചട്ടങ്ങൾ, 2024-ൽ പ്രാബല്യത്തിൽവന്നതോടെയാണ് തോഷാഖാനയിലെ വസ്തുക്കൾ വാങ്ങാൻ പൊതുജനങ്ങൾക്ക് ആദ്യമായി അവസരം ലഭിക്കുന്നത്. വിദേശകാര്യ സെക്രട്ടറി റാങ്കിന് താഴെയുള്ള, നിലവിൽ സേവനത്തിലുള്ള ഉദ്യോഗസ്ഥർക്ക് അവരുടെ വിദേശ സന്ദർശനവേളകളിൽ ലഭിച്ച സമ്മാനങ്ങളാണ് ഇപ്പോൾ ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലേലം 2026 ജൂൺ 30 വരെ തുടരും. ആചാരപരമായതും പൈതൃക പ്രാധാന്യമുള്ളതും ശേഖരിക്കാൻ യോഗ്യവുമായ നിരവധി വസ്തുക്കൾ ലേലത്തിലുണ്ട്. ഇവയുടെ അടിസ്ഥാന വില 2,385 രൂപ മുതൽ മുകളിലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. റോളക്‌സിന്റെ യാച്ച്-മാസ്റ്റർ ശേഖരത്തിൽനിന്നുള്ള രണ്ട് വാച്ചുകൾ, ഒമാനിൽനിന്നുള്ള വെള്ളി കഠാര, ലണ്ടനിൽ നിർമ്മിച്ച സ്റ്റെർലിങ് സിൽവർ ടീ സെറ്റ്, ആപ്പിൾ മാക്ബുക്ക് പ്രോ, വെള്ളി അലങ്കാര വസ്തുക്കൾ, സ്വർണാഭരണങ്ങൾ എന്നിവയാണ് ലേലത്തിലെ പ്രധാന ആകർഷണങ്ങൾ.

1980-കളിലെ ഒരു വെള്ളി പെട്ടിയാണ് ലേലത്തിൽ വലിയ ശ്രദ്ധ നേടുന്നത്. സിഗാർ കേസ് ആയി നിർമ്മിച്ച ഈ പെട്ടിക്ക് അതിന്റെ അടിസ്ഥാന വിലയേക്കാൾ വളരെ ഉയർന്ന തുകയ്ക്കാണ് ബിഡ്ഡുകൾ വരുന്നത്. ഓരോന്നിനും ഏകദേശം 16.5 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള രണ്ട് റോളക്‌സ് വാച്ചുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ, കുവൈത്തിൽനിന്നുള്ള സ്വർണാഭരണങ്ങൾക്ക് (അടിസ്ഥാന വില 9.5 ലക്ഷം രൂപ) ഇതുവരെ ബിഡ്ഡുകൾ ലഭിച്ചിട്ടില്ല. സ്വർണംപൂശിയ വ്യാളികൾ ചിത്രീകരിച്ച വെള്ളി പെട്ടിയും അതിനുള്ളിലെ 20 ഗ്രാം സ്വിസ് ഗോൾഡ് ബിസ്‌കറ്റും മറ്റൊരു ആകർഷണമാണ്. ഇതിന്റെ ലേലത്തുക ഇതിനകംതന്നെ അടിസ്ഥാന വിലയെ മറികടന്നുകഴിഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിന് കീഴിലുള്ള തോഷാഖാന സെക്ഷനാണ് ഈ ലേലം സംഘടിപ്പിക്കുന്നത്. പ്രത്യേക മൂല്യനിർണയ സമിതിയാണ് വസ്തുക്കളുടെ വില നിശ്ചയിക്കുന്നത്. ലേലം ജയിക്കുന്നവർക്ക് ജൂൺ 30-ന് ശേഷം സാധനങ്ങൾ വിതരണം ചെയ്യും. ഭാവിയിൽ, വിദേശകാര്യ മന്ത്രിമാർക്ക് ലഭിച്ച സമ്മാനങ്ങളും ലേലത്തിൽ ഉൾപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


Mathrubhumi News 2 hours ago
Home Flash News