‘മൂന്നിലധികം ഗോളുകൾക്ക് തോറ്റാൽ കൊല്ലും!’ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ക്രൂര സംഭവം
1974-ലെ ലോകകപ്പിൽ ബ്രസീലിനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് അന്നത്തെ സയർ അതായത് ഇന്നത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ താരങ്ങൾക്ക് ലഭിച്ച സന്ദേശമായിരുന്നു ഇത്. ഏകാധിപതി മൊബുട്ടു സെസെ സെക്കോയുടെ അംഗരക്ഷകർ ഡ്രസിംഗ് റൂമിലെത്തി മുഴക്കിയ ഈ ഭീഷണി കേവലം വാക്കുകളായിരുന്നില്ല, മറിച്ച് ഒരു ജനതയുടെ ജീവൻമരണ പോരാട്ടത്തിന്റെ തുടക്കമായിരുന്നു.
കിൻഷാസ മുതൽ ഹൂസ്റ്റൺ വരെ നീളുന്ന കോംഗോ ഫുട്ബോളിന്റെ ചരിത്രം കേവലമൊരു കായിക യാത്രയല്ല.
അത് അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്റെയും ഐതിഹാസികമായ പോരാട്ടമാണ്.
സ്വർണ്ണവും വജ്രവും കൊബാൾട്ടും കൊണ്ട് അനുഗ്രഹീതമായ മണ്ണാണെങ്കിലും രാഷ്ട്രീയ അസ്ഥിരത കോംഗോയെ എക്കാലവും വേട്ടയാടിയിരുന്നു. ഈ അസ്ഥിരതയുടെ നടുവിലൂടെയാണ് മൊബുട്ടു എന്ന ഏകാധിപതി അധികാരത്തിലേക്ക് നടന്നു കയറിയത്. 1960-ലെ കോംഗോ പ്രതിസന്ധിയുടെ സമയത്ത്, സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന മൊബുട്ടു യുഎസിന്റെയും ബെൽജിയത്തിന്റെയും പിന്തുണയോടെ രാജ്യത്തെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പാട്രിസ് ലുമുംബ സർക്കാരിനെ പുറത്താക്കി. 1961-ൽ ലുമുംബയുടെ വധശിക്ഷയ്ക്ക് വ്യവസ്ഥ ചെയ്ത ഒരു സർക്കാർ സ്ഥാപിച്ച അദ്ദേഹം, 1965-ൽ രണ്ടാമത്തെ അട്ടിമറിയിലൂടെ നേരിട്ട് അധികാരം പിടിച്ചെടുത്തു. 1967-ൽ തന്റെ രാഷ്ട്രീയ പാർട്ടിയെ ഏക നിയമപരമായ പാർട്ടിയായി പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം അധികാരം ഉറപ്പിച്ചു. 1971-ൽ രാജ്യത്തിന് ‘സയർ’ എന്നും, തൊട്ടടുത്ത വർഷം സ്വന്തം പേര് ‘മൊബുട്ടു സെസെ സെക്കോ’ എന്നും അദ്ദേഹം മാറ്റി.
1974-ൽ ‘സയർ’ എന്ന പേരിൽ ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ബ്ലാക്ക് ആഫ്രിക്കൻ ടീമായി അവർ മാറിയപ്പോൾ അതൊരു വലിയ ആഘോഷമായിരുന്നു. തന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ സ്പോർട്സിനെ ഉപയോഗിച്ചിരുന്ന ഏകാധിപതി മൊബുട്ടു സെസെ സെക്കോ, മഞ്ഞയും പച്ചയും കലർന്ന ടീമിന്റെ ജേഴ്സി പോലും സ്വയം ഡിസൈൻ ചെയ്തു. ഓരോ താരത്തിനും പുതിയ വീടും കാറും 20,000 ഡോളർ വീതവും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ചാർട്ടേഡ് വിമാനത്തിൽ വെസ്റ്റ് ജർമ്മനിയിലെത്തിയ താരങ്ങളെ കാത്തിരുന്നത് ആഡംബര ഹോട്ടലുകളും മെഴ്‌സിഡസ് ബസുകളുമായിരുന്നു. എന്നാൽ, ഈ ആഡംബരങ്ങൾക്കിടയിൽ സർക്കാർ ഉദ്യോഗസ്ഥരും ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളും ചേർന്ന് താരങ്ങൾക്ക് നൽകേണ്ട പണം അപഹരിച്ചു. പണമില്ലാതെ ആത്മവീര്യം തകർന്ന ടീം യുഗോസ്ലാവിയയോട് എതിരില്ലാത്ത ഒൻപത് ഗോളിന് പരാജയപ്പെട്ടു. ഈ മത്സരത്തിനിടെ പ്രതിരോധ താരം മ്വേപു ഇലുങ്ക റഫറിയെ ചവിട്ടിയെങ്കിലും പകരമായി റഫറി ചുവപ്പ് കാർഡ് നൽകിയത് നിരപരാധിയായ ഫോർവേഡ് മുലാംബയ്ക്കായിരുന്നു.
ബ്രസീലിനെതിരായ മൂന്നാം മത്സരത്തിന് മുൻപ് മൊബുട്ടുവിന്റെ ദൂതന്മാർ കളിക്കാരെ തേടിയെത്തി അറിയിച്ചത് ഒരു ഭീഷണി സന്ദേശം ആയിരുന്നു:. “മൂന്നിലധികം ഗോളുകൾക്ക് തോറ്റാൽ, നിങ്ങളിൽ ഒരാൾ പോലും വീട്ടിലേക്ക് മടങ്ങില്ല, നിങ്ങളുടെ കുടുംബത്തെയും ജീവനോടെ വെക്കില്ല”.
മത്സരം 3-0 ൽ നിൽക്കെ ബ്രസീലിന് അനുകൂലമായി ലഭിച്ച ഫ്രീ-കിക്ക് ഇലുങ്ക ഓടിവന്ന് അടിച്ചുതെറിപ്പിച്ചത് ആഫ്രിക്കക്കാർക്ക് നിയമം അറിയില്ലെന്ന പരിഹാസത്തിന് ഇടയാക്കി. പുറംലോകത്തിന് അതൊരു പരിഹാസമായിരുന്നെങ്കിലും, അവർക്കത് ജീവൻ രക്ഷിക്കാനുള്ള പോരാട്ടമായിരുന്നു. സമയം കളയാനും ബ്രസീലിയൻ താരങ്ങളുടെ ശ്രദ്ധ തിരിക്കാനും അതിലുപരി ഒരു ഗോൾ കൂടി വീണാൽ തങ്ങൾ കൊല്ലപ്പെടുമെന്ന ഭയവുമാണ് ഇലുങ്കയെക്കൊണ്ട് അത് ചെയ്യിച്ചത്.
റഫറി നിക്കാളെ റെയ്‌നെ സഹതാപം തോന്നി റെഡ് കാർഡിന് പകരം മഞ്ഞക്കാർഡ് നൽകിയതുകൊണ്ടാണ് ഇലുങ്കയ്ക്ക് അന്ന് കളി പൂർത്തിയാക്കാൻ കഴിഞ്ഞത്.
നാട്ടിൽ തിരിച്ചെത്തിയ താരങ്ങളെ കാത്തിരുന്നത് ദാരിദ്ര്യമായിരുന്നു. വാഗ്ദാനം ചെയ്ത വീടോ പണമോ ആർക്കും ലഭിച്ചില്ല. 2015-ൽ അന്തരിച്ച ഇലുങ്ക തന്റെ അവസാന കാലത്ത് പറഞ്ഞത്, “ഇനിയൊരു ജന്മമുണ്ടെങ്കിൽ ഫുട്ബോൾ കളിക്കാരനാകുന്നതിനേക്കാൾ ഒരു കർഷകനാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്” എന്നാണ്. പലരും പട്ടിണി മൂലം മരിച്ചപ്പോൾ ചിലർ വിദേശ രാജ്യങ്ങളിൽ സാധാരണ ജോലികൾ ചെയ്ത് ജീവിതം തള്ളിനീക്കി.
നീണ്ട 52 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കോംഗോ വീണ്ടും ലോകകപ്പിനെത്തിയത്. സെനഗലിന് പിന്നിലായി യോഗ്യത റൗണ്ട് പൂർത്തിയാക്കിയ അവർക്ക് പ്ലേ-ഓഫിലൂടെയാണ് വഴി തുറന്നത്. നൈജീരിയയെ പെനാൽറ്റി ഷൂട്ടൗട്ടിലും ജമൈക്കയെ എക്സ്ട്രാ ടൈമിലും തോൽപ്പിച്ചാണ് അവർ അമേരിക്കയിലേക്ക് ടിക്കറ്റെടുത്തത്. നാട്ടിൽ എബോള മഹാമാരി ഇരുന്നൂറോളം ജീവനെടുത്ത ദുഃഖത്തിനിടയിലായിരുന്നു ഈ നേട്ടം. പോർച്ചുഗലിനെതിരായ ആദ്യ മത്സരത്തിൽ പഴയ സങ്കടങ്ങളെയെല്ലാം ആ ഒരൊറ്റ ഗോളിലൂടെ മായ്ച്ചുകളഞ്ഞ അവർ ഫുട്‌ബോളിൽ മനോഹരമായ ഒരു ഏട് കൂടി തുന്നിച്ചേർത്തു.
മൊബുട്ടു എന്ന ഏകാധിപതിയുടെ നിഴലില്ലാതെ, ഭയമില്ലാതെ കളിച്ച ആ താരങ്ങൾ പോർച്ചുഗലിനെപ്പോലുള്ള അതികായന്മാരെ വിറപ്പിച്ചു. ഇത് കേവലമൊരു ഫുട്ബോൾ മത്സരമല്ല, ചരിത്രത്താൽ വഞ്ചിക്കപ്പെട്ട ഒരു ജനതയുടെ അഭിമാനം തിരിച്ചുപിടിക്കലാണ്. ഇന്ന് കോംഗോ ലോകത്തോട് വിളിച്ചുപറയുന്നത് ഭയത്തിന്റെ കാലം കഴിഞ്ഞു എന്നാണ്. അന്ന് ‘കോമാളികൾ’ എന്ന് വിളിച്ച് പരിഹസിച്ച യൂറോപ്യൻ ഫുട്ബോളിന്റെ നെറുകയിലേക്ക് അഭിമാനത്തോടെ അവർ നടന്നു കയറുകയാണ്. 1974-ൽ വഞ്ചിക്കപ്പെട്ട ആ പഴയ സയർ താരങ്ങൾക്കുള്ള ഏറ്റവും വലിയ ആദരം കൂടിയായി ഈ കളി മാറുന്നു. കോംഗോയ്ക്ക് അടുത്ത മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ വലിയ മാർജിനിൽ പരാജയപ്പെടുത്തിയാൽ മാത്രമേ നോക്കൗട്ട് പ്രതീക്ഷ നിലനിർത്താനാകൂ. ഗ്രൂപ്പ് കെ-യിൽ കോംഗോയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള നിർണായക ഫുട്ബോൾ മത്സരം 2026 ജൂൺ 28-ന് അമേരിക്കയിലെ അറ്റ്ലാന്റയിലുള്ള മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനത്തിന് ഇരുടീമുകൾക്കും ഈ മത്സരം അതിനിർണ്ണായകമാണ്. അവർ ഉസ്ബെക്കിസ്ഥാനെ നേരിടാൻ ഒരുങ്ങുമ്പോൾ ലോകത്തോട് വിളിച്ചുപറയുന്നത് ഒന്നേയുള്ളൂ… ഭയത്തിന്റെ കാലം കഴിഞ്ഞു. ഇത് കോംഗോയുടെ പുനർജന്മമാണ്.