Select Location
All Locations
State
Region
City / District
പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

തിരുവനന്തപുരം: ഈ മാസം 29 ന് കൗൺസിൽ യോഗം നടക്കുമെന്നും പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടുമെന്നും തിരുവനന്തപുരം മേയർ വി.വി രാജേഷ്. കോർപറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി ഏറ്റവും സേഫ് ആണെന്നും മേയർ വ്യക്തമാക്കി. തിരുവനന്തപുരം കോർപറേഷനിൽ ഇന്നലെയുണ്ടായ സംഘർഷത്തിലും തുടർസംഭവങ്ങളിലും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മേയർ. ‘കാലിന് പൊട്ടൽ ഇല്ല. ഡിസ് ലൊക്കേഷൻ ഉണ്ട്. ഡെപ്യൂട്ടി മേയർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. രാത്രിയോടെ ഡിസ്ചാർജ് ആയി. മേയർ ഓഫീസിൽ വരുന്നത് തടയുന്നത്, ജനങ്ങളെ ബുദ്ധിമുട്ടിക്കലാണ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തുന്നത് സമ്മതിക്കില്ല. കൗൺസിലർമാർ അല്ലാത്ത പൊതുപ്രവർത്തകർ നഗരസഭയ്‌ക്ക് ഉള്ളിൽ കയറി സമരം ചെയ്യരുത്. ശിവൻകുട്ടി പറയുന്നത് കോമഡിയാണ്. കൗൺസിലർ സുഗതന്റെ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും മേയർ പറഞ്ഞു.

ജനാധിപത്യപരമായ സമരങ്ങൾ നടക്കട്ടെ. സംഘർഷത്തിൽ കേസുകൾ വരുമെന്നും മേയർ പറഞ്ഞു. തിരുവനന്തപുരത്തെ പാളയം, മ്യൂസിയം, മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രങ്ങൾ തുടങ്ങി സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ നിർമ്മാണങ്ങളുടെയും മറ്റും ഗുണനിലവാരവും ടെൻഡർ നടപടികളിലെ അപാകതകളും സംബന്ധിച്ചുള്ള വിഷയങ്ങൾ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കും. അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് ഓഡിറ്റ് വേണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ടു. പദ്ധതികളിലെ ക്രമക്കേടുകൾ കണ്ടെത്താനായി സ്മാർട്ട് സിറ്റിയുടെ യോഗം അടിയന്തരമായി വിളിച്ചുചേർക്കണമെന്ന് ചീഫ് സെക്രട്ടറിയോട് കോർപ്പറേഷൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി. വി രാജേഷ് വ്യക്തമാക്കി. മാലിന്യനീക്കത്തിൽ കെ മുരളീധരൻ പറഞ്ഞതിന് മറുപടി പറയുന്നില്ല. പ്രശ്നങ്ങളെ തമാശയാക്കാനും കമന്റ് അടിക്കാനുമില്ല. നിലവിലെ സിസ്റ്റത്തിൽ നിന്ന് കൊണ്ട് മനുഷ്യസാധ്യമായ എല്ലാം ചെയ്യുന്നുണ്ട്. പ്രധാന പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കോൺക്ലേവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


Janmabhumi 1 hour ago
Home Flash News