ശിവൻകുട്ടിയുടെ പ്രസ്താവനകൾ കോമഡി, ആരോഗ്യമന്ത്രിയോട് പ്രതികരിക്കാനില്ല; 5 വർഷവും ഭരിക്കുമെന്ന് മേയർ
തിരുവനന്തപുരം: അഞ്ച് വർഷത്തേക്ക് കോർപ്പറേഷൻ ഭരണസമിതിക്ക് യാതൊരുവിധ ഭീഷണിയുമില്ലെന്നും 2047-വരെ കോർപ്പറേഷനിൽ ബി.ജെ.പി. ഭരണം തുടരാനുള്ള സാധ്യതയാണ് കാണുന്നതെന്നും മേയർ വി.വി.രാജേഷ്. മുൻ നിശ്ചയിച്ചപ്രകാരം ഈ മാസം 29-ന് കൗൺസിൽ നടക്കുമെന്നും കൗൺസിലിനുള്ള അജൻഡ നിശ്ചയിച്ചു കഴിഞ്ഞതായും മേയർ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നാൽ നേരിടും. കൗൺസിലർമാർ രണ്ടാമതും സത്യപ്രതിജ്ഞ നടത്തിയത് അറിയിച്ചില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണ്. കളക്ടർ, തിരഞ്ഞെടുപ്പ് കമ്മിഷൻ, കൗൺസിലർമാർ തുടങ്ങി എല്ലാവരേയും രേഖാമൂലം അറിയിച്ചിരുന്നു. കൗൺസിലർ സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.
നിയമപരമായ എല്ലാക്കാര്യങ്ങളും ഇതിൽ ചെയ്യും. കോർപ്പറേഷനിൽ ഭരണസ്തംഭനമാണെന്ന പ്രതിപക്ഷ ആരോപണങ്ങൾ തെറ്റാണ്. അവധി ദിവസങ്ങളിൽപ്പോലും സജീവമായി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഭരണസമിതിക്കെതിരേയുള്ള പൊതുതാത്‌പര്യ ഹർജികളെയെല്ലാം നിയമപരമായി തന്നെ നേരിടും. സമരത്തിന്റെ പേരിൽ അക്രമങ്ങൾ നടത്തുന്നതിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് വി.വി.രാജേഷ് പറഞ്ഞു. സമരങ്ങൾ ജനാധിപത്യപരമാകണം. സമരത്തിന്റെ പേരിൽ പൊതുമുതലുകൾ നശിപ്പിക്കുക, മേയറെ ചേംബറിൽ കയറുന്നതിൽനിന്ന് തടയുക എന്നിവയൊന്നും അംഗീകരിക്കാൻ പറ്റില്ല. മുൻ ഭരണസമിതിക്കെതിരേ ഏറ്റവും കൂടുതൽ സമരങ്ങൾ നടത്തിയത് ബി.ജെ.പി.യാണ്. അന്നൊന്നും പൊതുമുതലുകൾ നശിപ്പിച്ചിട്ടില്ല. കൗൺസിലർമാരല്ലാത്ത പൊതുപ്രവർത്തകർ കോർപ്പറേഷനുള്ളിൽക്കയറി സമരം ചെയ്യരുത്. ധാരാളം ജനങ്ങൾ വരുന്ന സ്ഥലമാണിത്. അവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്.
സംഘർഷത്തിൽ പരിക്കേറ്റ കാലിന് പൊട്ടലില്ലെന്നും ചെറിയ വേദനമാത്രമേയുള്ളൂവെന്നും ഡെപ്യൂട്ടി മേയറുടെ ആരോഗ്യ സ്ഥിതിയിലും ആശങ്കപ്പെടാനില്ലെന്നും മേയർ പറഞ്ഞു. ശിവൻകുട്ടിക്ക് മറുപടിയില്ല മുൻ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനകളെല്ലാം കോമഡിയായി മാറുകയാണെന്ന് മേയർ വി.വി. രാജേഷ്. ഇക്കാര്യം ജനങ്ങൾക്കും ബോധ്യമുണ്ട്. ശിവൻകുട്ടിയുടെ ഒരു പ്രസ്താവനകളോടും ഇനി പ്രതികരിക്കാനില്ലെന്നും വി.വി. രാജേഷ് പറഞ്ഞു. കോർപ്പറേഷനിൽ മാലിന്യ സംസ്‌കരണം നടക്കുന്നില്ലെന്നും രോഗസാധ്യതകൾ കൂടുതലാണെന്നുമുള്ള മന്ത്രി കെ. മുരളീധരന്റെ വാദത്തോടും പ്രതികരിക്കാനില്ലെന്നും മേയർ പറഞ്ഞു.