Select Location
All Locations
State
Region
City / District
മോഹൻ യാദവിന്റെ ഭൂമിയിടപാട് വിവാദം കത്തുന്നു; ഭൂസ്വത്ത് നാലിരട്ടിയായി, പ്രതിരോധം തീർത്ത് ബിജെപി

മോഹൻ യാദവിന്റെ ഭൂമിയിടപാട് വിവാദം കത്തുന്നു; ഭൂസ്വത്ത് നാലിരട്ടിയായി, പ്രതിരോധം തീർത്ത് ബിജെപി

ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ നടന്ന ഭൂമിയിടപാടുകളെച്ചൊല്ലിയുള്ള വിവാദം കനക്കുന്നു. വിവാദഭൂമിയിടപാടുകളെപ്പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം കോൺഗ്രസ് ശക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്നും മുഖ്യമന്ത്രിയായശേഷം മോഹൻ യാദവിന്റെയും അടുത്ത കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂസ്വത്ത്‌ വർധിച്ചിട്ടില്ലെന്നും ബി.ജെ.പി. ഐ.ടി. സെൽ ദേശീയ കൺവീനർ അമിത് അവകാശപ്പെട്ടു.

ഉജ്ജയിൻ മാസ്റ്റർപ്ലാനും ഭാവി അടിസ്ഥാനസൗകര്യപദ്ധതികളും 2023 മേയ് മാസത്തിൽത്തന്നെ പൊതുജനങ്ങൾക്ക് ലഭിച്ചിരുന്നു. അതിനാൽ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. 2023-ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി സ്വന്തം പേരിലെയും ഭാര്യയുടെ പേരിലെയും ഭൂസ്വത്ത് മുഴുവൻ പ്രഖ്യാപിച്ചിരുന്നു. അതിൽ പിന്നീട് വർധനയുണ്ടായിട്ടില്ലെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ ഹേമന്ത് ഖണ്ഡേൽവാലും അവകാശപ്പെട്ടു.

മകൻ വൈഭവ് യാദവിന്റെ പേരിലുള്ള 16 ഏക്കർ ഭൂമിയിലും വർധനയില്ല. ശ്രീ സിദ്ധിവിനായക് ഡെവ്‌കോൺസ് കമ്പനിയുടെ ഭൂസ്വത്ത് 2023-ലെ 68 ഏക്കറിൽനിന്ന് ഇപ്പോൾ 65 ഏക്കറായി കുറഞ്ഞു. മോഹൻ യാദവ് 2017-ൽത്തന്നെ കമ്പനിയുടെ ഡയറക്ടർസ്ഥാനം രാജിവെച്ചതിനാൽ ഇപ്പോഴത്തെ പ്രവർത്തനങ്ങളുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും ഖണ്ഡേൽവാൽ പറഞ്ഞു. എന്നാൽ, ഇന്ത്യൻ എക്സ്പ്രസ് അന്വേഷണത്തിലെ വിവരങ്ങൾ ബി.ജെ.പി.യുടെ ഈ വാദങ്ങളെ ചോദ്യംചെയ്യുന്നതാണ്.
 * 2021-ൽ മോഹൻ യാദവ് മന്ത്രിയാകുംമുൻപുള്ള കുടുംബത്തിന്റെ ഭൂസ്വത്ത്-82 ഏക്കർ * മന്ത്രിപദവിയിലിരുന്ന കാലത്ത്-ആകെ 167 ഏക്കർ * 2023-ൽ മുഖ്യമന്ത്രിയായശേഷം ആകെ-335 ഏക്കർ

* 2022-2023-ൽമാത്രം സ്വന്തമാക്കിയത് 85 ഏക്കർ
 * മുഖ്യമന്ത്രിയായശേഷം 2024-2025-ൽമാത്രം സ്വന്തമാക്കിയത് 168 ഏക്കർ
 * 168 ഏക്കറിൽ 111 ഏക്കറും സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾക്കുസമീപം
 * 33 ഏക്കർ ഭൂമിയും കാർഷിക മേഖലയിൽനിന്ന് പാർപ്പിട-വാണിജ്യ മേഖലയാക്കിയ പ്രദേശങ്ങളിൽ
 * മുഖ്യമന്ത്രിയുടെ മകൻ വൈഭവ് യാദവും മംഗൾ മൂർത്തി ഇൻഫ്രയും വാങ്ങിയത്-30 ഏക്കർ
 * മുഖ്യമന്ത്രിക്കും ഭാര്യ സീമയ്ക്കും 72.8 ശതമാനം ഒാഹരിയുള്ള ശ്രീ സിദ്ധിവിനായക് ഡെവ്‌കോൺസ് പ്രൈവറ്റ് ലിമിറ്റഡ് 2024-25-ൽ വാങ്ങിയത്-2.6 ഏക്കർ
 * ശ്രീ സിദ്ധിവിനായക് ഡെവ്‌കോൺസ് പ്രൈവറ്റ് ലിമിറ്റഡ് 2024-ൽ മുഖ്യമന്ത്രിയുടെ ബന്ധു നിലേഷ് യാദവിന് വിറ്റത്-12 ഏക്കർ
 * മുഖ്യമന്ത്രിയുടെ മരുമകൾ ശാലിനി യാദവ് 2025 ജൂൺ-ജൂലായിൽ വാങ്ങിയത് 10.35 ഏക്കർ


Mathrubhumi News 1 hour ago
Home Flash News