FCRA ഭേദഗതി നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ തകര്‍ക്കുന്നതാകരുത്: കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
തിരുവല്ല: വിദേശ സംഭാവനാ നിയമത്തില്‍ (എഫ്.സി.ആര്‍.എ.) കാലാനുസരണമായ ഭേദഗതികള്‍ കൊണ്ടുവരുന്നത് ഉചിതമാണെങ്കിലും സുതാര്യമായും നിസ്വാര്‍ത്ഥമായും പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ പോലും ഇല്ലാതാക്കുന്ന തരത്തിലുള്ള ചില ഭേദഗതികള്‍ വരുന്നത് രാഷ്ട്രപുരോഗതിക്കും താഴേതട്ടിലുള്ള ജനങ്ങളുടെ ഉന്നതിക്കും ദോഷമാകുമെന്ന് കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്.
എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷന്‍ പുതുക്കാന്‍ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ കുറഞ്ഞത് 10 ലക്ഷം രൂപാ ചെലവഴിച്ചിരിക്കണമെന്ന വ്യവസ്ഥ ചെറിയ പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകും. ചെറിയ വിദേശ സംഭാവന കൂടി ഉള്‍പ്പെട്ട കെട്ടിടങ്ങള്‍ പോലും ഉപയോഗിച്ച പണത്തിന്റെ അളവ് പരിഗണിക്കാതെ പിടിച്ചെടുക്കത്തക്ക നിയമഭേദഗതി നിര്‍ദ്ദേശം സാമാന്യ നീതിക്കുപോലും നിരക്കുന്നതല്ല. വിദേശ സംഭാവന ദുരുപയോഗം ചെയ്യുന്നവരെ ശിക്ഷിക്കുവാന്‍ കര്‍ശന നടപടികള്‍ ആകാമെങ്കിലും രാഷ്ട്രപുരോഗതിക്കും ഉന്നതിക്കുമായി സന്നദ്ധ സംഘടനകള്‍ നൽകിയ സേവനങ്ങള്‍ വിസ്മരിക്കുന്ന തരത്തിലുള്ള നടപടികള്‍ പാടില്ല എന്നും ഈ വിഷയത്തില്‍ 28ന് രാജ്യവ്യാപകമായി നടക്കുന്ന പ്രാര്‍ത്ഥനയ്ക്ക് കെ.സി.സി. പിന്തുണ നല്കുന്നതായും പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.