Select Location
All Locations
State
Region
City / District
ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് ലഷ്‌കർ ഭീകരർ; വീഡിയോ പുറത്ത്

ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് ലഷ്‌കർ ഭീകരർ; വീഡിയോ പുറത്ത്

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരൻ ഷാഹിദ് അക്തറിന്റെ ശവസംസ്‌കാര ചടങ്ങിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ പ്രതിനിധികൾ പങ്കെടുത്ത വീഡിയോ പുറത്ത്. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ നിലപാടിനെതിരെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ഉന്നയിക്കുന്ന ആശങ്കകൾ ശരിവെക്കുന്നതാണ് ഈ ദൃശ്യങ്ങൾ.

ഹൃദയാഘാതം മൂലം അന്തരിച്ച ഷാഹിദിന്റെ അന്ത്യകർമ്മങ്ങളിൽ ഹാഫിസ് സയീദിന്റെ അടുത്ത അനുയായികളും പാകിസ്താൻ മർക്കസി മുസ്ലിം ലീഗ് നേതാക്കളും പങ്കെടുത്തത്‌ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സയീദ്.

ലഷ്‌കറെ തൊയ്ബയുടെ രാഷ്ട്രീയ നിഴൽരൂപമായ പാകിസ്താൻ മർക്കസി മുസ്ലിം ലീഗ് (PMML) ആണ് ഈ വീഡിയോ പുറത്തുവിട്ടത്. പിഎംഎംഎൽ ഇസ്ലാമാബാദ് മേധാവി ഇനാമുർ റഹ്‌മാൻ കംബോയെ ശവസംസ്‌കാര ചടങ്ങിന്റെ ചിത്രങ്ങളിൽ കണ്ടിരുന്നു. ഇതിനുപുറമെ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അബ്ദുള്ള ടൂർ, സോണൽ ജനറൽ സെക്രട്ടറി ഹാഫിസ് ഉമർ, ഖിദ്മത്ത് കമ്മിറ്റി ചെയർമാൻ അംജദ് ഭട്ടി തുടങ്ങിയവരും പങ്കെടുത്തു.

മരിച്ചയാൾക്കായി ഇവർ വരിയായി നിന്ന് പ്രാർത്ഥിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭീകരവാദികൾക്ക് പാകിസ്താനിൽ ലഭിക്കുന്ന സുരക്ഷിതമായ സാഹചര്യത്തെയും പരസ്യമായ പ്രവർത്തന സ്വാതന്ത്ര്യത്തെയും ഈ സംഭവം അടിവരയിട്ടു കാണിക്കുന്നുവെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. എന്നാൽ ഇതേക്കുറിച്ച് ഷുഹൈബ് അക്തർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹൃദയാഘാതം മൂലമാണ് ഷാഹിദ് അക്തർ മരിച്ചത് എന്നാണ് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.


Mathrubhumi News 1 hour ago
Home Flash News