ഫ്രാൻസിൽ വിമാനം തകർന്നു വീണ് 11 മരണം
നാൻസി∙ കിഴക്കൻ ഫ്രാൻസിലെ നാൻസിക്ക് സമീപം ടോംബ്ലെയ്ൻ വിമാനത്താവളത്തിനടുത്ത് സിവിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ പൈലറ്റും അഞ്ച് സ്കൈഡൈവിങ് വിദ്യാർഥികളും അഞ്ച് ഇൻസ്ട്രക്ടർമാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 11 പേരും മരിച്ചു. ഞായറാഴ്ചയാണ് ഫ്രാൻസിനെ ഞെട്ടിച്ച വൻ വിമാനദുരന്തമുണ്ടായത്. ആദ്യമായി സ്കൈഡൈവിങ് നടത്തുന്നവർക്കുള്ള പരിശീലന പറക്കലിനിടെയായിരുന്നു അപകടം.
ജർമനിയിൽ റജിസ്റ്റർ ചെയ്ത വിമാനമാണ് നാൻസി-എസ്സേ എയറോഡ്രോമിലെ റൺവേക്ക് സമീപമുള്ള പുൽത്തകിടിയിലേക്ക് തകർന്നു വീണത്. ഒരു പ്രാദേശിക ഷോപ്പിങ് മാളിന് തൊട്ടടുത്താണ് വിമാനം പതിച്ചതെന്ന് മെർത്ത്-എ-മൊസെൽ പ്രവിശ്യാ മേധാവി ഈവ് സെഗു മാധ്യമങ്ങളോട് പറഞ്ഞു. ഏതാനും മീറ്ററുകളുടെ വ്യത്യാസത്തിലാണ് വലിയൊരു ദുരന്തം ഒഴിവായതെന്നും വിമാനത്തിലുണ്ടായിരുന്നവർ അല്ലാതെ പ്രദേശത്തുണ്ടായിരുന്ന മറ്റാർക്കും പരുക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രാദേശിക സ്കൈഡൈവിങ് ക്ലബിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ വിമാനം.
അപകടത്തെത്തുടർന്ന് പ്രദേശത്ത് ഉടനടി രക്ഷാപ്രവർത്തനം ആരംഭിച്ചു. സുരക്ഷ മുൻനിർത്തി ടോംബ്ലെയ്ൻ വിമാനത്താവള പരിസരത്തുനിന്ന് പൊതുജനങ്ങൾ പൂർണ്ണമായും മാറിനിൽക്കണമെന്ന് പൊലീസും നിർദ്ദേശിച്ചിട്ടുണ്ട്. വിമാനം തകരാൻ ഇടയായ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ സാങ്കേതിക അന്വേഷണം ആരംഭിച്ചതായും നാൻസി ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ അമോറി ലക്കോട്ടെ അറിയിച്ചു. ഇൻവെസ്റ്റിഗേഷൻ സംഘം ദൃക്സാക്ഷികളുടെ മൊഴികൾ ശേഖരിച്ചു വരികയാണ്.