Select Location
All Locations
State
Region
City / District
ബെംഗളൂരു മെട്രോ ഫേസ് 3: ഡബിൾ ഡെക്കർ ഫ്ലൈഓവറുകൾ വേണ്ട,വന്നാൽ മെട്രോ യാത്രക്കാർ കുറയും,റിപ്പോർട്ട്

ബെംഗളൂരു മെട്രോ ഫേസ് 3: ഡബിൾ ഡെക്കർ ഫ്ലൈഓവറുകൾ വേണ്ട,വന്നാൽ മെട്രോ യാത്രക്കാർ കുറയും,റിപ്പോർട്ട്

ബെംഗളൂരു: നമ്മ മെട്രോ ഫേസ് 3 പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഡബിൾ ഡെക്കർ ഫ്ലൈഓവർ നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾക്ക് തിരിച്ചടിയാകുമെന്ന് പഠന റിപ്പോർട്ട്. ഐ ഐ സി സസ്റ്റൈനബിൾ ട്രാൻസ്പോർട്ടേഷൻ ലാബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇത് സബംന്ധിച്ച് മുന്നറിയിപ്പുള്ളത്. ഫേസ് 3 കോറിഡോറുകളിൽ ഡബിൾ ഡെക്കർ റോഡ് സംവിധാനം കൂടി കൊണ്ടുവന്നാൽ മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 8.09 ലക്ഷത്തിൽ നിന്ന് 7.98 ലക്ഷമായി കുറയുമെന്നാണ് കണ്ടെത്തൽ.

കൂടുതൽ റോഡ് സൗകര്യങ്ങൾ വരുന്നത് ആളുകളെ പൊതുഗതാഗതത്തിൽ നിന്ന് സ്വന്തം വാഹനങ്ങളിലേക്ക് മാറാൻ പ്രേരിപ്പിക്കുമെന്ന് പഠനത്തിൽ പറയുന്നു. നഗരത്തിലെ തിരക്ക് കുറച്ച് ഗതാഗതം സുഖമമാക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച മെട്രോ പദ്ധതിക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നും കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ഐ ഐ സി ചൂണ്ടിക്കാട്ടി.

ഡബിൾ ഡെക്കർ പാതകൾ വരുന്നതോടെ 2041-ഓടെ നഗരത്തിലെ ആളുകളുടെ യാത്രാ ശീലങ്ങളിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതനുസരിച്ച് ബസ് യാത്രക്കാരുടെ എണ്ണത്തിൽ 6.4 ശതമാനവും മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ 1.4 ശതമാനവും കുറവുണ്ടാകും. അതേസമയം നഗരത്തിലെ കാർ ഉപയോഗം 3.8 ശതമാനവും ഇരുചക്ര വാഹന യാത്രകൾ 1.28 ശതമാനവും ഓട്ടോ, ടാക്സി സർവീസുകൾ 2.8 ശതമാനവും വർദ്ധിക്കുമെന്നും പഠനത്തിൽ പറയുന്നുണ്ട്. തുടക്കത്തിൽ ഗതാഗതക്കുരുക്ക് കുറയാൻ ഡബിൾ ഡെക്കർ പാതകൾ സഹായിക്കുമെന്ന് തോന്നിയേക്കാം. എന്നാൽ പാതകൾ വരുന്നതോടെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടും. സ്വാഭാവികമായും ഇത് കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകും. പരിസ്ഥിതി മലിനീകരണം രൂക്ഷമാകുന്ന അവസ്ഥ വരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നഗരത്തിൽ പ്രതിദിനം 17,012 കിലോഗ്രാം കാർബൺ ഡയോക്സൈഡ് അധികമായി പുറന്തള്ളപ്പെടും. കൂടാതെ ഇന്ധന ഉപഭോഗത്തിൽ പ്രതിദിനം 7,000 ലിറ്ററിന്റെ വർദ്ധനവുണ്ടാകും. ഇത് വഴി ജനങ്ങൾക്ക് ദിവസേന 6.45 ലക്ഷം രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണുണ്ടാകുക.

മെട്രോ ഫേസ് 3-ൽ ഡബിൾ ഡെക്കർ റോഡ് ഉൾപ്പെടുത്തുന്നത് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷന്റെ (ബി എം ആർ സി എൽ) നിർമ്മാണച്ചെലവ് 2,863.53 കോടി രൂപ വർദ്ധിപ്പിക്കും. വലിയ നിർമ്മിതികൾ, ആഴത്തിലുള്ള അടിത്തറകൾ എന്നിവ ചെലവ് കൂടാൻ കാരണമാകും. പദ്ധതിയുടെ സാമ്പത്തിക ലാഭത്തെ തന്നെ ഇത് ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. ബെംഗളൂരു നഗരത്തിനായി നിലവിൽ അംഗീകരിച്ചിട്ടുള്ള 'കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാനിന്റെ' ഭാഗമല്ല ഈ ഡബിൾ ഡെക്കർ പദ്ധതിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിനാൽ പുതിയ അനുമതികളില്ലാതെ പദ്ധതിയുമായി മുന്നോട്ട് പോയാൽ അത് നിയമപരമായ തടസ്സങ്ങൾക്ക് കാരണമായേക്കാം. ഫ്ലൈഓവറുകളും തുരങ്കപാതകളും ഗതാഗതക്കുരുക്ക് പൂർണ്ണമായി ഇല്ലാതാക്കില്ലെന്നും അവ കുരുക്കുകളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ ആശിഷ് വർമ്മ പറഞ്ഞു. ഈ പദ്ധതി സാങ്കേതികമായും സാമ്പത്തികമായും പരിസ്ഥിതിപരമായും ബെംഗളൂരുവിന് അനുയോജ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


One India Malayalam 1 hour ago
Home Flash News