കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്
പാലക്കാട്: കേന്ദ്രം ഫണ്ട് നല്‍കിയിട്ടും ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ 38 ഓഫീസുകളിലായി അഞ്ഞൂറോളം ജീവനക്കാര്‍ക്കാണ് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം മുടങ്ങിയിരിക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയം ജീവനക്കാരുടെ ശമ്പളവും അലവന്‍സും ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന് കൃത്യമായി നല്‍കിയിട്ടും ഫിനാന്‍സ് വകുപ്പ് തുടര്‍ച്ച അനുമതി നല്‍കാത്തതാണ് ജീവനക്കാരെ ദുരിതത്തിലാക്കിയത്. ദേശീയപാതയ്‌ക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കാനും സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കാനും റവന്യൂ വകുപ്പിന് കീഴില്‍ ആരംഭിച്ച സ്പെഷ്യല്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസിലെ ജീവനക്കാരുടെ ശമ്പളമാണ് മൂന്നുമാസമായി മുടങ്ങിക്കിടക്കുന്നത്. ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നിലുണ്ടെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല. സ്ഥലമേറ്റെടുപ്പും മറ്റു ജോലികളും ദേശീയപാത അതോറിറ്റിയുടെ കീഴിലായതിനാല്‍ ഉദ്യോഗസ്ഥരുടെ ശമ്പളം ഉള്‍പ്പെടെയുള്ളവ നല്‍കുന്നതിന് അതോറിറ്റിക്ക് പ്രത്യേക ഫണ്ടുണ്ട്. ശമ്പളവും അലവന്‍സും നല്‍കാനുള്ള തുക ഇക്കഴിഞ്ഞ ഏപ്രിലില്‍ ദേശീയപാത അതോറിറ്റി, സംസ്ഥാന ഫിനാന്‍സ് വകുപ്പിന് കൈമാറിയിരുന്നു. മാത്രമല്ല, പ്രസ്തുത ഓഫീസുകളുടെ തുടര്‍ച്ചാനുമതിക്കായുള്ള അപേക്ഷ കഴിഞ്ഞവര്‍ഷം നവംബറില്‍ തന്നെ നല്‍കുകയും ചെയ്തതാണ്. എന്നാല്‍ വികസന വിരോധവും രാഷ്‌ട്രീയ മുതലെടുപ്പും മൂലം പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. പിന്നീട് അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാരും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
പാലക്കാട്- കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പും ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമായി പാലക്കാട് അഞ്ച് ഓഫീസുകളാണ പ്രവര്‍ത്തിക്കുന്നത്. ഒരു ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍, മൂന്ന് സ്പെഷല്‍ തഹസില്‍ദാര്‍മാര്‍, ഒരു സീനിയര്‍ സൂപ്രണ്ട് ഉള്‍പ്പെടെ 80 ഉദ്യോഗസ്ഥരാണ് പാലക്കാട് ജോലിചെയ്യുന്നത്. ഇതിനോടകം തന്നെ പദ്ധതിയുടെ 90 ശതമാനം സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സേലം- കൊച്ചി ദേശീയപാതയില്‍ മരുതറോഡില്‍ നിന്നാരംഭിച്ച് മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍ കുഞ്ഞുകുളത്താണ് ജില്ലയിലെ ഭാഗം അവസാനിക്കുന്നത്. തുടര്‍ന്ന് മലപ്പുറം വഴി കോഴിക്കോട് പന്തീരാങ്കാവില്‍ അവസാനിക്കും. 5000 ത്തിലധികം കോടി രൂപ ചെലവഴിച്ച് 121 കിലോമീറ്റര്‍ പാത പൂര്‍ത്തിയാവുന്നതോടെ ഒന്നരമണിക്കൂറില്‍ പാലക്കാട്ട് നിന്ന് കോഴിക്കോട് എത്താം.