'ഉറക്കമില്ലാത്ത രാത്രികളും, നഷ്ടപ്പെട്ട ഉത്സവങ്ങളും..'; ഡോക്ടർമാരുടെ ത്യാഗങ്ങൾ എണ്ണിപ്പറഞ്ഞ് ഡോ അരുൺ ഉമ്മൻ
ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി ന്യൂറോസർജൻ ഡോ അരുൺ ഉമ്മന്‍റെ ആശംസ സന്ദേശം. സർജിക്കൽ ഗൗണിനപ്പുറം ഒരു സർജന്‍റെ മനസ്സ് പറയാതെ പോകുന്ന കഥ എന്ന തലക്കെട്ടോടെയുള്ള കുറിപ്പിൽ ഡോക്ടർമാർ ജീവിതത്തിൽ ത്യജിക്കുന്ന കാര്യങ്ങളെയാണ് അരുൺ ഉമ്മൻ ഓർമപ്പെടുത്തുന്നത്. വൈദ്യശാസ്ത്രം രോഗം മാറ്റുന്ന ശാസ്ത്രം മാത്രമല്ല. മറ്റൊരാളുടെ വേദന സ്വന്തം ഹൃദയത്തെ മുറിപ്പെടുത്താതെ നിശബ്ദമായി ചുമക്കുന്ന ഒരു കല കൂടെയാണ്. ഓരോ ഡോക്ടർക്കും പിന്നിൽ ഒരു മനുഷ്യനുണ്ട്. വൈദ്യശാസ്ത്രം അതിവേഗം മാറുകയാണ്. AI സ്കാനുകൾ സെക്കൻഡുകൾക്കുള്ളിൽ വിശകലനം ചെയ്യും. റോബോട്ടുകൾ സങ്കീർണ്ണമായ സർജറികളിൽ സഹായിക്കും. സാങ്കേതികവിദ്യ ആരോഗ്യരംഗത്തെ കൂടുതൽ മികച്ചതാക്കുന്നു. പക്ഷേ പേടിച്ചുവിറയ്ക്കുന്ന തോളിൽ തട്ടി ആശ്വസിപ്പിക്കുന്ന ഒരു കൈയുടെ സ്പർശത്തിന് പകരം വെക്കാൻ ഒരു യന്ത്രത്തിനും കഴിയില്ല. ദുഃഖിതരായ ഒരു കുടുംബത്തിന്‍റെ നിശ്ശബ്ദത ഒരു അൽഗോരിതത്തിനും മനസ്സിലാവില്ല. 'ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാം' എന്ന് പറഞ്ഞ് ധൈര്യം പകരാൻ ഒരു കമ്പ്യൂട്ടറിനും കഴിയില്ല എന്നും ഡോ അരുൺ കുറിച്ചു.
'ഒരു ന്യൂറോ സർജൻ എന്ന നിലയിൽ, ആ നിമിഷത്തിലൂടെ നൂറുകണക്കിന് തവണ താൻ നടന്നു നീങ്ങിയിട്ടുണ്ട്. ചിലപ്പോൾ ഞാൻ പുറത്തേക്ക് ചെന്ന് പറയും, “സർജറി വിജയകരമായിരുന്നു.” ഒരു സെക്കൻഡിൽ കണ്ണീർ പുഞ്ചിരിയാവും. കൂപ്പിയ കൈകൾ ആലിംഗനമാവും. ശ്വാസം വിടാൻ പോലും മറന്ന കുടുംബത്തിലേക്ക് പ്രതീക്ഷ വീണ്ടും തിരിച്ചെത്തും. എന്നാൽ വേറെയും ചില ദിവസങ്ങളുണ്ട്. ഒരു അമ്മയോട് “നിങ്ങളുടെ കുഞ്ഞ് ഇനി ഉണരില്ല” എന്ന് പറയേണ്ടി വരുന്ന ദിവസങ്ങൾ. “ഡോക്ടറേ, അവൾ എന്നെ ഇനി തിരിച്ചറിയുമോ?” എന്ന് ഒരു ചെറുപ്പക്കാരൻ ഭർത്താവ് വിറയലോടെ ചോദിക്കുന്ന ദിവസങ്ങൾ', ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഒരു മെഡിക്കൽ ടെക്സ്റ്റ്ബുക്കും നമ്മെ പഠിപ്പിക്കുന്നില്ല എന്നും അരുൺ പറയുന്നു. എമർജൻസി സർജറി കാരണം കുടുംബത്തോടൊപ്പമുള്ള അത്താഴം ഒഴിവാക്കേണ്ടി വരുന്ന മകൻ അല്ലെങ്കിൽ മകൾ. OT-യുടെ ഇടനാഴിയിൽ നിന്ന് വീഡിയോ കോളിലൂടെ മക്കളുടെ പിറന്നാൾ കാണുന്ന അച്ഛൻ അല്ലെങ്കിൽ അമ്മ. അർദ്ധരാത്രിയിൽ ഫോൺ റിംഗ് ചെയ്യുമെന്ന് അറിയാവുന്ന, ഉറക്കത്തേക്കാൾ ഒരു ജീവനാണ് വലുതെന്ന് മനസ്സിലാക്കുന്ന ജീവിതപങ്കാളി. ആളുകൾ ഡോക്ടർമാരെ അറിവിന്‍റെ ആൾരൂപമായാണ് കാണുന്നത്. പക്ഷേ ആ വെള്ളക്കോട്ടിനടിയിൽ മറഞ്ഞിരിക്കുന്ന ത്യാഗങ്ങൾ വളരെ കുറച്ച് പേർ മാത്രമേ കാണുന്നുള്ളൂ.