സംസാരിക്കാനോ കേൾക്കാനോ കഴിയില്ല; ശമ്പളമില്ലാത്ത ട്രാഫിക് പൊലീസായി അറുമുഖം, നിയന്ത്രിക്കുന്നത് ആംഗ്യഭാഷയിലൂടെ
കഴിഞ്ഞ മൂന്ന് വർഷമായി തിരുനെൽവേലിയിലെ പാലയങ്കോട്ടൈ മാർക്കറ്റ് ജങ്ഷനിൽ മുടങ്ങാതെ ട്രാഫിക് നിയന്ത്രിക്കുകയാണ് അറുമുഖം വർഷങ്ങളായി ശമ്പളിമല്ലാതെ ട്രാഫിക് നിയന്ത്രിച്ച് ജന്മനാ സംസാര-കേൾവി ശേഷിയില്ലാത്ത ഒരു അമ്പതുകാരൻ. തിരുനൽവേലി സ്വദേശിയായ അറുമുഖമാണ് ട്രാഫിക് നിയന്ത്രണം സ്വയം ഏറ്റെടുത്ത് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി തിരുനെൽവേലിയിലെ പാലയങ്കോട്ടൈ മാർക്കറ്റ് ജംഗ്ഷനിൽ മുടങ്ങാതെ ട്രാഫിക് നിയന്ത്രിക്കുകയാണ് അറുമുഖം.
ശമ്പളമോ പദവിയോ ഇല്ലാതെ എല്ലാ ദിവസവും വൈകുന്നേരം തിരക്കുള്ള സമയത്താണ് അറുമുഖം റോഡിലേക്ക് ഇറങ്ങുന്നത്. തിരക്കുപിടിച്ച റോഡിൽ കുടുങ്ങികിടക്കുന്ന വാഹനങ്ങൾക്ക് അറുമുഖം വഴിക്കാട്ടിയാണ്. ആംഗ്യഭാഷയിലൂടെയാണ് സന്ദേശങ്ങൾ നൽകുന്നത്. നാട്ടുകാർക്കും യാത്രക്കാർക്കും ഏറെ പ്രിയപ്പെട്ടവനാണ് അറുമുഖം. 2004-ൽ വനംവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് റോഡപകടത്തിൽ മരിച്ചതാണ് അറുമുഖത്തിന്റെ ജീവിതത്തിന് വഴിത്തിരിവായത്. മറ്റാർക്കും ഇത്തരമൊരു ദുരന്തം സംഭവിക്കരുതെന്ന ആഗ്രഹമാണ് അദ്ദേഹത്തെ പൊതുസേവനത്തിലേക്ക് നയിച്ചത്.
സെവലപ്പേരി റോഡിലെ ഒരു സ്കൂളിന് സമീപം വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സഹായിച്ചാണ് അറുമുഖം സേവനം ആരംഭിച്ചത്. പിന്നീട് വാഹനത്തിരക്ക് കൂടുതലുള്ള പാലയങ്കോട്ടൈ മാർക്കറ്റ് ജംഗ്ഷനിലേക്ക് വന്നു. ഇപ്പോൾ എല്ലാ ദിവസവും വൈകിട്ട് ആറ് മണി മുതൽ രാത്രി 11 വരെ അഞ്ച് മണിക്കൂർ ട്രാഫിക് നിയന്ത്രിക്കും. മഴയോ വെയിലോ മറ്റ് അസൗകര്യങ്ങളോ കാര്യമാക്കാതെയാണ് അറുമുഖത്തിന്റെ നിയന്ത്രണം.