'കീഴടങ്ങാനില്ല, വേണ്ടത് അന്തസ്സുള്ള സമാധാനം'; സിന്ധുനദി ജലക്കരാർ തർക്കത്തിൽ ഇന്ത്യയോട് ബിലാവൽ ഭൂട്ടോ
ഇന്ത്യയുമായി അന്തസ്സുള്ള സമാധാനവും നിയമപരമായ ചർച്ചയുമാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി. സിന്ധുനദി ജലക്കരാർ ലംഘിക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ബിലാവൽ രാജ്യത്തിന്റെ ജലാവകാശങ്ങളിൽ പാകിസ്താൻ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും വ്യക്തമാക്കി. അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ 1960-ലെ സിന്ധുനദി ജലക്കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ച പശ്ചാത്തലത്തിലാണ് പാക് നേതൃത്വത്തിന്റെ ഈ പ്രതികരണം. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്താൻ ശക്തവും കൃത്യവുമായ നടപടി സ്വീകരിക്കുന്നതുവരെ കരാർ പുനഃസ്ഥാപിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
പാകിസ്താൻ കീഴടങ്ങുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് പാകിസ്താനെക്കുറിച്ച് അറിയില്ല. സിന്ധുനദി ഒരു സമ്മർദ്ദ തന്ത്രമോ ചർച്ചകൾക്കുള്ള വിലപേശൽ മാർഗ്ഗമോ അല്ല. അത് ഇന്ത്യയുടെ കൈയിലെ ആയുധവുമല്ല, മറിച്ച് പാകിസ്താന്റെ ജീവരേഖയാണ്. ആ ജീവരേഖയെ ഞെരുക്കാൻ ശ്രമിച്ചാൽ രാജ്യത്തിന്റെ നിലനിൽപ്പിനുള്ള ഭീഷണിയായി അതിനെ കണക്കാക്കും," ബിലാവൽ ഭൂട്ടോ പറഞ്ഞു. സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ പരമാധികാരത്തിലും ജലാവകാശത്തിലും ഒരു തരത്തിലുള്ള കീഴടങ്ങലിനും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.