Select Location
All Locations
State
Region
City / District
എഐഎഡിഎംകെയ്ക്ക് ഇത് എന്തുപറ്റി; പാര്‍ട്ടിയെ വിജയ് കൊണ്ടുപോയോ?

എഐഎഡിഎംകെയ്ക്ക് ഇത് എന്തുപറ്റി; പാര്‍ട്ടിയെ വിജയ് കൊണ്ടുപോയോ?

എംജിആറും ജയലളിതയും നയിച്ച പാര്‍ട്ടി തമിഴ്നാട്ടില്‍ വേരറ്റുപോകുമോ? അണ്ണാ ഡിഎംകെ അപ്രസക്തമാകുന്ന കാഴ്ചയ്ക്കാണ് ഇപ്പോള്‍ തമിഴ്നാട് സാക്ഷിയാകുന്നത്. ടിവികെ അധികാരമേറ്റത് മുതല്‍ തുടങ്ങിയതാണ് അണ്ണാ ഡിഎംകെയിലെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞദിവസം രാജിവച്ച എം.ആര്‍. വിജയഭാസ്കര്‍ കൂടി ആകുമ്പോള്‍ പാര്‍ട്ടിവിട്ട് ഇറങ്ങിയ നേതാക്കളുടെ എണ്ണം ആറായി.

ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ എന്ന് പറയുന്നത് പോലെയാണ് തമിഴ്നാട്ടില്‍ ടിവികെയുടെ വളര്‍ച്ചയും എഐഎഡിഎംകെയുടെ തളര്‍ച്ചയും. പാര്‍ട്ടി വിടുന്ന എംഎല്‍എമാരെല്ലാം നേരെ കയറിച്ചെല്ലുന്നത് ടിവികെ പാളയത്തിലേക്കാണ്. മുങ്ങുന്ന കപ്പലെന്ന് തന്നെ അണ്ണാ ഡിഎംകെയെ പറയാം. ടിവികെയുടെ ഉദയത്തോടെ ഒരുകാലത്ത് തമിഴകത്തെ വിരല്‍ത്തുമ്പില്‍ നിര്‍ത്തിയ ശക്തികേന്ദ്രമാണ് ക്ഷയിക്കുന്നത്. ദ്രാവിഡ പാര്‍ട്ടികളെ അപ്രസക്തമാക്കുന്ന സാമൂഹിക മാറ്റത്തിനാണ് തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്. വിജയ്‌യെ അകറ്റിനിര്‍ത്താന്‍ ചിരവൈരികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും കൈകോര്‍ക്കുന്നെന്ന പ്രതീതിപോലും തമിഴ്നാട്ടിലുണ്ടായത് യാദൃച്ഛികമല്ല. ഭരിക്കാന്‍ ഭൂരിപക്ഷമില്ലാതിരുന്ന ടിവികെയെ പിന്തുണയ്ക്കണമെന്ന നിലപാട് ആദ്യം ഉയര്‍ന്നത് എഐഎഡിഎംകെയില്‍ നിന്നായിരുന്നു. ഇക്കാര്യത്തില്‍ എംഎല്‍എമാര്‍ പരസ്യ നിലപാടെടുത്ത് പാര്‍ട്ടിയില്‍ ചില്ലറ പ്രതിസന്ധിയല്ല ഉണ്ടാക്കിയത്. പിന്തുണയ്ക്കേണ്ടതില്ലെന്ന പരസ്യനിലപാട് എടപ്പാടി പളനിസ്വാമി എടുത്തപ്പോള്‍ വിമതര്‍ സ്വരം കടുപ്പിച്ചു.


Manorama News 1 hour ago
Home Flash News