നിരോധിത ആപ്പുകളും ഓൺലൈൻ ഉള്ളടക്കവും ലഭിക്കാൻ വിപിഎൻ ടൂളുകൾ; ഇന്ത്യ കടുത്ത നടപടിക്കൊരുങ്ങുന്നു
വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) സേവനദാതാക്കളെ നിയന്ത്രിക്കുന്നതിനായി വിപുലമായ ഒരു നിയമനിർമാണത്തിന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. പുതിയ നിയമപ്രകാരം വിപിഎൻ കമ്പനികൾക്ക് ഇന്ത്യയിൽ പ്രാദേശിക ഓഫീസുകൾ ഉണ്ടായിരിക്കണമെന്നും സർക്കാരുമായി ആശയവിനിമയം നടത്തുന്നതിനായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നുമാണ് പ്രധാന വ്യവസ്ഥയെന്നാണ് വിവരം.
ഉപയോക്താക്കളുടെ പേര്, ഇമെയിൽ ഐഡി, കോൺടാക്റ്റ് നമ്പറുകൾ, ഐപി അഡ്രസുകൾ എന്നിവയുൾപ്പെടെയുള്ള വലിയ തോതിലുള്ള വിവരങ്ങൾ സൂക്ഷിച്ചുവെക്കാൻ വിപിഎൻ കമ്പനികളോട് ആവശ്യപ്പെട്ടുകൊണ്ട് 2022ൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം വിവാദപരമായ ഒരു നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ, 2022-ലെ ഈ നിർദ്ദേശങ്ങൾ വിചാരിച്ച ഫലം കണ്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനിർമ്മാണം ആവശ്യമാണെന്ന് സർക്കാർ കരുതുന്നത്. സർക്കാർ നിരോധിച്ച ആപ്പുകളും മറ്റ് ഓൺലൈൻ ഉള്ളടക്കങ്ങളും ലഭ്യമാക്കാൻ ജനങ്ങൾ വിപിഎൻ വ്യാപകമായി ഉപയോഗിക്കുന്നു എന്നതാണ് സർക്കാരിന്റെ പ്രധാന ആശങ്കയെന്ന് 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.
പുതിയ നിയമപ്രകാരം വിപിഎൻ കമ്പനികൾ ഇന്ത്യയിൽ ഓഫീസുകൾ സ്ഥാപിക്കുകയും സർക്കാരിന്റെ പരാതികൾ പരിഹരിക്കാൻ 'കംപ്ലയൻസ് ഓഫീസർമാരെ' നിയമിക്കുകയും വേണ്ടിവരുമെന്ന് രണ്ട് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പ്രാദേശിക ജീവനക്കാർക്ക് ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള കർശന നടപടികളും പരിഗണനയിലുണ്ട്. ഇന്ത്യയുടെ 2021-ലെ ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം പ്രമുഖ സോഷ്യൽ മീഡിയ കമ്പനികൾക്ക് നിലവിൽ ഇത്തരം നിബന്ധനകളും ശിക്ഷാ നടപടികളും ബാധകമാണ്. "വിവിധ കാരണങ്ങളാൽ സർക്കാർ നിരോധിച്ച ഉള്ളടക്കങ്ങളും അക്കൗണ്ടുകളും ഓൺലൈൻ സേവനങ്ങളും വിപിഎൻ ഉപയോഗിച്ച് ഉപയോക്താക്കൾ ലഭ്യമാക്കുന്നത് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കാൻ ആവശ്യപ്പെട്ടുള്ള 2022-ലെ നിർദ്ദേശങ്ങൾ വിപിഎൻ കമ്പനികൾ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. അതിനാൽ ഈ കമ്പനികളെ നിയന്ത്രിക്കാൻ പൂർണ്ണമായ ഒരു നിയമം തന്നെ ആവശ്യമാണെന്ന് കരുതുന്നു," പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് അയച്ച ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചിട്ടില്ല. വിപിഎൻ സേവനങ്ങൾ ഉപയോക്താക്കളുടെ യഥാർത്ഥ ഐപി അഡ്രസ് മറച്ചുവെക്കാനും മറ്റ് രാജ്യങ്ങളിലെ സെർവറുകൾ വഴി ഇന്റർനെറ്റ് ഉപയോഗിക്കാനും സഹായിക്കുന്നു. ഇത് ഡാറ്റ വരുന്നത് മറ്റൊരു രാജ്യത്ത് നിന്നാണെന്ന് തോന്നിപ്പിക്കുകയും യഥാർത്ഥ സ്ഥലം ഒളിപ്പിച്ചു വെക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ നിയന്ത്രണ ഉത്തരവുകൾ സാധാരണയായി രാജ്യത്തിന്റെ പരിധിക്കുള്ളിൽ ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. അതിനാൽ, ഉദാഹരണത്തിന് അമേരിക്കയിലുള്ള ഒരു വിപിഎൻ സെർവർ ഉപയോഗിക്കുന്നതിലൂടെ ഇന്ത്യയിൽ നിരോധിച്ച സൈറ്റുകൾ ആളുകൾക്ക് സന്ദർശിക്കാൻ കഴിയും. സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള ഒരു വഴി കൂടിയായാണ് വിപിഎൻ സേവനങ്ങളെ കണക്കാക്കുന്നത്.
എന്തുകൊണ്ട് വിപിഎൻ?
വിപിഎൻ സേവനങ്ങൾ ഉപയോക്താക്കളുടെ ഐപി അഡ്രസ് മറച്ചുവെക്കാനും മറ്റ് രാജ്യങ്ങളിലെ സെർവറുകൾ വഴി ഇന്റർനെറ്റ് ഉപയോഗിക്കാനും സഹായിക്കുന്നു. അതിനാൽ ഉപയോക്താക്കൾക്ക് തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ ഇന്റർനെറ്റ് ഉപയോഗിക്കാനും ഇന്ത്യക്ക് പുറത്തുള്ള സെർവർ വഴി നിരോധിച്ച ഉള്ളടക്കങ്ങൾ കാണാനും സാധിക്കുന്നു. അടുത്ത കാലത്തായി ഇന്ത്യ ഓൺലൈൻ ഉള്ളടക്കങ്ങൾ നിരോധിക്കുന്നത് വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്. 2024-ൽ 12,000-ത്തിലധികം നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ച സ്ഥാനത്ത്, 2025-ൽ അത് 24,000 കടന്നിരുന്നു. സർക്കാർ നിരോധിക്കുന്ന ഉള്ളടക്കങ്ങളിലേക്ക് വിപിഎൻ വഴി പ്രവേശനം നൽകരുതെന്ന് കമ്പനികളോട് നേരിട്ട് ആവശ്യപ്പെടുന്നതിനാണ് ഇന്ത്യയിൽ ഔദ്യോഗിക പ്രതിനിധികൾ വേണമെന്ന് സർക്കാർ നിർബന്ധം പിടിക്കുന്നത്. അല്ലാത്തപക്ഷം നിരോധനം കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഉദാഹരണത്തിന്, നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി കേന്ദ്ര സർക്കാർ താൽക്കാലികമായി ടെലിഗ്രാം ബ്ലോക്ക് ചെയ്തപ്പോൾ, പ്രമുഖ വിപിഎൻ സേവനദാതാക്കളായ പ്രോട്ടോൺ വിപിഎൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യയിൽ നിന്ന് 120 ശതമാനത്തിലധികം വർധനവുണ്ടായതായി കമ്പനിയുടെ ജനറൽ മാനേജർ ഡേവിഡ് പീറ്റേഴ്സൺ വ്യക്തമാക്കിയിരുന്നു. ഈ വിവരം പങ്കുവെച്ചതിന് പിന്നാലെ പീറ്റേഴ്സന്റെ എക്സ് അക്കൗണ്ടും പോസ്റ്റും ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെട്ടു. 2022-ലെ നിർദ്ദേശപ്രകാരം ഉപയോക്താക്കളുടെ വിവരങ്ങൾ അഞ്ച് വർഷത്തേക്ക് സൂക്ഷിക്കാൻ വിപിഎൻ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രോട്ടോൺ വിപിഎൻ, നോർഡ് വിപിഎൻ, എക്സ്പ്രസ്സ് വിപിഎൻ, സർഫ്ഷാർക്ക് തുടങ്ങിയ മുൻനിര വിപിഎൻ കമ്പനികൾ ഇന്ത്യയിലുണ്ടായിരുന്ന തങ്ങളുടെ ഫിസിക്കൽ സെർവറുകൾ നീക്കം ചെയ്യുകയും സിംഗപ്പൂർ വഴി ഡാറ്റ റൂട്ട് ചെയ്യാൻ ആരംഭിക്കുകയും ചെയ്തിരുന്നു.
"വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള ഇത്തരം നിരീക്ഷണ നിയമങ്ങൾ അനുസരിക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല, അതുകൊണ്ടാണ് ഇന്ത്യൻ പരിധിയിൽ നിന്നും ഞങ്ങളുടെ വിപിഎൻ സെർവറുകൾ നീക്കം ചെയ്യാൻ നിർബന്ധിതരായത്," എന്നാണ് അന്ന് പ്രോട്ടോൺ വിപിഎൻ വ്യക്തമാക്കിയത്.