ആഞ്ഞടിച്ച് 'തൂഫാന്‍'; ഒരുമാസം കൊണ്ട് പിടിച്ചെടുത്തത് 30 കോടി രൂപയുടെ ലഹരിമരുന്ന്!
സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ലഹരി വിരുദ്ധ ക്യാംപെയ്‌നായ ഓപ്പറേഷന്‍ തൂഫാനില്‍ ഒരു മാസം കൊണ്ട് പിടിച്ചെടുത്തത് 30 കോടിയുടെ ലഹരി മരുന്ന്. കേരള പൊലീസ് മീഡിയ സെന്റര്‍ ആണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. ഒരു മാസം കൊണ്ട് 5353 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്താകെ 5736 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് മീഡിയ സെന്റര്‍ അറിയിച്ചു.
എറണാകുളത്ത് നിന്ന് പിടികൂടിയ 18 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് വേട്ട, 26 ലക്ഷം രൂപ വിലമതിക്കുന്ന മലപ്പുറത്തെ എംഡിഎംഎ വേട്ട എന്നി തൂഫാനിലെ പ്രധാന നേട്ടങ്ങളാണ്. ഒപ്പം പത്തനംതിട്ട പൊലീസിന്റെ ശാസ്ത്രീയാന്വേഷണത്തിലൂടെ ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും നൈജീരിയന്‍ സ്വദേശികളായ അന്താരാഷ്ട്ര ലഹരി വിതരണക്കാരെ അറസ്റ്റ് ചെയ്യാനായി.
കാസര്‍കോട്ടെ പുകയില നിര്‍മ്മാണ കേന്ദ്രം തകര്‍ത്ത് 15000 പാക്കറ്റ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതും ഈ ഒരു മാസത്തിനിടെയാണ്. കേരളത്തിലെ വിദ്യാലയങ്ങളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് വളരുന്ന ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസ് നടപ്പാക്കുന്ന പദ്ധതിയാണ് 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട്'. കേരളത്തിലുടനീളം ശക്തമായ ബോധവല്‍ക്കരണ ക്യാംപെയ്‌നും നടക്കുന്നുണ്ട്.
കേരള പൊലീസ് പങ്ക് വെച്ച ഫേസ്ബുക്ക് കുറിപ്പ് വായിക്കാം... കേരളത്തിലെ വിദ്യാലയങ്ങളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് വളരുന്ന ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട്' പദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ സമാനതകളില്ലാത്ത ലഹരി വേട്ടയ്ക്കാണ് കേരളം സാക്ഷിയായത്. 30 കോടിയുടെ നിരോധിത ലഹരി വസ്തുക്കളാണ് ഇതിനോടകം പിടിച്ചെടുത്തത്. ലഹരിവേട്ടയുടെ ഭാഗമായി ഒരു മാസക്കാലം സംസ്ഥാനമൊട്ടാകെ പോലീസ് നടത്തിയ പരിശോധനകളില്‍ 5353 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 5736 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 3706.743 ഗ്രാം എം.ഡി.എം.എ, 392.100 കി ഗ്രാം കഞ്ചാവ്, 3776.039 ഗ്രാം ഹാഷിഷ് ഓയില്‍, 4.85 ഗ്രാം ഹാഷിഷ്, 657.219 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 12.6709 ഗ്രാം മെത്താഫെറ്റാമിന്‍, 31.23 ഗ്രാം ഹെറോയിന്‍, 428 കഞ്ചാവ് ചെടികള്‍, 11 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 56 ഗ്രാം നൈട്രോസെപാം, 25.23 ഗ്രാം ഓപ്പിയം, 1.6 ഗ്രാം ചരസ്സ്, 3294 കഞ്ചാവ് ബീഡികള്‍ തുടങ്ങിയ മാരക ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.
ജൂണ്‍ 24-ന് എറണാകുളത്ത് നിന്ന് പിടികൂടിയ 18 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് വേട്ടയും, പത്തനംതിട്ട പോലീസിന്റെ ശാസ്ത്രീയാന്വേഷണത്തിലൂടെ ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും നൈജീരിയന്‍ സ്വദേശികളായ അന്താരാഷ്ട്ര ലഹരി വിതരണക്കാരെ അറസ്റ്റ് ചെയ്തതും 26 ലക്ഷം രൂപ വിലമതിക്കുന്ന മലപ്പുറത്തെ എംഡിഎംഎ വേട്ട, കാസര്‍കോട്ടെ പുകയില നിര്‍മ്മാണ കേന്ദ്രം തകര്‍ത്ത് 15000 പാക്കറ്റ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത് തുടങ്ങിയവയെല്ലാം പദ്ധതിയുടെ പ്രധാന നേട്ടങ്ങളാണ്.
ജൂണ്‍ 27ന് രാത്രി നടത്തിയ 'തൂഫാന്‍ സ്‌ട്രൈക്ക്' എന്ന സ്‌പെഷ്യല്‍ ഡ്രൈവിലൂടെ മാത്രം 799 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 806 പേരെ അറസ്റ്റിലാക്കുകയും ചെയ്തു.
സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ ശക്തമായ നിരീക്ഷണങ്ങളും പരിശോധനയും ഏര്‍പ്പെടുത്തിയതോടെ ലഹരി വില്പനയും വിപണനവും ഗണ്യമായി കുറഞ്ഞുവരുന്ന പ്രവണതയാണ് കാണാനാകുന്നത്. വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം ഓപ്പറേഷന്‍ തൂഫാനെ ശ്രദ്ധേയമാക്കി മാറ്റിയിട്ടുണ്ട്.
മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനായി വ്യാപനം ഫലപ്രദമായി തടയാനും കേന്ദ്ര ഏജന്‍സികളുടെ യോഗം ആഭ്യന്തര വകുപ്പുമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയിരുന്നു. ഇതിന്റെ ഫലമായി 'ടി-ഇന്റ്' എന്ന പ്രത്യേക യൂണിറ്റ് രൂപീകരിക്കാനും ഡ്രോണ്‍, സൈബര്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കാനും ഉന്നതതല യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് സ്‌കൂളുകളിലും കോളേജുകളിലുമായി ഇരുപത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പങ്കെടുത്ത തൂഫാന്‍ പ്രതിജ്ഞയും റാലികളും നടന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തര വകുപ്പ് മന്ത്രി 'തൂഫാന്‍ വാരിയര്‍' ബാഡ്ജ് വിതരണം നിര്‍വ്വഹിച്ചിരുന്നു. കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗങ്ങളിലെ സംഘടനകളും വ്യക്തികളും തൂഫാന്‍ വാരിയര്‍മാരായി മാറുന്ന കാഴ്ചയാണ് കാണാനാകുന്നത്. 140 നിയോജക മണ്ഡലങ്ങളിലും മന്ത്രിമാരും എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും അണിനിരന്ന നിരവധി പരിപാടികളും ശ്രദ്ധേയമായി. ലഹരിവ്യാപനത്തിനെതിരെ കര്‍ശന നിയമനടപടികള്‍ കൈക്കൊള്ളുന്നതിനോടൊപ്പം ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നു. ഇതിനോടകം 6005 ബോധവല്‍ക്കരണ ക്ലാസുകളും 279 കൗണ്‍സിലിങ്ങുകളും പോലീസ് സംഘടിപ്പിച്ചു.
15 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. സ്‌കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ അയ്യായിരത്തിഒരുന്നൂറിലധികം ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരിയ്ക്ക് അടിമപ്പെട്ടവരെ കൗണ്‍സിലിംഗിലൂടെയും പുനരധിവാസത്തിലൂടെയും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക എന്ന മാനുഷികമായ ലക്ഷ്യവും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുന്നേറുന്ന ഈ പദ്ധതിക്കുണ്ട്. ജൂണ്‍ രണ്ടിന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്ത പദ്ധതി ചുരുങ്ങിയ നാളുകള്‍കൊണ്ട് ലഹരിക്കെതിരെയുള്ള ശക്തമായ ജനകീയ പ്രതിരോധമായി മാറിയിട്ടുണ്ട്. സമൂഹത്തിലെ രാഷ്ട്രീയ- മത-സാമൂഹിക-സാംസ്‌ക്കാരിക നേതാക്കളുടെയും സിനിമാ താരം മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാരുടേയും പിന്തുണ ഉറപ്പാക്കിക്കൊണ്ട് ഓപ്പറേഷന്‍ തൂഫാനെ നിരന്തരമായ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം ശക്തമാക്കാന്‍ മതനേതാക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളും സാമൂഹിക, സാംസ്‌കാരിക സംഘടനകളും മാധ്യമങ്ങളും ഇതിനോടകം തൂഫാന്‍ പദ്ധതിക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയിട്ടുണ്ട്. ഈ 'കൊടുങ്കാറ്റ്' വരും മാസങ്ങളില്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്ര ശേഖര്‍ അറിയിച്ചു.