നാറ്റോയെ പരീക്ഷിക്കാൻ പോളണ്ടിനെ റഷ്യ ആക്രമിക്കുമോ? നുഴഞ്ഞുകയറ്റം, ഡ്രോൺ ആക്രമണം ഉണ്ടായേക്കാമെന്ന് US
വാഷിങ്ടൺ: യുക്രൈനുമായുള്ള യുദ്ധം തുടരുന്നതിനിടയിൽ, പോളണ്ടിനെതിരെ റഷ്യ സൈനിക പ്രകോപനത്തിന് പദ്ധതിയിടുന്നതായി മുന്നറിയിപ്പ് നൽകി അമേരിക്ക. നാറ്റോ സഖ്യത്തിന്റെ പ്രതികരണ ശേഷി പരിശോധിക്കുന്നതിനും യുക്രൈനുള്ള പാശ്ചാത്യ പിന്തുണ ദുർബലപ്പെടുത്തുന്നതിനുമായി പോളണ്ട് പ്രദേശത്ത് പരിമിതമായ സായുധ പ്രകോപനം സൃഷ്ടിക്കാൻ റഷ്യ ശ്രമിച്ചേക്കാമെന്നാണ് പോളണ്ടിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
മിസൈൽ ആക്രമണങ്ങൾ, ഡ്രോൺ ഉപയോഗിച്ചുള്ള കടന്നുകയറ്റങ്ങൾ അല്ലെങ്കിൽ അതിർത്തി ലംഘിച്ചുള്ള സൈനിക നീക്കങ്ങൾ എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം. ഇത്തരം പ്രകോപനത്തിലൂടെ യുക്രൈൻ യുദ്ധത്തിൽ അനുകൂലമായ ചർച്ചകൾക്ക് സമ്മർദ്ദം ചെലുത്താനാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ ശ്രമിക്കുന്നതെന്നാണു വിവരം.
ഇത്തരത്തിലുള്ള ഒട്ടേറെ മുന്നറിയിപ്പുകൾ പോളണ്ടിന് അമരിക്ക നൽകിയിട്ടുണ്ടെന്ന് പോളണ്ട് പ്രസിഡന്റ് കരോൾ നവ്റോക്കിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്പിലെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ റഷ്യ ഇതിനകംതന്നെ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നതായും വിവരമുണ്ട്. സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണങ്ങൾ, കൃത്രിമ വ്യോമാക്രമണങ്ങൾ, റഷ്യൻ അല്ലെങ്കിൽ ബെലാറഷ്യൻ സൈനികരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിമിതമായ നുഴഞ്ഞുകയറ്റം എന്നിവയെല്ലാം റഷ്യയുടെ പദ്ധതിയിൽ ഉൾപ്പെടുന്നു. റഷ്യയുടെ ഈ നീക്കം മാസങ്ങൾക്കുള്ളിൽ തന്നെ ഉണ്ടായേക്കാം. നാറ്റോയും റഷ്യയും തമ്മിൽ ഒരു സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങാതെ തന്നെ സംഘർഷം വർധിപ്പിക്കുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.
കൂടാതെ, ജിപിഎസ് പരാജയം മൂലം സൈനികർ അതിർത്തി കടന്നുവെന്നോ അല്ലെങ്കിൽ തകരാറിലായ ഒരു ഹെലികോപ്റ്റർ തിരിച്ചെടുക്കാൻ പോളണ്ടിൽ പ്രവേശിച്ചതാണെന്നോ പറഞ്ഞ് ഈ നുഴഞ്ഞുകയറ്റത്തെ അവിചാരിതമായി സംഭവിച്ച ഒന്നായി റഷ്യ വിശേഷിപ്പിച്ചേക്കാം. സമ്പൂർണമായ യുദ്ധത്തിലേക്ക് കടക്കാതെ തന്നെ നാറ്റോയുടെ പ്രതികരണം പരിശോധിക്കുക എന്നതാണ് റഷ്യ ഇത്തരം നുഴഞ്ഞുകയറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ പാശ്ചാത്യ സൈനിക നീക്കത്തെ നേരിടാനുള്ള ശേഷി റഷ്യക്കില്ല. റഷ്യൻ അല്ലെങ്കിൽ ബെലാറഷ്യൻ സൈനികർക്ക് നേരെ വെടിയുതിർക്കരുതെന്ന് പോളണ്ടിനുമേൽ അമേരിക്ക സമ്മർദ്ദം ചെലുത്തുമെന്ന് കരുതി സൈനിക നടപടിക്ക് പകരം ചർച്ചകൾക്ക് റഷ്യ ശ്രമിച്ചേക്കാം. പോളണ്ട് പ്രദേശം വിട്ടുപോകുന്നതിനുള്ള നിബന്ധനയായി യുക്രൈനുള്ള പാശ്ചാത്യ സൈനിക സഹായം അവസാനിപ്പിക്കാനും റഷ്യ ആവശ്യപ്പെട്ടേക്കാം.
ചർച്ചകൾക്ക് ശേഷം റഷ്യൻ സൈനികർ പിന്മാറുന്നത് ഒരു വിജയമായി അവർക്ക് ഉയർത്തിക്കാട്ടാനും കഴിയും. മാത്രമല്ല, പോളണ്ടിന് നേരെയുള്ള ഏതൊരാക്രമണത്തിന്റെയും ഉത്തരവാദിത്തം യുക്രൈനുമേൽ കെട്ടിവെക്കാനും റഷ്യ ശ്രമിച്ചേക്കാം. നാറ്റോയുടെ കിഴക്കൻ മേഖലയിൽ റഷ്യ നടത്താൻ സാധ്യതയുള്ള ആക്രമണ പദ്ധതികളെക്കുറിച്ച് അമേരിക്ക പോളണ്ടിനെ നിരന്തരം അറിയിക്കുന്നുണ്ടെന്ന് നവ്റോക്കിയുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. പോളണ്ടിന്റെ അതിർത്തിയിലുള്ള ബെലാറസിൽനിന്നോ റഷ്യയിൽനിന്നു തന്നെയോ കരമാർഗ്ഗമുള്ള നുഴഞ്ഞുകയറ്റം ഉണ്ടായേക്കാം. ഇത്തരമൊരു ആക്രമണത്തിനെതിരെ നാറ്റോ ശക്തമായി തിരിച്ചടിക്കുമെന്ന് കാണിക്കുന്നതിനായി പോളണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. റഷ്യയിലും റഷ്യൻ അധീനതയിലുള്ള പ്രദേശങ്ങളിലും യുക്രൈൻ ഏറ്റവും ഒടുവിലായി നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യയുടെ പ്രത്യാക്രമണത്തിൽ അഞ്ച് പേരും കൊല്ലപ്പെട്ടു. യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ അതിശക്തമായ ഡ്രോൺ-മിസൈൽ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഈ സംഭവങ്ങൾ. കീവിൽ കുറഞ്ഞത് 30 പേർ കൊല്ലപ്പെട്ടു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും 10 പേരെ കാണാതായതായും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി പറഞ്ഞു.
അടുത്തയാഴ്ച തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ യുക്രൈന് ഈ വർഷവും അടുത്ത വർഷവുമായി 80 ബില്യൺ ഡോളർ സൈനിക സഹായം നൽകാൻ നാറ്റോയിലെ യൂറോപ്യൻ അംഗങ്ങളും കാനഡയും തീരുമാനിച്ചിട്ടുണ്ട്. യുക്രൈനുള്ള അമേരിക്കയുടെ പിന്തുണ നിർത്തലാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന നീക്കത്തോടുള്ള പ്രതീകാത്മകമായ മറുപടിയാണിത് എന്നാണ് വിലയിരുത്തപ്പെടുന്നത്.