ഇനി തൂഫാൻ കെയർ, അമ്മമാർക്ക് ലഹരിമുക്തരായ മക്കളെ തിരിച്ചുനൽകും; പിഴയോ ജയിലോ പരിഹാരമാകില്ല–ചെന്നിത്തല
ലഹരിവേട്ടയ്ക്ക് കേരള സർക്കാർ 'തൂഫാൻ ദി നർക്കോ ഹണ്ട്' തുടങ്ങിയിട്ട് ഒരു മാസം. മുന്നോട്ടുള്ള പ്രവർത്തനങ്ങളെപ്പറ്റി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാതൃഭൂമിയുമായി സംസാരിക്കുന്നു.
- ഉണ്ട്. 70 കോടിയിലധികം ലഹരി ഉത്‌പന്നങ്ങൾ പിടിച്ചെടുത്തു. അയ്യായിരത്തിലധികം കേസുകൾ. 300 കിലോയിലധികം കഞ്ചാവ് പിടിച്ചു. ലഹരിയുടെ പിന്നാലെ പോകുന്നത് കൂടുതലും കുട്ടികളാണ്. അമ്മമാർക്ക് ലഹരിയിൽനിന്ന് മുക്തരാക്കിയ പ്രിയമക്കളെ തിരിച്ചുനൽകാൻ സർക്കാരും പോലീസും ഏതറ്റം വരെയും പോകും.
?ഇനി ചെയ്യാനുള്ളതെന്തെല്ലാം
കേരളമെമ്പാടും കുട്ടികളും മുതിർന്നവരും തൂഫാൻ വാറിയർ ആയി മാറി. മാതൃഭൂമി തന്നെ തൂഫാൻ വാറിയർ ആയി സർക്കാരിനോടൊപ്പമുണ്ട്. ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് - തൂഫാൻ സ്‌ട്രൈക്കേഴ്‌സ്, തൂഫാൻ വാറിയേഴ്സ് എന്നീ ഘട്ടത്തിൽനിന്ന് ഇനി ‘തൂഫാൻ കെയർ’ എന്ന കൂടുതൽ ശ്രമകരമായ ഘട്ടമാണ് വരുന്നത്. പിടിക്കപ്പെടുന്നവരെ പിഴ ചുമത്തിയോ ജയിലിലടച്ചോ മയക്കുമരുന്നിൽനിന്ന് നാടിനെ മുക്തമാക്കാനാവില്ല. അത് അവർക്ക് നൽകുന്നവരെ പിടികൂടി എത്രനാൾ മയക്കുമരുന്ന് ആ വ്യക്തിക്ക് അവർ നൽകി എന്ന് മനസ്സിലാക്കി ആവശ്യമായ ചികിത്സ (കെയർ) -നൽകണം.
കേരളത്തിന് പുറത്തുനിന്ന് ഇവിടേക്ക് മയക്കുമരുന്ന് കടത്തുന്ന വമ്പന്മാർക്കായി അതിർത്തികളിൽ വലവിരിച്ചുകഴിഞ്ഞു. അന്യസംസ്ഥാനങ്ങളുടെ സഹായവും ഉറപ്പാക്കും.
? എങ്ങനെ ചികിത്സ നൽകും
- കേരളത്തിലെ 35 ആശുപത്രികൾ തിരഞ്ഞെടുത്ത് അവിടെ മയക്കുമരുന്നിനടിമയായവരെ ചികിത്സിക്കുന്നതാണ് പദ്ധതി. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സ തുടങ്ങി. 20 പോലീസ് ജില്ലകളായി തിരിച്ച് പോലീസിന്റെയും നർക്കോട്ടിക്സ് വിഭാഗത്തിന്റെയും സജീവ ശ്രദ്ധയും ഇതിനുപിന്നിലുണ്ട്.
? ഡി.വൈ.എഫ്.ഐ. നേതാവ് റഹിം പറഞ്ഞത് മയക്കുമരുന്നിന് രക്തസാക്ഷികളായി തങ്ങളുടെ മൂന്നുപ്രവർത്തകരും ഉണ്ടെന്നാണ്
- ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ രാഷ്‌ട്രീയ-മത-ജാതി വ്യത്യാസമില്ല. ഡി.വൈ.എഫ്.ഐ.ക്കും സർക്കാരിന്റെ പോരാട്ടത്തിൽ പങ്കുചേരാം. അതിനെ സ്വാഗതം ചെയ്യുന്നു.