Select Location
All Locations
State
Region
City / District
തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; ബിജെപി സംസ്ഥാന സെക്രട്ടറി അടക്കം മൂന്നു പേരെ ചുമതലകളിൽ നിന്നും നീക്കി

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; ബിജെപി സംസ്ഥാന സെക്രട്ടറി അടക്കം മൂന്നു പേരെ ചുമതലകളിൽ നിന്നും നീക്കി

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് കോടികൾ മുക്കിയെന്ന കണ്ടെത്തലിനെത്തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം പി അഞ്ജന രഞ്ജിത്ത് അടക്കം മൂന്നുപേർക്കെതിരെ നടപടി. അഞ്ജനയെ കൂടാതെ സംസ്ഥാന സമിതി അംഗം പങ്ങാപ്പാറ രാജീവ്‌, തിരുവനന്തപുരം മേഖലാ സെക്രട്ടറി പള്ളിപ്പുറം വിജയകുമാർ എന്നിവരെയും പാർട്ടിയുടെ എല്ലാവിധ ചുമതലകളിൽ നിന്നും മാറ്റി.

സംസ്ഥാന അച്ചടക്ക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടപടി സ്വീകരിച്ചത്. അച്ചടക്ക നടപടിക്ക് വിധേയമായ കാര്യം എന്താണെന്ന് ഇതു സംബന്ധിച്ച് അറിയിപ്പിൽ പറയുന്നില്ല. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക ഓഡിറ്റിംഗ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് അതിഗുരുതരമായ സാമ്പത്തിക തിരിമറി വെളിച്ചത്തായത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആകെ 12 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കേന്ദ്ര ഓഡിറ്റിംഗ് സംഘത്തിന്റെ കണ്ടെത്തൽ. തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തിരുന്ന അഞ്ജന മാത്രം വ്യക്തിപരമായി 1.5 കോടി രൂപ തട്ടിയെടുത്തതായി ഓഡിറ്റിൽ വ്യക്തമായിട്ടുണ്ട്. പണം സൂക്ഷിച്ചിരുന്ന ഫണ്ട് പെട്ടികൾ വരെ ഓഫീസിൽ നിന്ന് കാണാതായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവരുന്നുണ്ട്.

തട്ടിയെടുത്ത തുക മുഴുവൻ അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് സംസ്ഥാന നേതൃത്വം അഞ്ജനയ്ക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. പണം തിരിച്ചടച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ചില മുതിർന്ന നേതാക്കൾക്കെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും അവർക്കെതിരെയും ഉടൻ നടപടിയുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ.

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റായി പുതിയ കമ്മിറ്റി ചുമതലയേറ്റ ശേഷമാണ് അഞ്ജനയ്ക്ക് സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ പ്രധാന ചുമതലകൾ ലഭിക്കുന്നത്.


News18Kerala 1 hour ago
Home Flash News