ദീർഘദൂര സർവീസുകൾ റദ്ദാക്കി കെഎസ്ആർടിസി; വൻ തുക മുടക്കേണ്ട ഗതികേടിൽ യാത്രക്കാർ: പ്രതിഷേധം
പാലാ ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള കൊന്നക്കാട്, പാണത്തൂർ സർവീസുകൾ ആഴ്ചയിൽ അവസാനം മാത്രമാക്കിയതായി പരാതി. എല്ലാ ദിവസവും കൊന്നക്കാടിനും പാണത്തൂർക്കും പോകേണ്ടെന്നാണ് അധികൃതരുടെ ഉത്തരവ്. കെഎസ്ആർടിസി സൈറ്റിൽ നിന്ന് ഷെഡ്യൂൾ ഒഴിവാക്കുകയും ചെയ്തു. പെരിക്കല്ലൂർ സർവീസ് ആഴ്ചയിൽ അവസാനം മാത്രമാക്കുകയും പിന്നീട് പൂർണമായും നിർത്തലാക്കുകയും ചെയ്തിരുന്നു. മുൻപ് അമ്പായത്തോട്, പഞ്ചിക്കൽ സർവീസുകളും ഇങ്ങനെ നിർത്തലാക്കിയിരുന്നു.
സൂപ്പർ ക്ലാസ് ടേക്ക് ഓവർ സർവീസുകൾ മുടക്കം കൂടാതെ നടത്തണമെന്ന ഉത്തരവുകൾക്കെതിരാണ് അധികൃതരുടെ ഈ നടപടിയെന്നാണ് പരാതി.
2 ദീർഘദൂര സർവീസുകൾ കൂടി ഇല്ലാതായതോടെ വലിയ തുക നൽകി സ്വകാര്യ കോൺട്രാക്ട് കാര്യേജ് സർവീസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള സൂപ്പർ ക്ലാസ് സർവീസുകൾ മുടക്കം വരുത്തുകയോ നിർത്തലാക്കുകയോ ചെയ്യുന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.ബെംഗളൂരു സർവീസ് നടത്തുന്ന ബസുകൾ തകരാറിലായി മുടങ്ങുന്നത് ഒഴിവാക്കാനായി 2 പുതിയ എസി ബസുകൾ ഡിപ്പോയ്ക്ക് അടിയന്തരമായി അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
മുൻകൂർ റിസർവേഷൻ എടുത്ത യാത്രക്കാർക്ക് സർവീസ് റദ്ദു ചെയ്യുന്നത് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മുടങ്ങിക്കിടക്കുന്ന പെരിക്കല്ലൂർ, തൃശൂർ, മാനന്തവാടി, അമ്പായത്തോട്, ഇൻഫ്രാ പാർക്ക്, തിരുവനന്തപുരം ഉൾപ്പെടെയുള്ള സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യവും ശക്തമാണ്.