20% എഥനോൾ ചേർത്തിട്ടും പെട്രോൾ വില കുറച്ചില്ല! എണ്ണ കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുകയാണോ?
ഇന്ത്യയിൽ ഇന്ന് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ (ഇ20 പെട്രോൾ) ചേർത്താണ് വിതരണം ചെയ്യുന്നത്. അതായത്, നിങ്ങൾ വാങ്ങുന്ന ഒരു ലിറ്റർ പെട്രോളിന്റെ അഞ്ചിലൊരു ഭാഗം കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് നിർമ്മിക്കുന്ന എഥനോൾ ആണ്. ഇതിനൊപ്പം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില ബാരലിന് 70 ഡോളർ എന്ന നിലയിൽ വളരെ താഴെയുമാണ്. ഇത്രയൊക്കെ അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇപ്പോഴും പെട്രോൾ വില കുറയാത്തത്? കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും ചേർന്ന് പൊതുജനങ്ങളെ കൊള്ളയടിക്കുകയാണോ എന്ന ചോദ്യം സ്വാഭാവികമായും ജനങ്ങൾക്കിടയിൽ ഉയരുന്നുണ്ട്. ഇതിനെല്ലാം മറുപടിയുമായി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
എഥനോൾ ചേർത്ത പെട്രോൾ വിപണിയിലിറക്കുന്നത് പെട്രോൾ വില കുറച്ചു നൽകാനല്ല, മറിച്ച് ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാനും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണെന്നാണ് മന്ത്രാലയത്തിന്റെ വിചിത്രമായ വിശദീകരണം. നിലവിലെ വിപണി സാഹചര്യത്തിൽ സാധാരണ പെട്രോളിനേക്കാൾ നിർമ്മാണച്ചെലവ് കൂടുതലാണ് ഇ20 പെട്രോളിന് എന്നതാണ് മന്ത്രാലയം പുറത്തുവിട്ട ഫാക്ട് ഷീറ്റിൽ വ്യക്തമാക്കുന്നത്. അപ്പോൾ ക്രൂഡ് ഓയിൽ വില 50 ഡോളർ എത്തിയാലും വലിയ വിലക്കുറവ് ജനങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല.
എന്തുകൊണ്ടാണ് ഇ20 പെട്രോളിന് വില കുറയാത്തത്? എണ്ണക്കമ്പനികളുടെ സാമ്പത്തിക ശാസ്ത്രം ലളിതമായി പറഞ്ഞാൽ, അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയ്ക്ക് വില കുറഞ്ഞിരിക്കുന്ന സമയത്ത് പെട്രോളിൽ എഥനോൾ ചേർക്കുന്നത് കമ്പനികൾക്ക് ലാഭമല്ല, മറിച്ച് നഷ്ടമാണ് ഉണ്ടാക്കുന്നത്. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില ദിവസവും മാറാറുണ്ട്. എന്നാൽ കർഷകർക്ക് കൃത്യമായ വരുമാനം ഉറപ്പാക്കാൻ സർക്കാർ എഥനോളിന് ഒരു നിശ്ചിത വില നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ചോളത്തിൽ നിന്ന് നിർമ്മിക്കുന്ന എഥനോൾ ഒരു ലിറ്ററിന് ഏകദേശം 71.86 രൂപ നിരക്കിലാണ് സർക്കാർ വാങ്ങുന്നത്. ഇതിന് പുറമെ ജിഎസ്ടി, ട്രാൻസ്പോർട്ടേഷൻ, സംഭരണച്ചെലവുകൾ എന്നിവ വേറെയും വരും.
നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് ബാരലിന് 70 ഡോളറാണ് വില. ഈ നിരക്കിൽ ശുദ്ധമായ പെട്രോൾ ഉത്പാദിപ്പിക്കുന്നതിനേക്കാൾ ചെലവേറിയതാണ് 71 രൂപയ്ക്ക് മുകളിൽ വിലയുള്ള എഥനോൾ വാങ്ങി പെട്രോളിൽ ചേർക്കുന്നത്. അതുകൊണ്ട് തന്നെ എഥനോൾ ചേർത്തതുകൊണ്ട് മാത്രം പെട്രോളിന്റെ ഉത്പാദനച്ചെലവ് കുറയുന്നില്ല. എന്നാൽ ഭാവിയിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയാണെങ്കിൽ (ഉദാഹരണത്തിന് ബാരലിന് 120-130 ഡോളർ ആയാൽ) എഥനോൾ ചേർത്ത പെട്രോൾ വലിയ ലാഭകരമാകും. അങ്ങനെയൊരു സാഹചര്യം വന്നാൽ സാധാരണ പെട്രോളിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ഇ20 പെട്രോൾ നിർമ്മിക്കാൻ സാധിക്കും.
ജനങ്ങൾക്ക് ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? പെട്രോൾ വില പെട്ടെന്ന് കുറയില്ലെങ്കിലും, ആഗോള പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ പെട്രോൾ വില കുത്തനെ കൂടാതെ ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്താൻ ഈ എഥനോൾ ബ്ലെൻഡിങ് സഹായിക്കുമെന്നാണ് സർക്കാർ പറയുന്നത്. ഒരു ലിറ്ററിന്റെ 20 ശതമാനവും ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കുന്നതുകൊണ്ട് അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം പൂർണ്ണമായി ബാധിക്കില്ല. പക്ഷെ വിലകുറയുന്ന സാഹചര്യത്തിൽ പെട്രോൾ വില കുറയുകയുമില്ല.
കേന്ദ്ര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2022 ജൂൺ മുതൽ 2026 ജൂൺ വരെയുള്ള നാല് വർഷത്തിനിടയിൽ ഡൽഹിയിൽ പെട്രോൾ വില വർദ്ധിച്ചത് വെറും 5.58 ശതമാനം മാത്രമാണ്. ഇതേ കാലയളവിൽ നമ്മുടെ അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ പെട്രോൾ വില വലിയ രീതിയിലാണ് ഉയർന്നത്. ഇന്ത്യയ്ക്ക് ഈ പ്രതിരോധം സാധ്യമായത് എഥനോൾ ചേർത്തതുകൊണ്ടാണെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഇതുവരെ ഈ പദ്ധതിയിലൂടെ വലിയ നേട്ടങ്ങൾ ഉണ്ടായതായാണ് കേന്ദ്ര സർക്കാർ പറയുന്നത്.