Select Location
All Locations
State
Region
City / District
വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 പേർ മരിച്ചു

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 പേർ മരിച്ചു

വിയറ്റ്‌നാമിലെ ഫൂ ക്വോക്ക് ദ്വീപിന് സമീപം ശനിയാഴ്ച വിനോദസഞ്ചാര ബോട്ട് മുങ്ങി 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചു. അപകടത്തെത്തുടർന്ന് പ്രാദേശിക ഭരണകൂടം വിപുലമായ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. ഫൂ ക്വോക്കിന് സമീപമുള്ള ഹോൺ മേ റൂട്ട് എൻഗോയ് ദ്വീപിനടുത്തുവെച്ച് കടൽക്ഷോഭം കാരണം ബോട്ട് തലകീഴായി മറിയുകയായിരുന്നു. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മൂന്ന് ജീവനക്കാരും ഒരു സഹായിയും ഉൾപ്പെടെ 21 പേരെ രക്ഷപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞു. സഹായത്തിനായി ഹോ ചി മിൻ സിറ്റിയിലും ഹനോയിയിലും അടിയന്തര ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചതായും സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു. 32 ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് ഹോൺ മേ റൂട്ട് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പോകുന്നതിനിടെയാണ് തീരത്ത് നിന്ന് 400 മീറ്റർ അകലെ വെച്ച് മറിഞ്ഞതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സമയത്ത് പ്രദേശത്ത് കടുത്ത കടൽക്ഷോഭമുണ്ടായിരുന്നു. വിവരമറിഞ്ഞ് പ്രാദേശിക അധികാരികൾ ഉടൻ തന്നെ സംഭവസ്ഥലത്തേക്കെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

2025 ജൂലൈയിൽ ഹാ ലോങ് ബേയിൽ പെട്ടെന്നുണ്ടായ ഇടിമിന്നലിൽ പെട്ട് 20 കുട്ടികൾ ഉൾപ്പെടെ 48 പേരുമായി പോയ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 39 യാത്രക്കാർ മരിച്ചിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ വിയറ്റ്‌നാമിലുണ്ടായ ഏറ്റവും വലിയ ബോട്ട് അപകടമായിരുന്നു ഇത്.


News18Kerala 1 hour ago
Home Flash News