അപോയിന്റ്മെന്റ് എടുക്കണം, പണം കയ്യിൽ കരുതണം: യുഎഇയിലെ ഇന്ത്യക്കാരുടെ പാസ്‌പോർട്ട്, വീസ സേവനങ്ങൾക്ക് പുതിയ മാർഗനിർദേശം
അബുദാബി/ദുബായ്∙ യുഎഇയിലെ ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും പാസ്‌പോർട്ട്, വീസ, സാക്ഷ്യപ്പെടുത്തൽ (അറ്റസ്റ്റേഷൻ) സേവനങ്ങൾ തേടുന്നവർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. അഡ്മിനിസ്ട്രേറ്റീവ് കാരണങ്ങളാൽ ഈ സേവനങ്ങൾ ഇനി മുതൽ പൂർണമായും മുൻകൂട്ടിയുള്ള അപോയിന്റ്മെന്റ് അടിസ്ഥാനത്തിലായിരിക്കും ലഭ്യമാക്കുകയെന്ന് അധികൃതർ അറിയിച്ചു. അപേക്ഷകർക്ക് ബുക്കിങ് നടത്തുന്നതിനായി പ്രത്യേക പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്.
ബുക്കിങ് പോർട്ടലായ book.passportindiauae.com വഴി അപേക്ഷകർക്ക് തീയതിയും സമയവും മുൻകൂട്ടി നിശ്ചയിക്കാം. ഓരോ ദിവസത്തെയും സേവനങ്ങൾക്കുള്ള അപോയിന്റ്മെന്റ് തലേദിവസം രാത്രി 8ന് പോർട്ടലിൽ ലഭ്യമാകും. മുൻകൂട്ടി അപോയിന്റ്മെന്റ് എടുത്തവർക്ക് നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ ഓഫീസിലേക്ക് പ്രവേശനം അനുവദിക്കൂ. തിരക്ക് ഒഴിവാക്കുന്നതിനായി അപേക്ഷകന് മാത്രമായിരിക്കും പ്രവേശനം. എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അപേക്ഷകൾക്ക് മാതാപിതാക്കൾ രണ്ടുപേരും ഒപ്പമുണ്ടാകണം.
ദുബായ് കോൺസുലേറ്റിൽ പാസ്‌പോർട്ട്, വീസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കും നേരിട്ടെത്തി അപേക്ഷിക്കുന്ന (വാക്ക്-ഇൻ) രീതി അനുവദിക്കില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കോൺസുലേറ്റിലേക്കുള്ള പ്രവേശനം ഒന്നാം നമ്പർ കവാടത്തിലൂടെ മാത്രമായിരിക്കും. അതേസമയം, അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ പരിമിതമായ തോതിൽ വാക്ക്-ഇൻ സേവനങ്ങൾ ലഭ്യമായിരിക്കും. രാവിലെ 9 മുതൽ 11 വരെ ലഭ്യമാകുന്ന ഈ സൗകര്യത്തിൽ പുതുതായി ജനിച്ച കുട്ടികളുടെ അപേക്ഷകൾക്കും എമർജൻസി സർട്ടിഫിക്കറ്റുകൾക്കുമായിരിക്കും മുൻഗണന ലഭിക്കുക.
അബുദാബി എംബസിയിൽ അപേക്ഷ സമർപ്പിക്കാൻ എത്തുന്നവർ അൽ സഫാറാത്ത് സ്ട്രീറ്റിലുള്ള പ്രധാന കവാടത്തിലൂടെ വേണം പ്രവേശിക്കാൻ. രേഖകളുടെ ഡെലിവറി ഉൾപ്പെടെയുള്ള മറ്റ് അന്വേഷണങ്ങൾക്കായി അബുദാബി അൽ ഇഷിറാത്ത് സ്ട്രീറ്റിലെ ഗാർഡിയൻ ടവറിൽ (ടെക്നിപ് ബിൽഡിങ്) ഒന്നാം നിലയിലുള്ള കോൺസുലർ വിങ്ങിനെയാണ് സമീപിക്കേണ്ടത്. അപേക്ഷകർ പൂർണമായി പൂരിപ്പിച്ച അപേക്ഷാ ഫോമും അനുബന്ധ രേഖകളും കരുതേണ്ടതുണ്ട്. പാസ്‌പോർട്ട് അപേക്ഷകൾ mportal.passportindia.gov.in/mission/ എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി പൂരിപ്പിക്കാം. ചിത്രങ്ങളും ഒപ്പും അനുബന്ധ രേഖകളും കൃത്യമായ നിർദേശങ്ങൾ പാലിച്ച് അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കണം. ഒപ്പും വിരലടയാളവും വ്യക്തമായ വെള്ള പശ്ചാത്തലത്തിൽ വേണം അപ്‌ലോഡ് ചെയ്യാൻ. സേവനങ്ങൾക്കുള്ള ഫീസ് പണമായി (കാഷ്) മാത്രമേ സ്വീകരിക്കുകയുള്ളൂ. കൃത്യമായ തുക തന്നെ കയ്യിൽ കരുതാൻ അപേക്ഷകർ ശ്രദ്ധിക്കണം. പുതിയ പാസ്‌പോർട്ട് നിരക്കുകൾ പ്രാബല്യത്തിൽ വന്നതായും അധികൃതർ അറിയിച്ചു.
നേരത്തെ യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വീസ സേവനങ്ങൾ നൽകിയിരുന്ന ബിഎൽഎസ് ഏജൻസിയെ പരാതികളെ തുടർന്ന് ഒഴിവാക്കുകയും ടെണ്ടർ ക്ഷണിച്ച് നടത്തിയ തിരഞ്ഞെടുപ്പിൽ അൽ ഹിന്ദ് ട്രാവൽസിന് സേവനാനുമതി ലഭിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇതിനെതിരെ ബിഎൽഎസ് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സേവനം പ്രതിസന്ധിയിലായത്. ഇതോടെ തൊഴിലാളികളടക്കമുള്ള പ്രവാസി ഇന്ത്യക്കാർ ആശങ്കയിലായിരുന്നു. ഈ വിഷയത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.