Select Location
All Locations
State
Region
City / District
ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

പത്തനംതിട്ട: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ആറന്മുള വിമാനത്താവളത്തിനായി രഹസ്യനീക്കം തുടങ്ങിയത് ഏബ്രഹാം കലമണ്ണിലിനായി അബിന്‍ വര്‍ക്കി എംഎല്‍എ നേതൃത്വത്തില്‍. വിമാനത്താവള മറവില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം കൊഴുപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. 2012ലെ ‘എമേര്‍ജിങ് കേരള’ പദ്ധതിയിലെ ചില നിര്‍ദേശങ്ങള്‍ക്കെതിരേ പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി രംഗത്തുവന്ന ജനപ്രതിനിധിയെന്ന് മേനി നടിക്കുന്ന വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഈ പരിസ്ഥിതി വിരുദ്ധ പദ്ധതിയുമായിറങ്ങിയത്. പദ്ധതിയുയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാട്ടി വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകന് അന്ന് ഗാന്ധിസേവാ സമാജ് പുരസ്‌കാരം സമ്മാനി ച്ചതും സതീശനായിരുന്നു. 

അതേ സതീശന്‍ സര്‍ക്കാരാണ് കലമണ്ണിലിനൊപ്പമുള്ളത്. എതിര്‍ ഗ്രൂപ്പിലെ കെ.സി. വേണുഗോപാലിന്റെയും പിന്തുണ ഇതിനുണ്ടെന്നതും കൗതുകകരമാണ്. പത്തനംതിട്ട കളക്ടറേറ്റില്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ വിമാനത്താവള പദ്ധതിയുടെ പഴയ ഫയലുകള്‍ തിരയുന്നത് ഒരു മാസമായി നടക്കുകയായിരുന്നു. ജില്ലാ സര്‍വേ ഓഫീസില്‍ നിന്ന് ആറന്മുള മിച്ചഭൂമി ഫയല്‍ അടിയന്തര പ്രാധാന്യത്തോടെ വരുത്തി എഡിഎം അതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്തത് ആരുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നത് അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു.ഇതിനിടെ മിച്ചഭൂമിയില്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമമാരംഭിച്ചു. വസ്തു ബ്രോക്കറായ ഒരു അഭിഭാഷകനാണ് ഇതിനായി പ്രവര്‍ത്തിച്ചത്. ആറന്മുളയില്‍ പ്രാദേശികമായി നിലനിന്ന എതിര്‍പ്പ് ശമിപ്പിക്കാനും ഇവര്‍ നീക്കം നടത്തി.

ആറന്മുള വിമാനത്താവള പദ്ധതി പൊക്കിയെടുക്കാന്‍ തെരഞ്ഞെടുപ്പിനു മുന്നേ തന്നെ ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തില്‍ ആലോചന തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പിനുശേഷം അബിന്‍ വര്‍ക്കിയും നീക്കം ശക്തമാക്കി. അതിന്റെ തുടര്‍ച്ചയായാണ് ഫയല്‍ തപ്പല്‍ യജ്ഞം തുടങ്ങിയതും.


Janmabhumi 2 hours ago
Home Flash News