Select Location
All Locations
State
Region
City / District
ബൈജു രവീന്ദ്രന് കനത്ത തിരിച്ചടി; ആറ് മാസത്തെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷ സിംഗപ്പൂർ ഹൈക്കോടതി തള്ളി

ബൈജു രവീന്ദ്രന് കനത്ത തിരിച്ചടി; ആറ് മാസത്തെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷ സിംഗപ്പൂർ ഹൈക്കോടതി തള്ളി

ബൈജൂസിന്റെ (Byju's) സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. സിവിൽ കോടതിയലക്ഷ്യക്കേസിൽ തനിക്ക് ലഭിച്ച ആറ് മാസത്തെ തടവുശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന (സ്റ്റേ ചെയ്യണം) അദ്ദേഹത്തിന്റെ അപേക്ഷ കോടതി തള്ളി. ഇതോടെ ബൈജു രവീന്ദ്രന് ഇതുവരെ ലഭിച്ചിരുന്ന താൽക്കാലിക നിയമസംരക്ഷണം ഇല്ലാതായി. മെയ് 25-ലെ കോടതിയലക്ഷ്യ വിധിക്കെതിരായ അപ്പീൽ നിലനിൽക്കെയാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന തീരുമാനം.

ബൈജൂസിന്റെ യു.എസ് സബ്സിഡിയറിയായ ബൈജൂസ് ആൽഫയിൽ നിന്ന് 533 മില്യൺ ഡോളർ (ഏകദേശം 4,400 കോടി രൂപ) കാണാതായതാണ് ഈ വൻ നിയമപോരാട്ടങ്ങൾക്ക് തുടക്കമിട്ടത്. ഈ പണം എവിടെയാണെന്നോ, അത് എങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടെന്നോ വ്യക്തമാക്കാൻ കമ്പനി പരാജയപ്പെട്ടുവെന്ന് വായ്പാദാതാക്കൾ ആരോപിക്കുന്നു. ഈ തുകയുമായി ബന്ധപ്പെട്ട് യു.എസ് കോടതികൾ നൽകിയ നിർദേശങ്ങൾ ബൈജു രവീന്ദ്രനും കമ്പനിയും ലംഘിച്ചുവെന്നും പണം ഒളിപ്പിക്കാൻ ശ്രമിച്ചുവെന്നും കാട്ടിയാണ് വായ്പാദാതാക്കൾ സിംഗപ്പൂർ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ പരാജയപ്പെടുകയും തുക സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തതിനെത്തുടർന്നാണ് സിംഗപ്പൂരിലെ കോടതി ബൈജു രവീന്ദ്രന് ആറുമാസത്തെ തടവുശിക്ഷ വിധിച്ചത്.

മെയ് 25-ലെ കോടതിയലക്ഷ്യ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അപേക്ഷ മാത്രമാണ് ജൂലൈ 9-ന് നടന്ന വാദത്തിൽ ഹൈക്കോടതി തള്ളിയതെന്നും, കോടതിയലക്ഷ്യ കണ്ടെത്തലിനെതിരായ പ്രധാന അപ്പീൽ ഇതല്ലെന്നും ബൈജു രവീന്ദ്രന്റെ നിയമസംഘം വ്യക്തമാക്കി. സിംഗപ്പൂർ അപ്പീൽ കോടതിയിൽ പ്രധാന അപ്പീൽ ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പ്രസ്താവനയിലൂടെ അറിയിച്ചു.

ഹൈക്കോടതി വിധി വന്നതോടെ, ഇനി അപ്പീൽ കോടതിയിൽ നിന്ന് അടിയന്തരമായി ഇടക്കാല ആശ്വാസം ലഭിച്ചാൽ മാത്രമേ ശിക്ഷാ നടപടികൾ ഔദ്യോഗികമായി നിർത്തിവെക്കാൻ സാധിക്കൂ. നിലവിൽ കോടതിയലക്ഷ്യ ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും, ഹൈക്കോടതിയുടെ ഈ ഉത്തരവ് വന്നതുകൊണ്ട് ഉടനടി പ്രായോഗികമായ വലിയ മാറ്റങ്ങളോ അറസ്റ്റ് നടപടികളോ ഉണ്ടാകില്ലെന്നാണ് ബൈജു രവീന്ദ്രന്റെ അഭിഭാഷകർ നൽകുന്ന സൂചന. ബൈജൂസുമായി ബന്ധപ്പെട്ട വിവിധ ആഗോള നിയമപോരാട്ടങ്ങൾക്കിടയിൽ സിംഗപ്പൂരിലെ ഈ വിധി ബൈജു രവീന്ദ്രന് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.


News18Kerala 1 hour ago
Home Flash News