ഫ്രാൻസ് 15 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കി;യൂറോപ്പിലാദ്യം
അമിതമായ ഓൺലൈൻ ഉപയോഗം കുട്ടികളിൽ സൃഷ്ടിക്കുന്ന ദോഷഫലങ്ങൾ നിയന്ത്രിക്കുന്നതിനായി കർശന നിയമവുമായി ഫ്രാൻസ്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്ന നിയമം പാസാക്കിയ ഫ്രാൻസ്തോ ഇത്തരത്തിൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്തുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി മാറി.
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ശക്തമായ പിന്തുണയുള്ള പുതിയ നിയമപ്രകാരം, 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ സാധിക്കില്ല. ഉപയോക്താക്കളുടെ പ്രായം നിർബന്ധമായും സ്ഥിരീകരിക്കുന്ന സംവിധാനങ്ങൾ ഏർപ്പെടുത്താൻ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾക്കും നിയമം നിർദേശം നൽകുന്നു. ചൊവ്വാഴ്ച ഫ്രഞ്ച് സെനറ്റ് അംഗീകരിച്ച നിയമം പിന്നീട് നാഷണൽ അസംബ്ലിയിൽ 279 അനുകൂല വോട്ടുകൾക്കും 81 എതിർവോട്ടുകൾക്കുമാണ് പാസായത്. ഇതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇത്രയും വ്യാപകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നായി ഫ്രാൻസ് മാറി.
കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുക, ഓൺലൈൻ ആശ്രിതത്വം കുറയ്ക്കുക, ഡിജിറ്റൽ ലോകത്തിലെ അപകടങ്ങളിൽ നിന്ന് പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കുക എന്നിവയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടികളുടെ സംരക്ഷണത്തിന് സുപ്രധാന ചുവടുവയ്പ്പെന്ന് മാക്രോൺ; സോഷ്യൽ മീഡിയ നിയന്ത്രണ നിയമത്തിന് പിന്തുണ ഓൺലൈൻ ലോകത്ത് കുട്ടികളെയും കൗമാരക്കാരെയും സംരക്ഷിക്കുന്നതിനുള്ള നടപടിക്ക് പാർലമെന്റ് അംഗീകാരം നൽകിയതിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്വാഗതം ചെയ്തു. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇത് സുപ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
"കുട്ടികളെയും കൗമാരക്കാരെയും സംരക്ഷിക്കുന്ന കാര്യത്തിൽ യൂറോപ്പിൽ ഫ്രാൻസ് മുന്നിൽ നിൽക്കുകയാണ്," നിയമത്തിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ മാക്രോൺ പറഞ്ഞു. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഭരണഘടനാ കൗൺസിലിന്റെ പരിശോധനയും അംഗീകാരവും ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. "ഭരണഘടനാ കൗൺസിൽ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളണം. അതിന് ശേഷം ഓൺലൈനിൽ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ നടപ്പാക്കാൻ കഴിയും," മാക്രോൺ വ്യക്തമാക്കി. ഫ്രാൻസിലെ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സെപ്റ്റംബർ 1 മുതൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് തന്റെ ലക്ഷ്യമെന്നും പ്രസിഡന്റ് അറിയിച്ചു.