‘വായടപ്പിക്കാമെന്ന് കരുതേണ്ട, പിന്നോട്ടില്ല’: പ്രതിഷേധം ശക്തമാക്കി സിജെപി; ഡൽഹിയിലെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചു
ന്യൂഡൽഹി∙ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാല്‍ സമരം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി സിജെപി വക്താവ് അഷുതോഷ് റാങ്ക. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിലേക്കു ദശലക്ഷക്കണക്കിന് ആളുകൾ ഒഴുകിയെത്തുമെന്നു റാങ്ക പറഞ്ഞു. വായടപ്പിക്കാമെന്നു കരുതേണ്ടെന്നും പിന്നോട്ടില്ലെന്നും റാങ്ക വാർത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
അതിനിടെ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചു. 16 മെട്രോ സ്റ്റേഷനുകൾ അടയ്ക്കുന്നതായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു.
സ്വമേധയാ കേസെടുക്കാനാവില്ലെന്ന് സുപ്രീംകോടതി സിജെപി പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ സ്വമേധയാ കേസെടുക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. വിഡിയോകൾ സമർപ്പിച്ച് കോടതിയുടെ സമയം പാഴാക്കരുതെന്നും മറ്റ് നിയമവഴികൾ തേടണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇത്തരം ആവശ്യങ്ങൾ എല്ലാവരുടെയും സമയം നഷ്ടപ്പെടുത്തുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജൂലൈ 20 ന് നടത്തിയ പ്രതിഷേധത്തിൽ സിജെപി പ്രവർത്തകരെ പൊലീസ് അതിക്രൂരമായാണ് മർദിച്ചതെന്നായിരുന്നു ഹർജി. ഇതിനെ സാധൂകരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ സമർപ്പിക്കാമെന്നും ഹർജിക്കാരൻ വ്യക്തമാക്കിയിരുന്നു. ഈ ഹർജിയിലാണ് കോടതി വിമർശനം.
നീറ്റ് പൂർണമായും നിർത്തലാക്കണം : ടിവികെ നീറ്റ് പരീക്ഷ പൂർണമായും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം. മെഡിക്കൽ വിദ്യാഭ്യാസത്തിന്മേൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകണമെന്നും ടിവികെ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിൽ ഘടനാപരമായ മാറ്റങ്ങൾ അനിവാര്യമാണ്. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ നിന്ന് വിദ്യാഭ്യാസത്തെ സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണമെന്നും ടിവികെ ആവശ്യപ്പെട്ടു. നേരത്തെയും നീറ്റ് പരീക്ഷ പൂർണമായി നിർത്തലാക്കണമെന്ന് ടിവികെ ആവശ്യപ്പെട്ടിരുന്നു.