Michael Olise | 34 കാരിയായ മുൻകാമുകി രംഗത്ത്; 24 വയസുള്ള ഒലീസ് 20 മാസമുള്ള മകളുടെ പിതാവെന്ന് യുവതി
ഫിഫയിൽ സ്‌പെയിൻ കപ്പടിച്ചുവെങ്കിലും കാൽപ്പന്തുകളിയുടെ ലോകത്തെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. ഫൈനലും കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ട വേളയിൽ, ഫ്രാൻസ് ദേശീയ ടീമിനൊപ്പം 2026 ഫിഫ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ബയേൺ മ്യൂണിക്ക് താരം മിഖായേൽ ഒലീസ് (Michael Olise) സ്വന്തം കുഞ്ഞിന്റെ സംരക്ഷണച്ചെലവ് സംബന്ധിച്ച നിയമനടപടികൾ നേരിടുന്നതായി റിപ്പോർട്ട്. ഒലീസ്, തന്റെ 20 മാസം പ്രായമുള്ള മകളുടെ പിതാവെന്ന് ജർമ്മൻ സ്വദേശിയായ യുവതി അവകാശപ്പെട്ടതിനെ തുടർന്നാണ് നടപടി
പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിനായി കളിച്ചിരുന്ന കാലയളവിലാണ് ഒലീസ് പരിചയപ്പെട്ടതെന്നും പിന്നീട് രണ്ട് വർഷത്തോളം പ്രണയബന്ധത്തിലായിരുന്നുവെന്നും 34-കാരിയായ ഫാത്തിമ സോൺബ്രിഷർ ജർമ്മൻ മാധ്യമമായ ‘ബിൽഡി’നോട് വെളിപ്പെടുത്തി. ബന്ധം അവസാനിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഗർഭിണിയെന്ന് മനസ്സിലാക്കിയതെന്നും സോൺബ്രിഷർ പറഞ്ഞു. കുട്ടിയുടെ പിതൃത്വവുമായി ബന്ധപ്പെട്ടും തുടർന്നുള്ള ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ടുമാണ് നിയമനടപടികൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ (തുടർന്ന് വായിക്കുക)
2024-ൽ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുന്നതിന് മുമ്പ്, 2021 മുതൽ 2024 വരെ ക്രിസ്റ്റൽ പാലസ് താരമായിരുന്നു മിഖായേൽ ഒലീസ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രകടനങ്ങൾക്ക് ശേഷമാണ് താരം ജർമ്മൻ ക്ലബിലേക്ക് മാറിയത്. മ്യൂണിക്കിൽ നടത്തിയ പിതൃത്വ പരിശോധനയിൽ ആലിയ നൂർ എന്ന കുട്ടിയുടെ പിതാവ് ഒലീസെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, മകളെ കാണാൻ താരം താൽപര്യം കാണിക്കുന്നില്ലെന്നും കുട്ടിയുടെ സംരക്ഷണച്ചെലവിനായി സാമ്പത്തിക സഹായം നൽകുന്നില്ലെന്നും ആരോപിച്ച് ഫാത്തിമ സോൺബ്രിഷർ രംഗത്തെത്തി
24കാരനായ ഒലീസിന്റെ അഭിഭാഷകർ ആദ്യം പ്രതിമാസം 836 യൂറോ (ഏകദേശം 91,000 രൂപ) നൽകാമെന്ന് വാഗ്ദാനം ചെയ്തതായും പിന്നീട് അത് 2,000 യൂറോയായി (ഏകദേശം 2.2 ലക്ഷം രൂപ) ഉയർത്തിയതായും സോൺബ്രിഷർ അവകാശപ്പെട്ടു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് യാതൊരു സാമ്പത്തിക സഹായവും ലഭിച്ചിട്ടില്ലെന്നും അവർ ആരോപിച്ചു. "സ്വന്തം കുട്ടിയോടുള്ള അദ്ദേഹത്തിന്റെ സമീപനം കാണുമ്പോൾ എനിക്ക് വേദന തോന്നുന്നു," എന്ന് ഫാത്തിമ സോൺബ്രിഷർ ജർമ്മൻ മാധ്യമമായ ‘ബിൽഡി’നോട് പ്രതികരിച്ചു. ഒലീസ് തന്നോട് നേരിട്ട് ആശയവിനിമയം നടത്താറില്ലെന്നും അഭിഭാഷകർ മുഖേന മാത്രമാണ് ബന്ധപ്പെടുന്നതെന്നും അവർ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട ഒരു അഭിഭാഷകൻ മകൾക്കായി ഉപയോഗിച്ച വസ്ത്രങ്ങൾ പോലും വാങ്ങാൻ നിർദേശിച്ചിരുന്നുവെന്നും സോൺബ്രിഷർ വെളിപ്പെടുത്തി
അതേസമയം, സോൺബ്രിഷർ ഉന്നയിച്ച ആരോപണങ്ങൾ മിഖായേൽ ഒലീസിന്റെ നിയമസംഘം നിഷേധിച്ചു. തുടക്കം മുതൽ തന്നെ കുട്ടിയുടെ സംരക്ഷണച്ചെലവിനായി സാമ്പത്തിക സഹായം നൽകാൻ താരം തയാറായിരുന്നുവെന്നും പരസ്പര ധാരണയിലെത്താനുള്ള ശ്രമങ്ങൾക്ക് ഇപ്പോഴും സന്നദ്ധനാണെന്നും ഒലീസിന്റെ പ്രതിനിധികൾ അറിയിച്ചു. ഫ്രഞ്ച് കോടതികളിലൂടെ സോൺബ്രിഷർ പ്രതിമാസം 60,000 യൂറോ (ഏകദേശം 66 ലക്ഷം രൂപ) ആവശ്യപ്പെട്ടിരുന്നുവെന്നും താരത്തിന്റെ നിയമസംഘം അവകാശപ്പെട്ടു.
അതേസമയം, ഒലീസിന്റെ കരിയറിലെ നിർണായക ഘട്ടത്തിലാണ് ഈ നിയമവിവാദം പുറത്തുവന്നിരിക്കുന്നത്. 24-കാരനായ താരം ഫ്രാൻസ് ദേശീയ ടീമിനായി മികച്ച പ്രകടനമാണ് അടുത്തിടെ കാഴ്ചവച്ചത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളിന് വഴിയൊരുക്കിയ (അസിസ്റ്റ്) താരങ്ങളിൽ ഒരാളായ ഒലീസിന്റെ പ്രകടനം റയൽ മാഡ്രിഡ് ഉൾപ്പെടെയുള്ള പ്രമുഖ ക്ലബ്ബുകളുടെ ശ്രദ്ധ ആകർഷിച്ചതായും റിപ്പോർട്ടുകളുണ്ട്. ഒലീസിന് റയൽ മാഡ്രിഡിലേക്ക് മാറാൻ താൽപര്യമുണ്ടെന്ന റിപ്പോർട്ടുകളും സ്പാനിഷ്, ഫ്രഞ്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ബയേൺ മ്യൂണിക്കിലെ താരത്തിന്റെ പ്രാധാന്യവും ക്ലബ്ബിന്റെ പദ്ധതികളിലെ സ്ഥാനവും കണക്കിലെടുക്കുമ്പോൾ ഈ നീക്കം എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ