സാധാരണക്കാരനെ കേൾക്കാൻ നീതിന്യായ വ്യവസ്ഥ സമയം കണ്ടെത്തിയിരുന്ന കാലമുണ്ടായിരുന്നു; ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെ വിമർശിച്ച് പി രാജീവ്
ദില്ലിയിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിൽ ഇടപെടൽ ആവശ്യപ്പെട്ട അഭിഭാഷകനോട് തങ്ങളുടെ സമയം കളയരുതെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെ വിമർശിച്ച് മുൻമന്ത്രി പി രാജീവ്. സാധാരണക്കാരുടെ പോസ്റ്റ്കാർഡുകൾ പോലും വായിച്ചുനോക്കാനും, ജനങ്ങളുടെ യഥാർത്ഥ പരാതികൾ സ്വമേധയാ റിട്ട് ഹർജികളായി സ്വീകരിക്കാനും നമ്മുടെ നീതിന്യായ വ്യവസ്ഥ സമയം കണ്ടെത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് പി.എൻ ഭഗവതി, ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ എന്നിവരുടെ കാലഘട്ടം പൊതുതാൽപ്പര്യ ഹർജികളുടെ സുവർണ്ണ യുഗമായിരുന്നെന്നും രാജീവ് പറഞ്ഞു.
ദില്ലിയിലെ സമരത്തിന്റെ ദൃശ്യങ്ങൾ കാണിക്കാൻ ഒരുങ്ങിയപ്പോൾ തങ്ങളുടെ സമയം കളയരുതെന്നും വീഡിയോകൾ കാണാൻ താല്പര്യമില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ പ്രതികരണം. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന് മുന്നിലായിരുന്നു അഭിഭാഷകൻ ഈ വിഷയം അവതരിപ്പിച്ചത്.പൊലീസ് വലിയ ക്രൂരതയാണ് കാണിക്കുന്നതെന്ന് പറഞ്ഞ അഭിഭാഷകനോട് ഞങ്ങളുടെ സമയവും നിങ്ങളുടെ സമയവും കളയരുതെന്നായിരുന്നു സൂര്യകാന്ത് പറഞ്ഞത്.