Select Location
All Locations
State
Region
City / District
അപകീർത്തി ഉണ്ടാക്കുന്ന ഡീപ്ഫേക് ഉള്ളടക്കങ്ങൾ; മെറ്റ, എക്സ്, ഗൂഗിൾ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കോടതിയിൽ

അപകീർത്തി ഉണ്ടാക്കുന്ന ഡീപ്ഫേക് ഉള്ളടക്കങ്ങൾ; മെറ്റ, എക്സ്, ഗൂഗിൾ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കോടതിയിൽ

സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പോസ്റ്റുകളും ഡീപ്ഫേക് ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഗൂഗിൾ, എക്സ്, മെറ്റ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കെതിരെ സിവില്‍ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിക്ക് ബോംബെ ഹൈക്കോടതി അനുമതി നൽകി. ജസ്റ്റിസ് അഭയ് അഹൂജ അടങ്ങിയ ബെഞ്ചാണ് അനുമതി നൽകിയത്.

കേന്ദ്ര സർക്കാരിന്റെ ഇ20 (20 ശതമാനം എഥനോൾ ബ്ലെൻഡഡ് പെട്രോൾ) നയത്തിൽ നിന്ന് തനിക്കും കുടുംബത്തിനും സാമ്പത്തിക നേട്ടമുണ്ടായെന്ന് തെറ്റായതും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചതായി ഗഡ്കരി ഹർജിയിൽ ആരോപിച്ചു. എഥനോൾ ബ്ലെൻഡിംഗ് നയം കൈകാര്യം ചെയ്യുന്നത് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയമാണ്, അല്ലാതെ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമല്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയും അനുമതിയില്ലാതെ തന്റെ മുഖവും ശബ്ദവും എഐ സാങ്കേതികവിദ്യയിലൂടെ ദുരുപയോഗം ചെയ്യുന്നത് വിലക്കണമെന്നും സിവില്‍ സ്യൂട്ടിലൂടെ ഗഡ്കരി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ഉള്ളടക്കങ്ങൾ തന്റെ സൽപ്പേരിനും പൊതുസമൂഹത്തിലെ പ്രതിച്ഛായയ്ക്കും കനത്തതും പരിഹരിക്കാനാകാത്തതുമായ ആഘാതം ഉണ്ടാക്കിയതായി കേന്ദ്രമന്ത്രി അവകാശപ്പെട്ടു. ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെ മെറ്റ, എക്സ്, ഗൂഗിൾ എന്നിവർക്കെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകാൻ ഗഡ്കരിക്ക് സാധിക്കും.

രാജ്യത്ത് എഥനോൾ മിശ്രിത പരിപാടി ഗണ്യമായി വിപുലീകരിച്ച പശ്ചാത്തലത്തിലാണ് ഗഡ്കരിക്കെതിരെ സൈബർ ആക്രമണം ഉണ്ടായത്. ഇ20 പെട്രോൾ വ്യാപകമായതിനെത്തുടർന്ന് വാഹനങ്ങളുടെ മൈലേജ് കുറഞ്ഞതായി ചിലർ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇന്ധനത്തെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും വാഹനങ്ങളിലെ തകരാറുകൾക്ക് എഥനോളിനെ മാത്രം കുറ്റപ്പെടുത്തരുതെന്നും ഗഡ്കരിയും കേന്ദ്രസർക്കാരും ഇതിന് മറുപടിയായി വ്യക്തമാക്കിയിരുന്നു. ഊർജ്ജ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് ഈ നയത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


News18Kerala 1 hour ago
Home Flash News