തൃശ്ശൂരിലെ പുലികളിക്ക് കേന്ദ്രധനസഹായം; ഔദ്യോഗിക ഉത്തരവായെന്ന് മന്ത്രി സുരേഷ് ഗോപി
തൃശൂരിന്റെ സാംസ്കാരിക പെരുമ കണക്കിലെടുത്ത് ഇതൊരു പ്രത്യേക കേസായി പരിഗണിച്ചാണ് കേന്ദ്ര സർക്കാരിൽ നിന്ന് തുക ലഭ്യമാക്കിയത്
തൃശൂരിന്റെ തനത് കലാരൂപമായ പുലിക്കളി സംഘങ്ങൾക്കായുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ചതായി അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നടപടിക്രമങ്ങളിലെ തടസ്സങ്ങൾ കാരണം ഫണ്ട് വൈകിയെങ്കിലും, തൃശൂരിന്റെ സാംസ്കാരിക പെരുമ കണക്കിലെടുത്ത് ഇതൊരു പ്രത്യേക കേസായി പരിഗണിച്ചാണ് കേന്ദ്ര സർക്കാരിൽ നിന്ന് തുക ലഭ്യമാക്കിയത്. ഭാവിയിൽ കർശന മാനദണ്ഡങ്ങൾ പാലിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് പൂർണ്ണമായി അനുവദിച്ചിരിക്കുന്നത്. ഈ ഓണക്കാലത്ത് പുലിക്കളിയുടെ വർണ്ണപ്പൊലിമ കൂട്ടാൻ ഈ തുക വലിയ കരുത്താകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ലോകപ്രസിദ്ധമായ നമ്മുടെ പുലിക്കളി സംഘങ്ങൾക്കായുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ച് ഉത്തരവായിരിക്കുന്നു!
മാർഗ്ഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കപ്പെടാത്തത് കാരണം ഫണ്ട് ലഭിക്കുന്നത് വൈകിയിരുന്നെങ്കിലും, തൃശൂരിന്റെ സാംസ്കാരിക പെരുമയ്ക്കും ഈ കലാരൂപത്തിനും ഒരു തടസ്സവും വരാൻ പാടില്ല എന്ന ആഗ്രഹത്തോടെ, ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭ്യമാക്കുകയായിരുന്നു.
ഭാവിയിൽ ഇത്തരം പദ്ധതികളിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഉറപ്പിന്റെയും അണ്ടർടേക്കിങ്ങിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണ്ട് പൂർണ്ണമായി അനുവദിച്ചിരിക്കുന്നത്.