Select Location
All Locations
State
Region
City / District
ഇറാന്‍ പ്രസിഡന്റിന് പോലും കാണാന്‍ പ്രയാസം; ഛായമടിച്ച കാറില്‍ ശബ്ദം മാത്രം, മുജ്തബയ്ക്ക് വന്‍ സുരക്ഷ

യുദ്ധം കൊടുമ്പിരി കൊണ്ട വേളയിലും ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ അലി ഖാംനഇയെ ലോകം കണ്ടിട്ടില്ല. യുദ്ധം തുടങ്ങുന്നതിന് മുമ്പും അദ്ദേഹം ഇടയ്ക്ക് മാത്രമാണ് മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുള്ളത്. പിതാവ് അലി ഖാംനഇ കൊല്ലപ്പെട്ട ശേഷം തിരഞ്ഞെടുക്കപ്പെട്ടതാണ് മകന്‍ മുജ്തബയെ. എന്നാല്‍ മുജ്തബയെ അധികമാരും കണ്ടിട്ടില്ല. അദ്ദേഹം അതീവ സുരക്ഷയില്‍ രഹസ്യ കേന്ദ്രത്തില്‍ കഴിയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിലാണ് അലി ഖാംനഇ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യയും കൊച്ചുമകളുമെല്ലാം കൊല്ലപ്പെട്ട ഈ സംഭവത്തില്‍ മുജ്തബയ്ക്ക് സാരമായ പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് ശേഷം അദ്ദേഹത്തെ പരമോന്നത നേതാവായി തിരഞ്ഞെടുത്തെങ്കിലും സൈന്യത്തിലെ ഉന്നതര്‍ ഒഴികെ ഇതുവരെ മറ്റാരും കണ്ടിട്ടില്ല. പിതാവിന്റെ ഖബറടക്ക ചടങ്ങിലും മുജ്തബ എത്തിയില്ല.
അടുത്തിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യവയായ സംഘടനയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. പരമോന്നത നേതാവ് മുജ്തബയുമായി രണ്ടര മണിക്കൂര്‍ ചര്‍ച്ച നടത്തി എന്ന് ഈ യോഗത്തില്‍ പ്രസിഡന്റ് പറഞ്ഞിരുന്നു. കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് പൂര്‍ണമായും ശരിയായിരുന്നില്ല എന്നാണ് ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രസിഡന്റും പരമോന്നത നേതാവും തമ്മിലുള്ള കൂടിക്കാഴ്ച മിനുട്ടുകള്‍ മാത്രമായിരുന്നു. പെസഷ്‌കിയാന്‍ പലതവണ ആവശ്യപ്പെട്ടപ്പോഴാണ് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയത്. രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയപ്പോഴാണ് അനുമതി കിട്ടിയത്. പരമോന്നത നേതാവിന്റെ വസതിയില്‍ വച്ചായിരുന്നില്ല കൂടിക്കാഴ്ച. അജ്ഞാത സ്ഥലത്തേക്ക് പ്രസിഡന്റിനെ കൊണ്ടുപോകുകയായിരുന്നു... എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.
പെസഷ്‌കിയാന്റെ സുരക്ഷാ വിഭാഗം രഹസ്യ കേന്ദ്രത്തില്‍ അദ്ദേഹത്തെ എത്തിക്കുകയായിരുന്നുവത്രെ. പിന്നീട് ഒരു കാറില്‍ കയറ്റി കൊണ്ടുപോയി. ഛായമടിച്ച കാറിലായിരുന്നു യാത്ര. മുജ്തബ കാറിന് അകത്തുണ്ടായിരുന്നു. പരസ്പരം കാണാന്‍ പോലും പറ്റാത്ത രീതിയിലായിരുന്നു കാറിന്റെ അകം. പ്രസിഡന്റ് ശബ്ദം മാത്രമാണ് കേട്ടത്. കൈ കൊടുക്കാന്‍ പോലും അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


One India Malayalam 1 hour ago
Home Flash News