അനലോഗ് പനീർ സുരക്ഷിതമാണോ? ചില സംസ്ഥാനങ്ങൾ ഇത് നിരോധിച്ചത് എന്തുകൊണ്ട്?
യഥാർത്ഥ പനീറിന് പകരം കൃത്രിമമായി നിർമിക്കുന്ന ഒരു നോൺ-ഡയറി ഉത്പന്നമാണ് 'അനലോഗ് പനീർ'. ഇതിന്റെ നിർമ്മാണം, വിതരണം, സംഭരണം, വിൽപ്പന എന്നിവ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ നിലവിൽ നിരോധിച്ചിരിക്കുകയാണ്. ലംഘിക്കുന്നവർക്ക് തടവുശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്നു
എന്താണ് അനലോഗ് പനീർ?- പാൽ തിളപ്പിച്ച് പിരിച്ചെടുക്കുന്നതാണ് യഥാർത്ഥ പനീർ. എന്നാൽ പാലിന് പകരം വിലകുറഞ്ഞ പാം ഓയിൽ അല്ലെങ്കിൽ വെജിറ്റബിൾ ഓയിലുകൾ, സ്റ്റാർച്ച്, സ്കിംഡ് മിൽക്ക് പൗഡർ, ഇമൾസിഫയറുകൾ, വെള്ളം എന്നിവ ചേർത്താണ് അനലോഗ് പനീർ ഉണ്ടാക്കുന്നത്. ഇത് കാണാനും തൊട്ടുനോക്കാനും യഥാർത്ഥ പനീർ പോലെയാണെങ്കിലും ചെലവ് വളരെ കുറവാണ്.
ഇത് വിൽക്കാൻ അനുമതിയുണ്ടോ?- എഫ്.എസ്.എസ്.എ.ഐ (FSSAI) നിയമപ്രകാരം ഇത് ഒരു "ഫോർമുലേറ്റഡ് ഫുഡ്" ആയി തരംതിരിച്ചിട്ടുണ്ട്. പാക്കറ്റിന് മുകളിൽ "Analogue Paneer" എന്ന് വ്യക്തമായി രേഖപ്പെടുത്തി വിൽക്കുന്നത് കേന്ദ്ര നിയമപ്രകാരം കുറ്റകരമല്ല.
ഇത് കഴിക്കുന്നത് സുരക്ഷിതമാണോ?- ഭക്ഷ്യയോഗ്യമായ ചേരുവകൾ ഉപയോഗിച്ച് കൃത്യമായ മാനദണ്ഡങ്ങളോടെ ഉണ്ടാക്കുന്ന അനലോഗ് പനീർ വിഷമയമല്ല. എങ്കിലും, ഇതിൽ പാം ഓയിൽ അടങ്ങിയിരിക്കുന്നതിനാൽ സാച്യുറേറ്റഡ് ഫാറ്റുകൾ കൂടുതലാണ്. കൂടാതെ യഥാർത്ഥ പനീറിലുള്ള ഉയർന്ന പ്രോട്ടീൻ, കാൽസ്യം, വിറ്റാമിനുകൾ എന്നിവ ഇവയിലൂടെ ലഭിക്കില്ല.
സംസ്ഥാനങ്ങൾ ഇത് നിരോധിക്കുന്നത് എന്തുകൊണ്ട്? അനലോഗ് പനീർ നിർമ്മിച്ച് വിൽക്കുന്നത് നിയമപരമാണെങ്കിലും, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ എന്നിവടങ്ങളിൽ യഥാർത്ഥ പനീറിന് പകരം ഉപഭോക്താക്കളെ അറിയിക്കാതെ അനലോഗ് പനീർ നൽകുന്നത് വർധിച്ചുവരുന്നു. ഇത് ഉപഭോക്താക്കളെ വഞ്ചിക്കലാണ്. ഇത്തരം തട്ടിപ്പുകൾ തടയാൻ കർശന പരിശോധനകൾ പ്രായോഗികമല്ലാത്തതിനാലാണ് ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിന്റെ നിർമ്മാണവും വിൽപ്പനയും പൂർണമായി നിരോധിച്ചത്.
വ്യാജ പനീർ എങ്ങനെ തിരിച്ചറിയാം?- വാങ്ങി ഉപയോഗിക്കുമ്പോൾ ചേരുവകളുടെ പട്ടികയിൽ "Vegetable oil", "Palm oil", "Analogue" എന്നിവ ഉണ്ടോ എന്ന് പരിശോധിക്കുക.
യഥാർത്ഥ പനീർ മൃദുവായതും കഷ്ണങ്ങളാക്കുമ്പോൾ പൊടിയുന്നതുമായിരിക്കും. അനലോഗ് പനീർ റബ്ബർ പോലെ ഇരിക്കുകയും ചൂടാക്കുമ്പോൾ എണ്ണ തെളിയുകയും ചെയ്യും.
അയോഡിൻ ടെസ്റ്റ്: പനീർ വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് കുറച്ച് തുള്ളി അയോഡിൻ ഒഴിച്ച് നോക്കുക; നിറം നീലയായി മാറിയാൽ അതിൽ സ്റ്റാർച്ച് അടങ്ങിയ അനലോഗ് പനീറാണെന്ന് മനസ്സിലാക്കാം.