രാജ്യത്ത് വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായ 2026 ലെ നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ ഡൽഹി റൗസ് അവന്യൂ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ചോദ്യപേപ്പർ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (എൻ.ടി.എ) മൂന്ന് വിഷയ വിദഗ്ധർ എങ്ങനെയാണ് ചോദ്യങ്ങൾ ചോർത്തിയത് എന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് 94 പേജുള്ള സിബിഐ രേഖയിലുള്ളത്. പി.വി. കുൽക്കർണി (രസതന്ത്രം), മനീഷ മന്ധാരെ (സസ്യശാസ്ത്രം), മനീഷ ഹവൽദാർ (ഭൗതികശാസ്ത്രം) എന്നിവരാണ് ചോദ്യപേപ്പർ ചോർച്ചയുടെ പ്രധാന സ്രോതസ്സുകളെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. എൻ.ടി.എയുടെ രഹസ്യ വിഭാഗത്തിൽ മോഡറേഷൻ പ്രക്രിയ നടക്കുന്നതിനിടയിൽ ഇവർ ചോദ്യങ്ങൾ ചിറ്റുകളിലേക്ക് പകർത്തുകയും എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളിൽ പ്രസക്തമായ ഖണ്ഡികകൾ അടയാളപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കാനാണ് പ്രതികൾ ഈ രീതി തിരഞ്ഞെടുത്തത്. ലളിതമായ ചോദ്യങ്ങൾ മനഃപാഠമാക്കുകയും, ദിവസാവസാനം ഹോട്ടൽ മുറിയിൽ വെച്ച് കടലാസിൽ എഴുതിവെക്കുകയുമാണ് ഇവർ ചെയ്തിരുന്നത്. വിശ്വസ്തരായ ഇടനിലക്കാരും പരിശീലന ശൃംഖലകളും വഴിയാണ് ഈ ചോദ്യങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിച്ചത്. സാമ്പത്തിക നേട്ടവും തങ്ങൾ നടത്തുന്ന ട്യൂഷൻ ക്ലാസുകളുടെ വിജയ നിരക്ക് കൂട്ടാനുമാണ് പ്രതികൾ ഈ കൃത്രിമം കാണിച്ചതെന്ന് സിബിഐ കണ്ടെത്തി. വിദ്യാർത്ഥികളോട് ചോർന്ന ചോദ്യങ്ങൾ കോച്ചിംഗ് സെഷനുകളിൽ കൈകൊണ്ട് എഴുതിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിൽ പ്രതികളുടെ കൈയക്ഷരത്തിലുള്ള കുറിപ്പുകൾ ഏജൻസി പിടിച്ചെടുത്തിട്ടുണ്ട്.
എൻ.ടി.എയിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകളും കുറ്റപത്രത്തിൽ എടുത്തുപറയുന്നുണ്ട്. എൻ.ടി.എയുടെ രഹസ്യ വിഭാഗത്തിൽ പ്രവർത്തിക്കുന്ന വിദഗ്ധർ പുറത്തേക്ക് പോകുമ്പോഴും അകത്തേക്ക് വരുമ്പോഴും കർശനമായ പരിശോധനകൾ നടത്തുന്നതിനുള്ള യാതൊരുവിധ സംവിധാനങ്ങളും അവിടെയുണ്ടായിരുന്നില്ല. ഉദാഹരണത്തിന്, പ്രതിയായ പി.വി. കുൽക്കർണി മൂന്ന് ദിവസങ്ങളിലായി മൂന്ന് സെറ്റ് ചോദ്യങ്ങളിലായി ആകെ 135 ചോദ്യങ്ങളുടെ ബാക്ക്-ട്രാൻസ്ലേഷൻ ജോലികൾ ഇത്തരത്തിൽ ചോർത്തി നൽകിയിട്ടുണ്ട്.
LIVE