Select Location
All Locations
State
Region
City / District
ഒരാൾ ഇറങ്ങുമ്പോൾ മറ്റേയാൾ കയറും, പിന്നെ മറ്റൊരാൾ; മൂന്നാം നമ്പറിൽ ഇന്ത്യയ്ക്ക് പരീക്ഷണ കാലം

രണ്ടുവർഷത്തോളമായി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ മൂന്നാം നമ്പർ പൊസിഷൻ റിവോൾവിങ് ഡോർ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വിമർശനം ഉയർന്നുകഴിഞ്ഞു. ഒരാൾ ഇറങ്ങുമ്പോൾ മറ്റൊരാൾ കയറും. പിന്നാലെ മറ്റൊരാൾ വരും. അപ്പോൾ നേരത്തേ കയറിയ ആൾ ഇറങ്ങും. ടീമിന്റെ ആസൂത്രണത്തിലെ അനിശ്ചിതത്വം ഇതിൽ കാണാം. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കാനിരിക്കേ, മൂന്നാം നമ്പറിൽ ആരാകും ബാറ്റുചെയ്യുകയെന്ന ചർച്ച ഉയർന്നുകഴിഞ്ഞു. 
ഡൗൺ ആകാത്ത വൺഡൗൺ
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുഴപ്പംപിടിച്ച ബാറ്റിങ് പൊസിഷനാണ് മൂന്നാമൻ അഥവാ വൺ ഡൗൺ. ചിലപ്പോൾ രണ്ടാമത്തെ പന്തിൽത്തന്നെ ക്രീസിലെത്തേണ്ടിവരും. ഓപ്പണർമാർ ഉറച്ചുനിന്നാൽ ചിലപ്പോൾ ഒന്നോ രണ്ടോ സെഷൻ കഴിഞ്ഞ് ഇറങ്ങിയാൽ മതിയാകും. അതായത്, കളിയുടെ സാഹചര്യമനുസരിച്ച് മൂന്നാമന്റെ ചുമതല മാറും. തുടക്കത്തിലേ ഓപ്പണറുടെ വിക്കറ്റ് നഷ്ടപ്പെട്ടാൽ ഇന്നിങ്‌സിന് അടിത്തറയിടാൻ കഴിയണം. തുടർന്ന് മധ്യനിരയെ കൂട്ടുപിടിച്ച് സ്‌കോർ കൺസോളിഡേറ്റ് (ശക്തിപ്പെടുത്തൽ) ചെയ്യണം. ചുരുക്കത്തിൽ ഇന്നിങ്‌സിന് ദിശാബോധം നൽകുന്നയാളാണ് മൂന്നാമൻ. ഒരു ടെസ്റ്റ് ടീമിന്റെ പ്രതീകമായും മൂന്നാമനെ വിശേഷിപ്പിക്കാറുണ്ട്. ഉദാഹരണം റിക്കി പോണ്ടിങ്. തുടക്കത്തിലേ ആക്രമിച്ചു കളിക്കുന്നവരാണ് ഓസ്‌ട്രേലിയക്കാർ. ടീം തകർച്ച നേരിട്ടാൽ പ്രത്യാക്രമണം നടത്തി മേൽക്കൈനേടാൻ ശ്രമിക്കും. രണ്ടിനും പോന്നയാളായിരുന്നു പോണ്ടിങ്. വിദേശപിച്ചുകളിലെ സ്വിങ്, സീം എന്നിവയെ മലപോലെനിന്ന് നേരിട്ട് ബൗളർമാരെ ക്ഷീണിതരാക്കി മധ്യനിരയ്ക്ക് കളി എളുപ്പമാക്കിക്കൊടുക്കുന്ന ജോലിയാണ് രാഹുൽ ദ്രാവിഡും ചേതേശ്വർ പൂജാരയും ഇന്ത്യക്കുവേണ്ടി ചെയ്തത്. കുമാർ സംഗക്കാര, കെയ്ൻ വില്യംസൺ, ഹാഷിം ആംല തുടങ്ങിയവരും ഈ പൊസിഷനിലെ വിഖ്യാത കളിക്കാരാണ്. 
പടിക്കലോ സുദർശനോ? 
രണ്ടുവർഷത്തോളമായി മൂന്നാംനമ്പറിലേക്ക് ആളെ കണ്ടെത്താനാകാതെ ഇന്ത്യ വിഷമിക്കുകയാണ്. പൂജാര വിരമിച്ചത് കഴിഞ്ഞവർഷമാണെങ്കിലും 2023 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലോടെ അദ്ദേഹത്തിന് ടീമിൽ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. തുടർച്ചയായ പരാജയങ്ങളും ഇഴയുന്ന ബാറ്റിങ്ങുമാണ് ഇതിനു കാരണമായത്. ആക്രമണോത്സുകത ടെസ്റ്റിന്റെയും ഭാഗമായപ്പോൾ ക്ലാസിക് ടെസ്റ്റ് ബാറ്ററായിരുന്ന ആ കളിക്കാരന്റെ കരിയറിന് വിരാമമായി.2024 ജൂലായിൽ ഗൗതം ഗംഭീർ കോച്ചായി ചുമതലയേറ്റശേഷം മൂന്നാം നമ്പറിൽ പരീക്ഷണങ്ങളുടെ കാലമായിരുന്നു. ഇതുവരെ പരീക്ഷിച്ചത് ഏഴുപേരെ. എന്നിട്ടും ആ പൊസിഷനിൽ ആളെ ഉറപ്പിക്കാനായിട്ടില്ല. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അടുത്തകാലത്തെ ദയനീയ പ്രകടനങ്ങൾക്ക് ഈ ആശയക്കുഴപ്പവും കാരണമാണ്. സ്‌പെഷ്യലിസ്റ്റ് ബാറ്റർ അല്ലാഞ്ഞിട്ടുകൂടി വാഷിങ്ടൺ സുന്ദറിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്നാം നമ്പറിൽ കളിപ്പിക്കുന്നതും ക്രിക്കറ്റ് പ്രേമികൾ ഞെട്ടലോടെ കണ്ടു. 


Mathrubhumi News 1 hour ago
Home Flash News