കാമുകൻ്റെ പ്രണയം നിയന്ത്രിച്ചത് എഐ! തട്ടിപ്പ് തിരിച്ചറിഞ്ഞ് യുവതി ബന്ധം വേർപെടുത്തി
പ്രണയബന്ധത്തിലെ ആശയവിനിമയങ്ങളും ഡേറ്റിംഗ് പ്ലാനുകളും തയാറാക്കാൻ എഐ ഏജന്റിനെ ഏൽപിച്ചതിനെ തുടർന്ന് കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ച് യുവതി. സാൻ ഫ്രാൻസിസ്കോ സ്വദേശിയായ യുവാവാണ് മെസ്സേജുകൾ അയക്കുന്നതിനും പ്രണയബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനും എഐ ഉപയോഗിച്ചത്.
ഡെലിയ ലസാരെസ്കു എന്ന എക്സ് ഉപയോക്താവാണ് തന്റെ സുഹൃത്തിന് നേരിട്ട അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ദിനംപ്രതിയുള്ള സുഖവിവരങ്ങൾ അന്വേഷിക്കൽ, പ്രഭാത സന്ദേശങ്ങൾ, തർക്കങ്ങൾ പരിഹരിക്കൽ, ഡിന്നർ ഡേറ്റ് പ്ലാനിംഗ് എന്നിവയെല്ലാം കാമുകൻ എഐ ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യുകയായിരുന്നുവെന്ന് യുവതി കണ്ടെത്തി. തന്നോട് കാണിച്ചിരുന്ന കരുതലും ശ്രദ്ധയും സാങ്കേതികവിദ്യ വഴി തയ്യാറാക്കിയതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവതി ബന്ധം വേർപെടുത്തിയത്.
സംഭവം എക്സിൽ പങ്കുവെക്കപ്പെട്ടതോടെ പ്രണയബന്ധങ്ങളിലെ എഐ ഉപയോഗത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. വ്യക്തിബന്ധങ്ങളിൽ എഐ ഏജന്റുകളെ ഉപയോഗിക്കുന്നത് വഞ്ചനയാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോൾ ജോലിത്തിരക്കുകൾക്കിടയിൽ സമയക്രമീകരണത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം.